ന്യൂദല്‍ഹി: പദ്മപുരസ്കാരങ്ങള്‍ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സമ്മാനിച്ചു. ചരിത്രകാരന് പ്രൊഫ. സി.ഐ. ഐസക് ഉള്‍പ്പെടെ 55 പേര് പുരസ്കാരം സ്വീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സി.ഐ. ഐസകിന്റെ ഭാര്യ ലിസിയമ്മ ഐസക്, മകള്‍ സൂര്യ സാറ ഐസക് എന്നിവരും ചടങ്ങിന് സാക്ഷി യാകാനെത്തി.
ചരിത്രപണ്ഡിതനും സാമൂഹ്യ പ്രവര്‍ത്തകനും അധ്യാപകനുമായ പ്രൊഫ. സി.ഐ. ഐസക്കിന് വിദ്യാഭ്യാസം ഗ്രന്ഥ രചന എന്നീ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് പദ്മശ്രീ പുരസ്ക്കാരം ലഭിച്ചത്. ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മശ്രീ 2023ല്‍ ലഭിച്ച നാല് മലയാളികളില്‍ ഒരാളാണ് കോട്ടയം സ്വദേശിയായ ഈ ചരിത്രാധ്യാപകന്‍. 1953ല്‍ കോട്ടയം ജില്ലയിലെ കറുകച്ചാലില്‍ ജനിച്ച ഐസക് ചങ്ങനാശേരി എന്‍എസ്എസ് ഹിന്ദു കോളജില്‍ ചരിത്രവിഭാഗത്തില്‍ തന്റെ പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് 1978ല്‍ കോട്ടയം സിഎംഎസ് കോളജില്‍ ചരിത്രവിഭാഗം പ്രൊഫസറായും, ഡിപ്പാര്‍ട്ടുമെന്റ് തലവനായും സേവനമനുഷ്ഠിച്ചു. ചരിത്രഗവേഷണത്തില്‍ 1995ല്‍ എം.ജി.യൂണിവേഴ്സിറ്റിയില്‍ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കി. 2008ല്‍ ചരിത്രവിഭാഗം മേധാവിയായി ജോലിയില്‍ നിന്ന് വിരമിച്ചു.2015 മുതല്‍ മാനവവിഭവശേഷി വികസന മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎച്ച്ആര്‍) അംഗമായി പ്രവര്‍ത്തിക്കുന്നു.സാമൂഹിക ശാസ്ത്രത്തിനുളള ദേശീയ വിദ്യാഭ്യാസ പരിഷ്കരണ കമ്മിറ്റിയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പഠനക്ാലത്ത് എബിവിപിയിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഡോ ഐസക്ക് ഭാരതീയ വിചാര കേന്ദ്രത്തിന്റെ തുടക്കം മുതല്‍ പ്രവര്‍ത്തനത്തില്‍ സജീവമാകുകയും വര്‍ക്കിങ് പ്രസിഡന്റായും വൈസ് പ്രസിഡന്റായും പ്രവര്‍ത്തിക്കുകയും ചെയ്തു.
ചരിത്രവുമായി ബന്ധപ്പെട്ട് ഒരുഡസന്‍ പുസ്തകങ്ങള്‍ രചിച്ചു. ‘ദി ഇവല്യൂഷന്‍ ഓഫ് ക്രിസ്റ്റ്യന്‍ ചര്‍ച്ച് ഇന്‍ ഇന്ത്യ’, ‘ഇന്റോ സെന്‍ട്രിക് വേഴ്സസ് യൂറോ സെന്‍ട്രിക് അപ്രോച്ചസ് ഇന്‍ ഇന്ത്യന്‍ നാഷണല്‍ ഹിസ്റ്ററി’ എന്നിവ അദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മലബാര്‍ കലാപത്തെക്കുറിച്ചുള്ള മുഖ്യധാരാ ചരിത്ര വിവരണങ്ങളെ അദ്ദേഹത്തിന്റെ കൃതികള്‍ ചോദ്യം ചെയ്തു. 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷിത്വം വരിച്ചവരെ ഉള്‍പ്പെടുത്തിയ ‘ഡിക്ഷ്ണറി ഓഫ് മാര്‍ട്ടിയേഴ്സി’ന്റെ അഞ്ചാം വാല്യത്തില്‍ നിന്ന് 387 കലാപകാരികളെ പുറത്താക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഇരുപത്തിയഞ്ച് ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തെള്ളകത്തെ ബ്ലാക്ക് ബെറി വില്ലയിലാണ് ഡോ. സി ഐ ഐസക്കും കുടുംബവും താമസിക്കുന്നത്. മലുകാവ് എച്ച്.ബി കോളേജ് റിട്ട പ്രൊഫ. ലിസിയമ്മയാണ് ഭാര്യ. മീരയും സൂര്യയും മക്കളും
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദ്ധ്യാത്മിക സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സേവന കലാരംഗത്തുള്ള പ്രമുഖരാണ് പുരസ്കാരം ഏറ്റുവാങ്ങിയതിലൂടെ ആദരിക്കപ്പെട്ടത്. മിക്കവരും പരമ്പരാഗത വേഷത്തിലാണ് പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായംസിങ്ങ് യാദവിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മവിഭൂഷണ് പുരസ്കാരം മകനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് എംഎല്‍എ ഏറ്റുവാങ്ങി.
ഗായിക വാണി ജയറാമിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ച പദ്മഭൂഷണ്‍ സഹോദരി ഉമാമണി ഏറ്റുവാങ്ങി. സംഗീത സംവിധായകന് എം.എം. കീരവാണി, നടി രവീണ ടണ്ഠന് തുടങ്ങി 47 പേര് പദ്മശ്രീ പുരസ്കാരം ഏറ്റുവാങ്ങി. മൂന്ന് പദ്മവിഭൂഷണ് പുരസ്കാരങ്ങളും അഞ്ച് പദ്മഭൂഷണ്‍ പുരസ്കാരങ്ങളും രാഷ്ട്രപതി സമ്മാനിച്ചു. മാര്‍ച്ച് 22ന് നടന്ന ചടങ്ങില്‍ 54 പദ്മപുരസ്കാരങ്ങള്‍ രാഷ്ട്രപതി സമ്മാ നിച്ചിരുന്നു.
പുരസ്കാരദാന ചടങ്ങിന് ശേഷം ന്യൂഡല്‍ഹിയിലെ സുഷമാ സ്വരാജ് ഭവനില്‍ കേന്ദ്ര ആഭ്യന്തര, മന്ത്രി അമിത്ഷാ ആതിഥേയത്വം വഹിച്ച വിരുന്നില്‍ ആഭ്യന്തര മന്ത്രിയും മറ്റ് കേന്ദ്രമന്ത്രിമാരും പദ്മപുരസ്ക്കാര ജേതാക്കളുമായി സംവദിച്ചു.
നാളെ രാവിലെ പദ്മ അവാര്‍ഡ് ജേതാക്കള്‍ ദേശീയ യുദ്ധസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അമൃത് ഉദ്യാനവും രാഷ്ട്രപതി ഭവനും പ്രധാനമന്ത്രി സംഗ്രഹാലയവും അവര്‍ സന്ദര്‍ശിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: