തിരുവനന്തപുരം: തീവ്രവാദികള്‍ വലത് കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷുടെ ജീവിത കഥ നാല് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത സഫാരി ചാനലില്‍ വിദ്വേഷ കമന്‍റുകളുടെ പെരുമഴ. ‘ജോസഫ് മാഷുടെ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും’ എന്നതുള്‍പ്പെടെയുള്ള കമന്‍റുകള്‍ ഇടമുറിയാതെ എത്തിയതോടെ സഫാരി ടിവിയുടെ യൂട്യൂബ് ചാനലിന്റെ കമന്‍റ് ബോക്സ് ഉടമ കൂടിയായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്ക് ഓഫ് ചെയ്യേണ്ടിവന്നു.
ഇസ്ലാമിന് അനകൂലമായ കമന്‍റുകളും അവര്‍ക്കെതിരായ കമന്‍റുകളും വന്നതോടെ കമന്‍റുകളുടെ നിലവാരവും മറ്റൊന്നായി. അതോടെ സമുദായ സ്പര്‍ദ്ധ വളര്‍ത്തേണ്ടെന്ന കരുതിയാണ് ആര്‍ക്കും കമന്‍റ് ഇടാന്‍ പറ്റാത്ത വിധം കമന്‍റ് ബോക്സ് ഓഫ് ചെയ്തതെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പ്രതികരിച്ചു.
സഫാരി ചാനലിനെ അഭിമുഖം:
സഫാരി ചാനലിന്റെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് നാല് എപ്പിസോഡില്‍ ജോസഫ് മാഷ് പഴയ ജീവിത കഥയുടെ കെട്ടഴിച്ചത്. കോളെജ് അധ്യാപകനായ അദ്ദേഹം ചോദ്യപ്പേപ്പര്‍ തയ്യാറാക്കവേ, ഒരു കഥയിലെ കഥാപാത്രത്തിന് മുഹമ്മദ് എന്ന പേരിടുകയും ചോദ്യം വിവാദമാവുകയും ചെയ്തതോടെ ഇസ്ലാമിക പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ജോസഫ് മാഷെ അറസ്റ്റ് ചെയ്തതും അദ്ദേഹം പഠിപ്പിച്ച കോളെജിന്റെ ഉടമസ്ഥരായ കത്തോലിക്ക സഭ അദ്ദേഹത്തെ കൈവിട്ടതും ജോലി നഷ്ടമായതും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഭാര്യ ആത്മഹത്യ ചെയ്തതും തീവ്രവാദികള്‍ അദ്ദേഹത്തിന്റെ രണ്ട് കൈപ്പത്തികളും വെട്ടിമാറ്റിയതും പിന്നീട് ചോദ്യപ്പേപ്പറിലെ ചോദ്യത്തില്‍ പ്രശ്നമില്ലെന്ന് ഹൈക്കോടതി വിധിവന്നതും ഉള്‍പ്പെടെയുള്ള ജോസഫ് മാഷുടെ പൊള്ളുന്ന ജീവിത കഥ.
പിന്നീട് ജോസഫ് മാഷിനും അത് പ്രസിദ്ധീകരിച്ച സഫാരി ചാനലിനും എതിരെ വിദ്വേഷകമന്‍റുകളുടെയും ഭീഷണികളുടെയും പെരുവെള്ളപ്പാച്ചിലായിരുന്നു. ജോസഫ് മാഷ് അഭിമുഖത്തില്‍ ഇസ്ലാമിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു കുറെ കമന്‍റുകള്‍. പല കമന്‍റുകളും ഫേക്ക് ഐഡിയില്‍ നിന്നുള്ളവ ആയിരുന്നു. ഉടനെ മറ്റൊരു കൂട്ടര്‍ ഇസ്ലാമിനെ അധിക്ഷേപിച്ചു കൊണ്ടും കമന്‍റ് ഇടാന്‍ തുടങ്ങി. ഇതോടെ ഒരു സമുദായസ്പര്‍ധയുടെ സ്ഥിതി കൈവന്നു. കാര്യങ്ങള്‍ കൈവിട്ടുപോവുകയാണെന്ന് സഫാരി ചാനലിനും സന്തോഷ് ജോര്‍ജ്ജ് കുളങ്ങരയ്‌ക്കും തോന്നി. അതോടെയാണ് കമന്‍റ് ഇടാന്‍ പറ്റാത്ത വിധം യൂട്യൂബ് ചാനലിന്റെ കമന്‍റ് ബോക്സ് പൂട്ടാന്‍ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തീരുമാനിച്ചത്. സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഇടം കൊടുക്കുന്ന കമന്‍റുകള്‍ വേണ്ടെന്ന് വേദനയോടെയാണ് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര തീരുമാനിച്ചത്.
അതിനിടയില്‍ സഫാരി ചാനലിന് നേരെ തീവ്രവാദി ആക്രമണം എന്നൊരു വാര്‍ത്തയും ചില സമൂഹമാധ്യമചാനലുകളില്‍ പ്രചരിക്കാനും തുടങ്ങി. ഇതോടെ പ്രതികരണവുമായി സന്തോഷ് ജോര്‍ജ്ജ് കുളങ്ങര എത്തി. * സഫാരി ടിവി ചാലനിന് നേരെ തീവ്രവാദി ആക്രമണം എന്നൊക്കെയുള്ള പേരില്‍ ചില വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിക്കുന്നതായി അറിയുന്നു. ശരിക്കും അങ്ങിനെ ഒരു സംഭവം ഒന്നും ഉണ്ടായിട്ടില്ല. സഫാരിയെ ആരും ആക്രമിച്ചിട്ടില്ല. സഫാരിയുടെ പരിപാടിയുടെ താഴെയുള്ള കമന്‍റുകളില്‍ സഫാരിയെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. ഒരു കമന്‍റും സഫാരിക്കെതിരെയും എനിക്കെതിരെയും ആരും ഇട്ടിട്ടില്ല. രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഒരു സ്പര്‍ധയുടെ സ്ഥലമായി സഫാരി പ്ലാറ്റ്ഫോം മാറാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് കമന്‍റ് ബോക്സ് ഓഫ് ചെയ്തത്. നിലവാരം കെട്ട കമന്‍റുകള്‍ വരുന്ന കമന്‍റ് ബോക് ഓഫ് ചെയ്യുക എന്നത് ഞങ്ങളുടെ പോളിസിയാണ്. “- സന്തോഷ് ജോര്‍ജ്ജ് കുളങ്ങര പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: