പാലക്കാട് : മധു വധക്കേസില്‍ ശിക്ഷ തൃപ്തികരമല്ലെന്നും മധുവിന് നീതി കിട്ടിയില്ലെന്നും മധുവിന്റെ അമ്മയും സഹോദരിയും.
മണ്ണാര്‍ക്കാട്ടെ പട്ടികജാതി പട്ടികവര്‍ഗ്ഗ കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. ഇനി മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ സഹായത്തോടെ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടും. കേസില്‍ കൂറുമാറിയ 24 പേര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോരാട്ടം തുടരുമെന്നും അവര്‍ പറഞ്ഞു.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളില്‍ 13 പേര്ക്കി ഏഴ് വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. കേസിലെ 16ാം പ്രതിയായ മുനീറിന് മൂന്ന് മാസം തടവും 500 രൂപ പിഴയുമാണ് ശിക്ഷ.
മണ്ണാര്‍ക്കാട് എസ് സി എസ്ടി പ്രത്യേക ജഡ്ജി കെ.എം. രതീഷ് കുമാറാണ് പ്രതികളുടെ ശിക്ഷ വിധിച്ചത്. അട്ടപ്പാടി മധുവധക്കേസില്‍ 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 304(2) വകുപ്പു പ്രകാരം ആസൂത്രിതമല്ലാത്ത നരഹത്യയാണ് 13 പ്രതികള്‍ക്കെതിരേ ജഡ്ജി കെ.എം. രതീഷ് കുമാര്‍ ചുമത്തിയത്.
ഒന്നാം പ്രതി ഹുസൈന്, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്, അഞ്ചാം പ്രതി രാധാകൃഷ്ണന്, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ബൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ് , പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റകാരെന്ന് കണ്ടെത്തിയത്. നാലാം പ്രതി അനീഷ്, 11ാം പ്രതി അബ്ദുള്‍ കരീം എന്നിവരെ വെറുതെ വിട്ടു. പ്രതികളെ മലപ്പുറത്തെ തവനൂര്‍ ജയിലിലേക്ക് മാറ്റും.
14 പ്രതികള്‍ക്കും ഒരേ ശിക്ഷ കിട്ടുമെന്ന് കരുതിയെങ്കിലും ഇതില്‍ ഒരു പ്രതിയായ മുനീറിന് ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 352ാം വകുപ്പ് ചുമത്തിയാണ് കുറ്റക്കാരനാക്കിയത്. അതുകൊണ്ട് മൂന്ന് മാസം തടവും 500 രൂപ പിഴയും മാത്രമാണ് ശിക്ഷയായി ലഭിച്ചത്.
കേസില്‍ ആകെ 16 പ്രതികളായിരുന്നു. കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധി. 2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കേസ് അന്വേഷിച്ച അഗളി പൊലീസ് കുറ്റപത്രം മെയ് 31ന് കോടതിയില്‍ സമര്‍പ്പിച്ചു. ആകെയുള്ള 103 സാക്ഷികളില്‍ 24 പേര് കൂറുമാറി.
കാടിന് സമീപത്തെ കവലയായ മൂക്കാലിയിലെ ഒരു കടയില്‍ നിന്നും അരിയും മറ്റു പല വ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മധുവിനെ മര്‍ദ്ദിക്കുകയായിരുന്നു. കാട്ടില്‍ മരത്തടികള്‍ ശേഖരിക്കാന്‍ പോയ ആള് ഒരു ഗുഹയില്‍ മധുവിനെ കാണുകയും ആള്‍ക്കൂട്ടത്തെ വിളിച്ചുവരുത്തുകയുമായിരുന്നു. ഈ ആള്‍ക്കൂട്ടം മധുവിനെ ചോദ്യം ചെയ്ത് അതിക്രൂരമായി മര്‍ദ്ദിച്ചു. കൈകള്‍ ലുങ്കിമുണ്ടുകൊണ്ട് കൂട്ടികെട്ടിയ ശേഷം നാല് കിലോമീറ്റര്‍ അകലെയുള്ള മുക്കാലിയിലേക്ക് ചാക്ക് തലയ്ക്ക് വെച്ച് നടത്തിച്ചു. മുക്കാലിയിലെത്തിയ ശേഷവും മ്ര്‍ദ്ദിച്ചു. ഇതിന്റെയെല്ലാം വീഡിയോകള്‍ മൊബൈല്‍ ഉപയോഗിച്ച് എടുത്തു. പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഈ ഡിജിറ്റല്‍ തെളിവുകള്‍ കോടതിയ്ക്ക് ശക്തമായ തെളിവുകളായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: