ന്യൂയോര്‍ക്ക് :ഇന്ത്യ ദ്രുതഗതിയില്‍ വളരുന്ന സാമ്പത്തിക ശക്തിയായി മാറുകയാണെന്ന് ലോകബാങ്ക്. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ പണപ്പെരുപ്പം 5.2 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 6.6 ശതമാനമായിരുന്നു. രാജ്യത്തെ കറണ്ട് അക്കൗണ്ട് കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.1 ശതമാനമായി കുറയും. ഇത് മൂന്ന് ശതമാനമാകുമെന്നാണ് മുന്‍ സാമ്പത്തിക വര്‍ഷം വിലയിരുത്തിയിരുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാനായി കഴിഞ്ഞ മേയ് മാസം മുതല്‍ ആര്‍ബിഐ പലിശ നിരക്കില്‍ 250 ബേസിസ് പോയിന്റ് വര്‍ദ്ധന വരുത്തിയിരുന്നു. രാജ്യത്തെ വര്‍ദ്ധിച്ച പലിശ നിരക്ക് മൂലം ഉയര്‍ന്ന വായ്പാ ചെലവുകള്‍ ആഭ്യന്തര ഉപഭോഗത്തില്‍ കുറവ് വരുത്തുമെന്ന് ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതും ആഗോള സാമ്പത്തിക വിപണിയില്‍ അടുത്തിടെ ഉണ്ടായ പ്രശ്‌നങ്ങളും മൂലം ഇന്ത്യയിലെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച, നടപ്പ് സാമ്പത്തിക വര്‍ഷം 6.3 ശതമാനമാകുമെന്നാണ് ലോക ബാങ്ക് കണക്കുകൂട്ടുന്നത്. ഇത് 6.4 ശതമാനം ആകുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.
ആഗോള, ആഭ്യന്തര ഘടകങ്ങള്‍ മൂലം രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദന വളര്‍ച്ച 6.4 ശതമാനമാകുമെന്നാണ് ഏഷ്യന്‍ വികസന ബാങ്കിന്റെയും വിലയിരുത്തല്‍. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ പ്രതിസന്ധി കാരണം ഇന്ത്യയിലേക്കുളള ഹ്രസ്വ കാല നിക്ഷേപങ്ങളുടെ ഒഴുക്ക് കുറയുമെന്നും എന്നാല്‍ ഇവിടെ നിന്നുളള സേവന കയറ്റുമതി സമ്പദ് സ്ഥിതിയെ പിടിച്ചു നിര്‍ത്തുമെന്നും സാമ്പത്തിക വിദഗ്‌ദ്ധര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: