റായ്പൂര്‍: വിവാഹസമ്മാനമായി ലഭിച്ച ഹോം തിയേറ്റര്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തില്‍ നവവരനും സോഹദരനും മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. വധുവിന്റെ കാമുകനാണ് ബോംബ് ഘടിപ്പിച്ച ഹോം തീയെറ്റര്‍ സമ്മാനിച്ചതെന്ന് കണ്ടെത്തി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിയെ വധിക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പ്രതി സര്‍ജു വെളിപ്പെടുത്തി.
ഹെമേന്ദ്ര മെരാവി എന്ന 22കാരന് ഏപ്രില്‍ ഒന്നിനായിരുന്നു വിവാഹിതനായത്. തിങ്കളാഴ്ച മെരാവിയും കുടുംബവും തങ്ങള്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ലഭിച്ച ഹോം തീയേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വൈദ്യുതി കണക്ട് ചെയ്ത ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ ഫഌറ്റിന്റെ മേല്‍ക്കൂരയും ചുമരുകളും തകര്‍ന്നു. മെരാവി അപകടസമയത്ത് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ സഹോദരന് രാജ്കുമാറിനെ (30) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒന്നര വയസ്സുള്ള ഒരു കുട്ടിയടക്കം മറ്റ് നാല് പേര് നിലവില്‍ ചികിത്സയിലാണ്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹോം തിയറ്റര്‍ സംവിധാനത്തിനുള്ളില്‍ ആരോ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചതാണ് സ്ഫോടനത്തിന് കാരണമെന്ന് കണ്ടെത്തി. പിന്നീട്, വിവാഹസമയത്ത് ലഭിച്ച സമ്മാനങ്ങളുടെ പട്ടിക പോലീസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോള്‍,ഹോം തീയെറ്റര്‍ വധുവിന്റെ മുന്‍ കാമുകന് നല്കിയ സമ്മാനമാണെന്ന് അവര്‍ കണ്ടെത്തി. ചോദ്യം ചെയ്യലില്‍ മുന്‍ കാമുകിയോട് വിവാഹിതയായതില്‍ ദേഷ്യമുണ്ടെന്ന് പ്രതി സമ്മതിച്ചെന്നും അതിനാലാണ് ഹോം തിയേറ്റര്‍ സംവിധാനം അവള്‍ക്ക് സമ്മാനമായി നല്‍കിയതെന്നും പ്രതി പറഞ്ഞെന്നു കബീര്‍ധാം അഡീഷണല്‍ പോലീസ് സൂപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: