ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടി. ന്യൂകാസില്‍ യുണൈറ്റഡിനോട് എതിരില്ലാത്ത രണ്ടു ഗോളിന് തോറ്റ യുണൈറ്റഡിന് മൂന്നാം സ്ഥാനവും നഷ്ടം. 27 കളികള്‍ പൂര്‍ത്തിയാക്കിയ രണ്ട് ടീമുകള്‍ക്കും 50 പോയിന്റ് വീതം. ഗോള്‍ശരാശരിയില്‍ ന്യൂകാസില്‍ മൂന്നാമത്.
ന്യൂകാസിലിന്റെ മൈതാനത്ത് യുണൈറ്റഡിന് തൊട്ടതെല്ലാം പിഴച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 65-ാം മിനിറ്റില്‍ ജോ വില്ലോക്ക്, 88-ാം മിനിറ്റില്‍ പകരക്കാരന് കല്ലം വില്‍സണ്‍ എന്നിവര്‍ ന്യൂകാസിലിനായി സ്കോര്‍ചെയ്തു.
പിഎസ്ജിക്ക് വീണ്ടും തോല്‍വി
പാരീസ്: ലയണല്‍ മെസിയും കൈലിയന്‍ എംബാപ്പെയും അചരഫ് ഹാകിമിയും മുഴുവന്‍ സമയവും കളിച്ചിട്ടും സ്വന്തം മൈതാനത്ത് പിഎസ്ജിക്ക് തോല്‍വി. ഫ്രഞ്ച് ഫുട്ബോള്‍ ലീഗില്‍ ഒളിമ്പിക് ലിയോണ്‍ എതിരില്ലാത്ത ഒരു ഗോളിന് പിഎസ്ജിയെ വീഴ്ത്തി.
ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം 56-ാം മിനിറ്റില്‍ ബ്രാഡ്ലി ബാര്‍കോളയുടെ ഗോളിലാണ് ലിയോണ്‍ ജയിച്ചു കയറിയത്. 39-ാം മിനിറ്റില്‍ ലിയോണിന് ലഭിച്ച പെനല്‍റ്റി അലക്സാന്‍ഡ്രെ ലകാസെറ്റെ പാഴാക്കിയത് പിഎസ്ജിക്ക് ആശ്വാസമായി. 29 കളിയില്‍ 66 പോയിന്റുള്ള പിഎസ്ജിയുടെ ഒന്നാംസ്ഥാനത്തിന് തത്കാലം ഭീഷണിയില്ല. 60 പോയിന്റുള്ള ലെന്‍സാണ് രണ്ടാമത്. 44 പോയിന്റുമായി ലിയോണ്‍ ഒമ്പതാമത്.
അത്ലറ്റികൊയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ അത്ലറ്റികൊ മാഡ്രിഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് റയല്‍ ബെറ്റിസിനെ കീഴടക്കി. സമനിലയിലേക്കെന്നു കരുതിയ മത്സരത്തിന്റെ 86-ാം മിനിറ്റില്‍ സ്കോര്‍ ചെയ്ത് ഏയ്ഞ്ചല്‍ കൊറയയാണ് അത്ലറ്റികൊയ്ക്ക് ജയം സമ്മാനിച്ചത്.
ലീഗില്‍ 27 കളിയില്‍ 54 പോയിന്റുമായി മൂന്നാമതാണ് ടീം. 71 പോയിന്റുള്ള ബാഴ്സലോണ കിരീടത്തിലേക്ക് കുതിക്കുന്നു. 59 പോയിന്റുള്ള റയല്‍ മാഡ്രിഡാണ് രണ്ടാമത്. കഴിഞ്ഞ കളിയില്‍ ബാഴ്സയും റയലും വന്‍ ജയം സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: