ചെന്നൈ: കലാക്ഷേത്രയിലെ ലൈംഗികാരോപണ കേസിൽ മലയാളി അധ്യാപകൻ അറസ്റ്റിൽ. രുഗ്മിണിദേവി കോളേജ് ഓഫ് ഫൈൻ ആർട്സ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനെയാണ് അറസ്റ്റ് ചെയ്തത്. ഹരി പത്മനുൾപ്പടെ മൂന്ന് മലയാളി അധ്യാപകർക്കെതിരെ കലാക്ഷേത്രയിൽ നിന്നും നൂറിലധികം പരാതികൾ വനിതാകമ്മിഷന് ലഭിച്ചിരുന്നു.
കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഹരി പത്മന്റെ അറസ്റ്റ് അഡയാർ പോലീസ് രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം, ജോലി സ്ഥലത്തെ അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ഹരി പത്മനെതിരെ ചുമത്തിയിരിക്കുന്നത്. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചതായും വിദ്യാർത്ഥി പരാതിയിൽ പറയുന്നു. അധ്യാപകന്റെ ശല്യം കാരണം കലാക്ഷേത്രയിലെ പഠനം പാതിവഴിയിൽ നിർത്തിപ്പോവുകയായിരുന്നുവെന്ന് പൂർവ്വ വിദ്യാർത്ഥിനി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
കലാക്ഷേത്രയിലെ സജിത് ലാല്, സായ് കൃഷ്ണന്, ശ്രീനാഥ് എന്നിവരാണ് ആരോപണ വിധേയരായ മറ്റ് അധ്യാപകർ. ഇവർക്കെതിരെ അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി തമിഴ്നാട് പോലീസ് കേരളത്തിലെത്തി വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരാതികളിൽ നടപടിയാവശ്യപ്പെട്ട് വിദ്യാർത്ഥികൾ വ്യഴാഴ്ച പ്രതിഷേധം തുടങ്ങിയിരുന്നു. അധ്യാപകരിൽ നിന്ന് വർഷങ്ങളായി ലൈംഗിക പീഡനവും അധിക്ഷേപവും നേരിടേണ്ടി വന്നുവെന്ന് വിദ്യാർത്ഥിനികൾ പറയുന്നു.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എ.എസ് കുമാരി വെള്ളിയാഴ്ച കാമ്പസിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2008 മുതൽ കാമ്പസിൽ പീഡനം നേരിട്ടതായി പല വിദ്യാർത്ഥികളും പറഞ്ഞു. ലൈംഗികാതിക്രമം ഉൾപ്പെടെ നൂറോളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിയമപ്രകാരം ഞങ്ങൾ നടപടിയെടുക്കുമെന്നും എ എസ് കുമാരി പറഞ്ഞിരുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനും പരാതി അയച്ചിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: