കോട്ടയം: വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിപിഐ നേതാവും വൈക്കം എംഎല്‍എയുമായ സി.കെ. ആശയ്ക്ക് കൊടിയ അവഗണന. സര്‍ക്കാര്‍ അച്ചടിച്ച് പതിച്ച പോസ്റ്ററുകളില്‍ നിന്നും പിആര്‍ഡി നല്കിയ പത്രപ്പരസ്യങ്ങളില്‍ നിന്നും സ്ഥലം എംഎല്‍എയെ ഒഴിവാക്കി.
ഉദ്ഘാടന ദിവസം തന്നെ ഇത് വിവാദമായെങ്കിലും ഒരു ആദരിക്കല്‍ ചടങ്ങില്‍ ആശയെ പങ്കെടുപ്പിച്ച് തത്ക്കാലം പ്രശ്നം ശമിപ്പിച്ചു. പക്ഷെ ഇന്നലെ സിപിഐ ഔദ്യോഗികമായി പരാതി നല്‍കിയതോടെ വിവാദം കൊഴുത്തു. ഇതോടെ ജില്ലാ ഘടകത്തെതള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തന്നെ രംഗത്തെത്തി. പ്രോട്ടോകോള്‍ ധാരണയില്ലാത്ത ചില സഖാക്കളാണ് പരാതിക്കാരെന്ന് കാനം തൃശ്ശൂരില്‍ പറഞ്ഞു. ആശയെ ഒഴിവാക്കിയതില്‍ സിപിഐക്ക് ഒരു പരിഭവവുമില്ല. ആശയ്ക്ക് പരിഗണന ലഭിച്ചില്ലെന്ന് അഭിപ്രായമില്ല, കാനം പറഞ്ഞു. അതേസമയം സിപിഐയെ വെട്ടി അരികിലാക്കാനുള്ള സിപിഎമ്മിന്റെ നിരന്തര ശ്രമത്തിന്റെ ഭാഗമാണ് വൈക്കത്തെ അവഗണനയെന്നാണ് ആക്ഷേപം.
മണ്ഡലത്തില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് സി.കെ. ആശയെന്നും വൈക്കം സത്യഗ്രഹപരിപാടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നേരത്തെ മുതല്‍ അവര്‍ പങ്കെടുക്കുന്നുണ്ടെന്നും സിപിഐ ചൂണ്ടിക്കാട്ടി. ഇതെല്ലാം അവഗണിച്ചാണ് ആശയെ പോസ്റ്ററില്‍ നിന്നു പോലും ഒഴിവാക്കിയത്. തങ്ങള്‍ക്കുള്ള പ്രതിഷേധം കാട്ടി സര്‍ക്കാരിന് പരാതി നല്‍കിയതായി പാര്‍ട്ടി ജില്ലാ സെക്രട്ടറി വി.ബി. ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതിനു പിന്നില്‍ പിആര്‍ഡിയുടെ വീഴ്ചയാണെന്നാണ് ബിനു പറഞ്ഞത്. എന്നാല്‍ പിആര്‍ഡിയുടെ ‘വീഴ്ച’ സിപിഎമ്മോ സര്‍ക്കാരോ അറിയാതെ ഉണ്ടാവില്ലെന്നും സിപിഐ നേതാക്കള്‍ സ്വകാര്യമായി പറയുന്നു. പിആര്‍ഡിയുടെ ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ച മാത്രമാണ് ഇതിനു പിന്നിലെന്ന് കരുതുന്നില്ലെന്നാണ് ബിനു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതും. അതായത് പോസ്റ്ററില്‍ നിന്ന് ആശയെ ഒഴിവാക്കാന്‍ മുകളില്‍ നിന്ന് നിര്‍ദേശം ഉണ്ടായെന്നാണ് ബിനു പറയാതെ പറഞ്ഞത്.
പിആര്‍ഡി നല്കിയ പരസ്യങ്ങളിലും വൈക്കം എംഎല്‍എയെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പങ്കെടുത്ത പരിപാടിയില്‍ എംഎല്‍എയെ അവഗണിച്ചത് ഉദ്യോഗസ്ഥരാണെന്ന വാദം വിലപ്പോകില്ല. പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും നേരത്തെ തന്നെ തയാറാക്കി, സര്‍ക്കാരിന്റെ അനുമതിയോടെയാണ് അച്ചടിക്കുന്നത്. അതിനാല്‍ തന്നെ സിപിഐ എംഎല്‍എയെ ഒഴിവാക്കാന്‍ വാക്കാലുള്ള നിര്‍ദേശം ഉണ്ടായിട്ടുണ്ടെന്നാണ് നേതാക്കളുടെ ആക്ഷേപം.
സിപിഐക്ക് നിര്‍ണായക സ്വാധീനമുള്ള ചില പോക്കറ്റുകളില്‍ ഒന്നാണ് വൈക്കം. കാലങ്ങളായി വൈക്കം സിപിഐക്കാണ് നല്കിയിരിക്കുന്നതും. മേധാവിത്വത്തിനു വേണ്ടിയുള്ള സിപിഐ, സിപിഎം പോര് ശക്തമായ സ്ഥലങ്ങളില്‍ ഒന്നാണ് വൈക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: