ഡോ. സൗരഭ് ഗാര്‍ഗ്
(സിഇഒ, യുഐഡിഎഐ)
സമ്പദ്വ്യവസ്ഥയിലെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനമെന്ന നിലയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ അനിവാര്യത വലിയ തോതില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്റര്‍നെറ്റ് വ്യാപനത്തിന്റെ വര്‍ധന, താങ്ങാവുന്ന നിരക്കിലുള്ള ഡാറ്റ, സാങ്കേതിക നവീകരണം എന്നിവയ്ക്കു പുറമെ, ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള സര്‍ക്കാറിന്റെ ശ്രമത്തിലൂടെ വേഗത്തിലുള്ള വിതരണം, മികച്ച രീതിയില്‍ ലക്ഷ്യത്തിലെത്തല്‍, മെച്ചപ്പെട്ട ഉത്തരവാദിത്വം എന്നിവയും ഉറപ്പാക്കുന്നു.
ഡിജിറ്റല്‍വത്കരണത്തിന്റെ അനന്തരഫലം
2014-19 കാലയളവില്‍, ഇന്ത്യയുടെ പ്രധാന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ മൊത്ത മൂല്യവര്‍ധന(ജിവിഎ)യുടെ 5.4 ശതമാനത്തില്‍നിന്ന് 8.5 ശതമാനമായി ഉയര്‍ന്നു. ഇതേ കാലയളവില്‍ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയേക്കാള് 2.4 മടങ്ങു വേഗത്തില്‍ വളര്‍ന്നു. റിസര്‍വ് ബാങ്ക് അടുത്തിടെ പ്രസിദ്ധീകരിച്ച ബുള്ളറ്റിന് അനുസരിച്ച് 2019ല്‍ മൊത്തം സമ്പദ്വ്യവസ്ഥയുടെ 22 ശതമാനമാണു ഡിജിറ്റലായി ആശ്രയിക്കുന്ന സമ്പദ്വ്യവസ്ഥ.
ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ (ഡിപിഐ) വികസിപ്പിക്കുന്നതിലാണു സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. അത് കൂടുതല്‍ പങ്കാളിത്ത സേവന വിതരണ സംവിധാനങ്ങള്‍ക്കായി ഡിജിറ്റല്‍ ഘടകങ്ങളുടെ പൊതു ലഭ്യത ഉറപ്പാക്കുന്നു. വിപണി നേതൃത്വമേകുന്ന നവീനാശയങ്ങള്‍ക്കു പ്രേരണയാകുന്നു. സേവനങ്ങള്‍ വേഗതയേറിയതാക്കുന്നു, ഒപ്പം,കൂടുതല്‍ സുതാര്യമായ സംവിധാനങ്ങളുടെ വികസനം ഉറപ്പാക്കി ഉപയോക്തൃ വിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
പ്രവേശനക്ഷമത, താങ്ങാനാകുന്ന വില, സമ്പര്‍ക്കസൗകര്യങ്ങള്‍, സമന്വയിപ്പിക്കല്‍ എന്നിവ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഡിജിറ്റല്‍ ഇന്ത്യയുടെ അനന്തരഫലം ഇപ്പോള്‍ ഇന്ത്യയിലുടനീളം ദൃശ്യമാണ്. ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ പ്രധാന ഘടകമായ ആധാര്‍, രാജ്യത്തെ ഡിജിറ്റല്‍ നിര്‍വഹണത്തിന്റെ പ്രധാന ഉപാധിയായി മാറി. ആധാര്‍ ഉപയോഗിച്ചുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ 1700-ഓളം ക്ഷേമ-സദ്ഭരണ പദ്ധതികള്‍ അതിന്റെ സാക്ഷ്യമാണ്. ആധാറിന്റെ ഉപയോഗം, ഗുണഭോക്താക്കളിലേക്കു ചോര്‍ച്ചയില്ലാതെ ആനുകൂല്യങ്ങള്‍ എത്തുന്നത് ഉറപ്പാക്കി. ഉദാഹരണത്തിന്, പൊതുവിതരണ സമ്പ്രദായ (പിഡിഎസ്) ത്തില്‍, കമ്പ്യൂട്ടര്‍വത്ക്കൃത വിതരണശൃംഖല വഴി ധാന്യങ്ങള്‍ അന്യായമായി ചെലവഴിക്കുന്നതില്‍ ഗണ്യമായ കുറവുണ്ടായി. 750 ദശലക്ഷം പിഡിഎസ് ഗുണഭോക്താക്കളുടെ വിവരങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചശേഷം ഏകദേശം 47 ദശലക്ഷം വ്യാജറേഷന്‍ കാര്‍ഡുകള്‍ നീക്കം ചെയ്യാനായി. ന്യായവില ഷോപ്പുകളുടെ യന്ത്രവല്‍ക്കരണവും 1200 കോടി ഡോളര്‍ ലാഭിക്കാന്‍ ഇടയാക്കി. അതുപോലെ, പാചകവാതക സബ്സിഡി പദ്ധതിയില്‍ (പഹല്‍), 850 കോടി യുഎസ് ഡോളറിന്റെ ലാഭമുണ്ടായി. കര്‍ഷകപിന്തുണ പദ്ധതിപ്രകാരം ചില്ലറ വ്യാപാരികള്‍ക്ക് 12 ദശലക്ഷം മെട്രിക് ടണ്‍ രാസവളം വില്‍പ്പന കുറച്ചതിലൂടെ 120 കോടി ഡോളര്‍ ലാഭിക്കാനായി.
ഡിജിറ്റല്‍ വ്യാപനത്തിലുണ്ടായ വര്‍ധന
രാജ്യത്തു നിലവില്‍ 117 കോടിയിലധികം മൊബൈല്‍ ടെലികോം വരിക്കാരും 600 ദശലക്ഷത്തിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളും 840 ദശലക്ഷം ഇന്റര്‍നെറ്റ് കണക്ഷനുമുണ്ട്. 2015-നും 2021-നും ഇടയില്‍ ഗ്രാമീണ ഇന്റര്‍നെറ്റ് വരിക്കാരില്‍ 200 ശതമാനം വര്‍ധനയുണ്ടായി. നഗരപ്രദേശങ്ങളില്‍ വര്‍ധന 158 ശതമാനമാണ്. എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞത് 4ജി മൊബൈല്‍ സേവനങ്ങളെങ്കിലും ഉള്‍പ്പെടുത്തുന്നതു ഗ്രാമ-നഗര ഡിജിറ്റല്‍ അന്തരം കുറയ്ക്കും. വിവിധ സവിശേഷതകളുള്ള ചെലവുകുറഞ്ഞ മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ കരുത്തുറ്റതാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിലൂടെ, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ കൂടുതല്‍ സമഗ്രമാകും.
അടുത്തിടെ ആരംഭിച്ച ‘ഡിജിറ്റല്‍ ഇന്ത്യ ഭാഷിണി’ പദ്ധതി, ശബ്ദാധിഷ്ഠിത ലഭ്യത ഉള്‍പ്പെടെ പ്രാദേശിക ഭാഷകളില്‍ ഇന്റര്‍നെറ്റും ഡിജിറ്റല്‍ സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ശ്രമിക്കുന്നു. ജനങ്ങള്‍ക്കു പരിചിതമായ മാധ്യമത്തില്‍ മറുപടി നല്‍കുക എന്ന ലക്ഷ്യത്തോടെയാണിത്.
ഡിജിറ്റല്‍വത്കരണത്തിലൂടെ സാമ്പത്തിക മുന്നേറ്റം
വര്‍ധിച്ച കാര്യക്ഷമത, മെച്ചപ്പെട്ട അവസരങ്ങള്‍ തുടങ്ങിയവ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഡിജിറ്റല്‍വത്ക്കരണം സാമ്പത്തിക വളര്‍ച്ചയുടെ വേഗം കൂട്ടുന്നു. ആധാര്‍, യുപിഐ, കോ-വിന്, ഡിജിലോക്കര്‍, ദിക്ഷ തുടങ്ങിയവ ഈ ഉദ്യമത്തെ പിന്തുണയ്ക്കുന്ന ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങളില്‍ ചിലതാണ്. രാജ്യത്തെ ജനസംഖ്യയുടെ 94.5 ശതമാനത്തിലധികം പേര്‍ക്കും ഇപ്പോള്‍ ആധാറുണ്ട്. മാത്രമല്ല, മാസംതോറും 220 കോടിയിലധികം ആധാര്‍ സാക്ഷ്യപ്പെടുത്തലുകളും നടക്കുന്നു. അതുപോലെ, കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ 75 മടങ്ങു വര്‍ധനയോടെ, 550 കോടി യുപിഐ അധിഷ്ഠിത പണമിടപാടുകള്‍ ഓരോ മാസവും നടക്കുന്നു. 110 കോടി കോ-വിന് രജിസ്ട്രേഷനുകള്‍ നടന്നു. ഡിജിലോക്കര്‍ അക്കൗണ്ടുള്ള 140 ദശലക്ഷം ഉപയോക്താക്കള്‍ക്ക് 560 കോടി ഔദ്യോഗിക ഡിജിറ്റല്‍ രേഖകള്‍ ഡിജിലോക്കര്‍ ശേഖരത്തില്‍ ലഭ്യമാണ്. ഇ-ശ്രം പോര്‍ട്ടലില്‍ 286.5 ദശലക്ഷം അസംഘടിത തൊഴിലാളികളുടെയും പിഎം-സ്വനിധിയില് 4.4 ദശലക്ഷം തെരുവോരക്കച്ചവടക്കാരുടെയും ഉദ്യം പോര്‍ട്ടലില്‍ 12.7 ദശലക്ഷം സംരംഭങ്ങളുടെയും രജിസ്ട്രേഷന് നടന്നു. 2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ജിഎസ്ടി അടയ്ക്കുന്നവരുടെ എണ്ണം 7 ദശലക്ഷത്തില്‍നിന്ന് 14 ദശലക്ഷമായി വര്‍ധിച്ചു.
പൊതു-സ്വകാര്യ പങ്കാളിത്തമുള്ള ഡിജിറ്റല്‍ നവീകരണങ്ങള്‍
സര്‍ക്കാരും സ്വകാര്യ കമ്പനികളും പിന്തുണ നല്കുന്ന അന്തരീക്ഷം രാജ്യത്തെ ഡിജിറ്റല്‍ ഇടത്തില്‍ നൂതനാശയങ്ങളെ മുന്നോട്ടുനയിക്കുന്നു. നിര്‍മിതബുദ്ധി, മെഷീന് ലേണിങ് പോലുള്ള നവയുഗ സാങ്കേതികവിദ്യകളുടെ കാലത്ത്, ഓപ്പണ്‍ സോഴ്സ് നിര്മിതബുദ്ധിപദ്ധതികളില് ഏറ്റവും മികച്ച സംഭാവനയേകുന്ന രാജ്യമാണ് ഇന്ത്യ. ഉദാഹരണത്തിന്, ഇന്ത്യയില്‍ നിന്നുള്ള നിര്‍മിതബുദ്ധി പ്രസിദ്ധീകരണങ്ങള്‍ യുഎസ്, ചൈന, യൂറോപ്യന്‍ യൂണിയന്, യുകെ എന്നിവയേക്കാള്‍ 18 ശതമാനം വേഗത്തിലാണ് വളരുന്നത്. ഇന്ത്യയിലെ ഐടി ജീവനക്കാരുടെ നിര്‍മിതബുദ്ധിയിലെ വൈദഗ്ധ്യം മറ്റേതൊരു ജി20 രാജ്യത്തേക്കാളും ഉയര്‍ന്ന നിരക്കിലാണ്.
പുതിയ ആപ്ലിക്കേഷനുകളും മറ്റും രൂപകല്‍പ്പന ചെയ്യുന്നതിനും പരിശോധിക്കുന്നതിനും വ്യവസായിക സംരംഭങ്ങളുമായി സര്‍ക്കാര്‍ സജീവമായി സഹകരിക്കുന്നുണ്ട്. ഇന്ത്യാസ്റ്റാക്ക് ഓപ്പണ്‍ പബ്ലിക് പ്ലാറ്റ്ഫോമുകള്‍ക്കുള്ള ഐസ്പിര്ട്ട് (ISPIRT), അതിവേഗ ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള എന്‍പിസിഐ, ഓപ്പണ്‍ ഡിജിറ്റല്‍ കൊമേഴ്സിനായുള്ള ഒഎന്‍ഡിസി, യുഐഡിഎഐ ആവാസവ്യവസ്ഥയിലെ ഉപയോക്തൃ സ്ഥാപനങ്ങള്‍ എന്നിവ ഡിജിറ്റല്‍വത്ക്കരണം വേഗത്തിലാക്കുന്ന പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ചില ഉദാഹരണങ്ങളാണ്.
വെന്ഡര് ലോക്ക്-ഇന്‍ (ഒരുല്‍പ്പന്നമോ സേവനമോ ഉപയോഗിക്കുന്ന ഉപഭോക്താവിനു മറ്റൊരു കമ്പനിയുടെ സമാന ഉല്പ്പന്നത്തിലേക്കോ സേവനത്തിലേക്കോ എളുപ്പത്തില്‍ മാറാന്‍ കഴിയാത്ത സാഹചര്യം), കുത്തക സാങ്കേതിക വിദ്യകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട ഉയര്‍ന്ന ചെലവുകള്‍ എന്നിവ ഒഴിവാക്കുന്നതിനായി ഓപ്പണ്‍ സോഴ്സ് മാനദണ്ഡങ്ങളും സാങ്കേതികവിദ്യകളും പരമാവധി ഉപയോഗിക്കേണ്ടതിന്റെ അനിവാര്യത ഇന്ത്യ തിരിച്ചറിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: