പത്തനംതിട്ട : സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ പത്തനംതിട്ട ഓര്‍ത്തഡോക്സ് പള്ളിപ്പരിസരത്ത് പോസ്റ്ററുകള്‍. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധം അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് മന്ത്രിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
‘സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം’, ‘ചര്‍ച്ച് ബില്ലില്‍ പിണറായി വിജയന് നീതി നടപ്പാക്കണം’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ‘ഓര്‍ത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പോസ്റ്ററുകള്‍ ചര്‍ച്ചയയാതോടെ രാവിലെ പള്ളിയിലെത്തിയവരില്‍ ചിലര്‍ ഇടപെട്ട് പോസ്റ്ററുകള്‍ നീക്കി.
ഓര്‍ത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല. തെരഞ്ഞെടുപ്പില്‍ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും ജനങ്ങള്‍ക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കില്‍ നേരിട്ടു അറിയിക്കാം. രാത്രിയുടെ മറവില്‍ പോസ്റ്റര്‍ ഒട്ടിക്കുകയല്ല വേണ്ടത്. താന്‍ മത്സരിച്ച മുന്‍ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓര്‍ത്തഡോക്സ് സഭ വീണാ ജോര്‍ജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തില്‍ ചില മാധ്യമങ്ങള്‍ക്കും പങ്കുണ്ടെന്നും വീണാ ജോര്‍ജ് വിഷയത്തില്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: