തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റൽ കേസിലെ ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തതതയ്ക്കെതിരെ ഹൈക്കോടതിയിൽ റിട്ട് ഹര്‍ജി നല്കാന് പരാതിക്കാരന്. എന്ത് കൊണ്ടാണ് ഭിന്നാഭിപ്രായമെന്നും ആർക്കാണ് ഭിന്നാഭിപ്രായമെന്നും ലോകായുക്ത ഉത്തരവിൽ വ്യക്തമാക്കുന്നില്ലെന്നും പരാതിക്കാരന് ആർഎസ് ശശികുമാര്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും തുക അനുവദിച്ച കാബിനറ്റ് തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്ന കാര്യത്തിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിൽ ഭിന്നതയുണ്ടായതെന്ന് പറയുന്നു. രണ്ടംഗങ്ങളുള്ള ഡിവിഷന് ബെഞ്ചില്‍ ലോകായുക്തക്കും ഉപലോകായുക്തക്കുമുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എന്താണെന്ന് വിധി വായിച്ചാല്‍ മനസ്സിലാകുന്നില്ല. എന്ത് കൊണ്ടാണ് ഇവര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായതെന്നും വ്യക്തമാക്കുന്നില്ല.
നിയമവിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് റിട്ട് ഹർജി നൽകാന് തീരുമാനിച്ചതെന്ന് ആര്.എസ്. ശശികുമാര്‍ പറയുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിലാണ് ഹർജി നൽകുക. ഭിന്ന നിലപാടിനെ കുറിച്ച് ലോകായുക്ത വ്യക്തമാക്കേണ്ടതുണ്ടെന്നും അറിയാൻ പരാതിക്കാരന് അവകാശമുണ്ടന്നുമാണ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: