മൊഹാലി: ഐപിഎല്ലില്‍ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. വൈകിട്ട് 3.30നാണ് കളി. കഴിഞ്ഞ വര്‍ഷം പഞ്ചാബും കൊല്‍ക്കത്തയും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്. ഇത്തവണ മികച്ച പ്രകടനം നടത്തി കിരിടം നേടുക എന്നതാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
ഇന്ത്യന്‍ താരം ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് പഞ്ചാബ് കിങ്‌സ് ഇറങ്ങുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്റര്‍ ലിയാം ലിവിങ്‌സ്റ്റണിന്റെ അഭാവം ഇന്നത്തെ കളിയില്‍ പഞ്ചാബ് നിരയില്‍ നിഴലിക്കും. ഡിസംബറില്‍ കാല്‍മുട്ടിനേറ്റ പരിക്ക് പൂര്‍ണമായും മോചിതമായതായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഫിറ്റ്നസ് ക്ലിയറന്‍സ് ലഭിക്കാത്തത് കൊണ്ടാണ് ലിവിങ്‌സ്റ്റണിന് ഇന്നത്തെ ആദ്യ മത്സരം നഷ്ടമാകുന്നത്. ലിയാം ലിവിംഗ്സ്റ്റണിന് പുറമെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയുടെ സേവനവും ഇന്നത്തെ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിന് നഷ്ടമാകും.
മറ്റൊരു ഇംഗ്ലണ്ട് വെടിക്കെട്ട് വീരനായ ജോണി ബെയ്ര്‍സ്റ്റോയ്‌ക്ക് സീസണ്‍ മുഴുവന്‍ നഷ്ടമാകുന്നതും അവര്‍ക്ക് തിരിച്ചടിയാകും. എങ്കിലും സാം കറനെപ്പോലെയുള്ള സൂപ്പര്‍ താരങ്ങളുടെ കരുത്തില്‍ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസത്തിലാണ് പഞ്ചാബ് കിങ്‌സ്. ധവാനും കറനും പുറമെ പ്രഭ്‌സിമ്രാന്‍ സിങ്, ധനുക രജപക്‌സെ, വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ, സിക്കന്ദര്‍ റാസ, ഋഷി ധവാന്‍, രാഹുല്‍ ചഹര്‍, നഥാന്‍ എല്ലിസ്, അര്‍ഷദീപ് സിങ് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങള്‍.
പരിക്കേറ്റ നായകന്‍ ശ്രേയസ് അയ്യരുടെ അഭാവത്തിലാണ് മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ആദ്യ കളിക്കിറങ്ങുന്നത്. ശ്രേയസിന്റെ അഭാവത്തില്‍ നിതീഷ് റാണയാണ് ടീമിനെ നയിക്കുന്നത്്. ക്യാപ്റ്റന്‍ മാത്രമല്ല, ഇത്തവണ പുതിയ പരിശീലകനുമായാണ് കൊല്‍ക്കത്ത വരുന്നത്. മറ്റ് ടീമുകളെല്ലാം വിദേശ പരിശീലകരെ ആശ്രയിക്കുമ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റിക്കോര്‍ഡുള്ള ചന്ത്രകാന്ദ് പണ്ഡിറ്റാണ് കൊല്‍ക്കത്തയുടെ പരിശീലകന്‍.
ക്യാപ്റ്റന്‍ നിതീഷ് റാണക്കൊപ്പം ഒരു കൂട്ടം ഇന്ത്യന്‍ താരങ്ങളിലാണ് കൊല്‍ക്കത്തയുടെ പ്രധാന ബാറ്റിങ് പ്രതീക്ഷ. റിങ്കു സിംഗ്, വെങ്കടേഷ് അയ്യര്‍, എന്‍. ജഗദീശന്‍, മന്‍ദീപ് സിങ്, അനുകൂല്‍ റോയ് എന്നിവരാണ് ബാറ്റിങ് നിരയിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഓള്‍ റൗണ്ടര്‍മാരായ വിന്‍ഡീസിന്റെ ആന്ദ്രെ റസല്‍, സുനില്‍ നരേയ്ന്‍, ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുടെ മിന്നും പ്രകടനത്തില്‍ ഇത്തവണ മികച്ച പ്രകടനംനടത്താമെന്ന പ്രതീക്ഷയിലാണ് നൈറ്റ് റൈഡേഴ്‌സ്. പേസ് ബൗളിങ് നയിക്കാന്‍ ന്യൂസിലന്‍ഡ് നായകന്‍ ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍, ഇന്ത്യന്‍ സ്റ്റാര്‍ ഷര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: