തമിഴകത്തിന്റെ തലസ്ഥാന നഗരിയായ ചെന്നൈയ്ക്ക് കഴിഞ്ഞ ബുധനാഴ്ച രാവ് ആഘോഷ രാവായിരുന്നു . തെന്നിന്ത്യന്‍ മണ്ണിലെ വെള്ളി നക്ഷത്രങ്ങള്‍ മിന്നി തിളങ്ങിയ ആഘോഷ രാവില്‍ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും നിര്‍മ്മിച്ച് മണിരത്നം സംവിധാനം ചെയ്ത താര ബഹുലമായ ബ്രഹ്മാണ്ഡ സിനിമ ‘ പൊന്നിയിന്‍ സെല്വന്2 ‘ ന്റെ ഓഡിയോയും ട്രെയിലറും ‘ ഉലക നായകന് ‘ കമലഹാസന് പതിനായിര കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്തു.ഏ ആര് റഹ്മാന് സംഗീതം പകര്‍ന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആല്‍ബവും തദവസരത്തില്‍ പുറത്തിറക്കി. 29 ന് ബുധനാഴ്ച വൈകിട്ട് ചെന്നൈ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിലായിരുന്നൂ ചടങ്ങ്.
ചടങ്ങില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തു. ഒരു കാരണവരെ പോലെ മണിരത്നം ചടങ്ങിന്റെ ഒരുക്കങ്ങള്‍ നിരീക്ഷിച്ച് പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി കൊണ്ടിരിക്കുന്നത് കാണാമായിരുന്നു. ലൈക്കയുടെ സാരഥി നിര്‍മ്മാതാവ് കെ.സുഭാസ്ക്കരന്‍ മണിരത്ന പത്നി സുഹാസിനി എന്നിവര്‍ അതിഥികളെ വരവേല്‍ക്കാന്‍ മുന്നിട്ടു നിന്നു എന്നത് പ്രത്യേകം ശ്രദ്ധേയമായിരുന്നു.വേദി പങ്കിട്ട വിശിഷ്ട വ്യക്തികളും താരങ്ങളും മുന്‍ ലോക സുന്ദരി ഐശ്വര്യാ റായ് ബച്ചനേയും അവര്‍ അവതരിപ്പിക്കുന്ന നന്ദിനി എന്ന കഥാപാത്രത്തെയും വാനോളം പുകഴ്ത്തി.
‘ പൊന്നിയിന്‍ സെല്വന് 2 ‘ വിലെ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഒപ്പം അഭിനേതാക്കളായ ശോഭന, രേവതി, ഖുഷ്ബു, സുഹാസിനി, സംവിധായകന് ഭാരതി രാജ, തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്, നടന് ജോജു ജോര്‍ജ്,തുടങ്ങിവര്‍ പങ്കെടുത്ത് ‘ പിഎസ്2 ‘ ന് വിജയാശംസകള്‍ നേര്‍ന്നു . ഒടുവിലെ വിശിഷ്ട അതിഥിയായി നടന് ചിമ്പു എത്തി. ചിമ്പുവിന്റെ വരവ് അരങ്ങിലുണ്ടായിരുന്ന ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ചു. സദസ്യര്‍ ഒന്നടങ്കം കരഘോഷം മുഴക്കി ആരവത്തോടെയാണ് ചിമ്പുവിനെ വരവേറ്റത്.
ചടങ്ങില്‍ സംസാരിക്കവേ ഭാരതിരാജ ‘ ഞാന്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്താണ് പൊന്നിയിന്‍ സെല്വന് വായിക്കുന്നത്. ഏതു കഥ വേണമെങ്കിലും സിനിമയായി ചിത്രീകരിക്കാം. പക്ഷേ ഒരു ചരിത്ര കഥ പിശകാതെ എടുക്കണം. മണിരത്നം ജീനിയസാണ്… ഈ കഥ സിനിമയാക്കാന്‍ എം ജി ആര് വളരെയധികം ആഗ്രഹിച്ചിരുന്നു. എന്നെയും കമല്‍, ശ്രീദേവി എന്നിവരെയും വെച്ച് അദ്ദേഹം ചര്‍ച്ച ചെയ്തു. വന്തിയ തേവനായി കമലിനെ അഭിനയിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. ആ സമയത്ത് പെട്ടെന്ന് എം ജി ആര് അസുഖ ബാധിതനായി. അതു കൊണ്ട് അത് നടക്കാതെ പോയി.ഞാന്‍ ഉഴപ്പിയേക്കും എന്ന് കരുതിയാവും മണിരത്നത്തെ കൊണ്ട് ദൈവം എടുപ്പിച്ചത്.
ധാരാളം കലാകാരന്മാര്ക്കിടയില് ജീവിക്കാന്‍ ഭാഗ്യം കിട്ടിയവരാണ് നമ്മള്. കാതല്‍ (പ്രണയം) എന്ന ഒന്നാണ് കലാകാരനെ വളര്‍ത്തുന്നത്. മണിരത്നം താന്‍ റൊമാന്റിക്കാണെന്ന് പറയാറേ ഇല്ല. കമല്‍ താന്‍ റൊമാന്റിക്കാണെന്ന് പറയും. പൊന്നിയിന്‍ സെല്‍വനു വേണ്ടി നായികമാരെ (ഐശ്വര്യാ റായ്, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധൂലിപാല) ലഡു ലഡുവായിട്ടാണ് മണി തിരഞ്ഞെടുത്തിരിക്കുന്നത്. നന്ദിനി, കുന്ദവൈ, പൂങ്കുഴലി… എല്ലാവരെയും പ്രേമിക്കാം. ലോകം മുഴുവന്‍ ഇന്ന് ഈ പൊന്നിയിന്‍ സെല്‍വനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. ഇന്ത്യയെ മാത്രമല്ലാ, ലോകത്തിന്റെ തന്നെ ശ്രദ്ധ നമ്മളിലേക്ക് തിരിക്കാന്‍ കാരണ ഭൂതനായി മണിരത്നം.’ എന്ന് പറഞ്ഞു.
ട്രെയിലര്‍ പ്രകാശനം ചെയ്തു കൊണ്ട് കമലഹാസന് ഇങ്ങനെ പറഞ്ഞു:…
‘ മികച്ച കലാകാരന്മാര്ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അവസരങ്ങള്‍ കിട്ടി. ഇതു പോലുള്ള ചില ചിത്രങ്ങള്‍ എന്റെ കൈ വിട്ടു പോയിട്ടുമുണ്ട്. പൊന്നിയിന്‍ സെല്വന് എന്ന വലിയ കാന്‍വാസിലുള്ള സിനിമ സംവിധാനം ചെയ്തിട്ട് ഒന്നുമറിയാത്ത പോലെ അദ്ദേഹം ശാന്തനായിട്ടിരിക്കുന്നു.ഇത് എങ്ങോട്ടാണ് പോകുന്നത് എന്ന് ഊഹിക്കാന്‍ കഴിഞ്ഞു. ദുബായില്‍ വെച്ച് യാദച്ഛികമായി ഏ.ആര്.റഹ്മാന്റെ ഓര്‍ക്കസ്ട്രയില്‍ ഇതിലെ പാട്ടുകള്‍ കേള്‍ക്കാനുള്ള അവസരം എനിക്ക് ലഭിച്ചു. ഇതില്‍ അസൂയപ്പെടാന്‍ സമയമില്ല. ജീവിതം ശുഷ്കമാണ്. അതില്‍ നിന്നു കിട്ടുന്ന അവസരങ്ങള്‍ ഒന്നിച്ച് ആസ്വദിക്കണം.പ്രേമമോ വീരമോ എന്ന് ചോദിച്ചാല്‍ പ്രണയത്തോട് ചേര്‍ന്ന വീരം വേണം എന്നു ഞാന്‍ പറയും. പ്രണയവും വീരവും കൂടാതെ തമിഴ് സംസ്കാരമില്ല. ആ രണ്ടു ഘടകങ്ങളാണ് നമ്മെ ഇവിടെ എത്തിച്ചിരിക്കുന്നത്. ഭക്തി മാര്‍ഗം പിന്നീട് വന്നതാണ്.
ലോക സുന്ദരി ഐശ്വര്യാ റായ് തന്നെയാണെന്ന് ഈ സിനിമയിലൂടെ മണിരത്നം വീണ്ടും കാണിച്ചു തരുന്നു. ഇത് ചോളര്‍ക്കു മാത്രമല്ല തമിഴ് സിനിമക്കും സുവര്‍ണ്ണ കാലമാണ്. ഇത് നമ്മള് ഉയര്‍ത്തി പിടിക്കണം. അതിന് ഈ വേദിയില്‍ എനിക്ക് അവസരം ലഭിച്ചതില്‍ നന്ദിയോടെ ഞാന്‍ ഇവര്‍ക്ക് ആശംസകള്‍ നേരുന്നു. ഇനിയും പല വിജയ വേദികള്‍ മണിരത്നത്തിനായി കാത്തിരിക്കുന്നുണ്ട്. അതില്‍ എനിക്കും ഒരു പങ്കുണ്ടാവണം എന്ന അത്യാഗ്രഹം എനിക്കുണ്ട്. ഇതു പോലൊരു ചരിത്ര സിനിമ എടുക്കാനാവില്ല എന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. മണിരത്നത്തിനും ആ ഭയം ഉണ്ടായിരുന്നിരിക്കാം. വീരം എന്നാല്‍ എന്താണെന്ന് അറിയാമോ?… ഭയം ഇല്ലാത്ത പോലെ അഭിനയിക്കുന്നതാണ്. വീരത്തോടെ സാഹസികമായി മണിരത്നം ഈ സിനിമ പൂര്‍ത്തിയാക്കി അഭിനന്ദനങ്ങള്‍…’
‘പിഎസ് 2’ വിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഏ.ആര്.റഹ്മാന് ടീമിന്റെ ഗാനമേള ചടങ്ങിന്റെ ആകര്‍ഷക ഘടകമായിരുന്നു.അഞ്ചു ഭാഷകളില്‍ എത്തുന്ന ‘പിഎസ് 2’ വിലെ മലയാള ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ് . ഇതിന്റെ മേക്കിങ് വീഡിയോയും നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു. ട്രെയിലറിനും ഗാനങ്ങള്‍ക്കുമൊപ്പം മേക്കിങ് വീഡിയോയും ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി വൈറലായിരിക്കയാണ്. ‘ പിഎസ് 1’ ന്റെ ട്രെയിലറിനേക്കാള്‍ പതിന്മടങ്ങ് വരവേല്‍പ്പാണ് ‘ പിഎസ് 2 ‘ ന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും ലഭിച്ചിരിക്കുന്നത്. മലയാളം ട്രെയിലര്‍ മാത്രം ഒരു ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം കാഴ്ചക്കാരെ നേടി കത്തിക്കയറി കൊണ്ടിരിക്കയാണ് എന്നത് സിനിമക്കായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന, വന്‍ബജറ്റില്‍ ഒരുക്കിയ , കഴിഞ്ഞ ഭാഗത്തില്‍ ബാക്കി വെച്ച സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുന്ന പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ ‘ പി എസ് 2 ‘ ഏപ്രില്‍ 28നാണ് തമിഴ്, മലയാളം,തെലുങ്ക്,കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റീലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവിസാണ് കേരളത്തിലെ വിതരണക്കാര്‍. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാറായ് ബച്ചന്, തൃഷ , റഹ്മാന്, പ്രഭു, ജയറാം, ലാല്‍, ശരത് കുമാര്‍, വിക്രം പ്രഭു , പ്രകാശ് രാജ് , കിഷോര്‍, ബാബു ആന്റണി, റിയാസ് ഖാന് , അശ്വിന് കാകുമാനു, റിയാസ് ഖാന്, ശോഭിതാ ധൂലിപാല,ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. സംവിധായകന് ഷങ്കര്‍ രാമകൃഷ്ണനും , റഫീക് അഹമ്മദുമാണ് മലയാളം ‘ പൊന്നിയിന്‍ സെല്വന് 2 ‘ നു വേണ്ടി യഥാക്രമം സംഭാഷണവും ഗാനരചനയും നിര്‍വഹിച്ചിരിക്കുന്നത്. രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ബൃന്ദയാണ് നൃത്ത സംവിധായിക. സി.കെ.അജയ്കുമാറാണ് പിആര്‍ഒ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: