കോട്ടയം: കുമരകത്തു നടക്കുന്ന ജി20 ഷെര്‍പ്പ യോഗത്തില്‍ വിദേശകാര്യ മന്ത്രാലയത്തെയും പ്രതിനിധാനം ചെയ്ത് പങ്കെടുത്ത മന്ത്രി വി മുരളീധരന്‍ കായല്‍ സമൃദ്ധമായ കുമരകത്തിന്റേയും അക്ഷരങ്ങളുടെ നഗരമായ കോട്ടയത്തിന്റേയും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റേയും നഖചിത്രം 120 ഓളം രാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ വരച്ചിട്ടു. ഒരാളുടെ ജീവിതകാലത്തു സന്ദര്‍ശിക്കേണ്ട, ആഗോളതലത്തിലെ ഏറ്റവും മികച്ച പത്തു സ്ഥലങ്ങളില്‍ ഇടംപിടിച്ച, കേരളം എന്തുകൊണ്ടാണു ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നതെന്ന്, നിങ്ങള്‍ ഇവിടത്തെ സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ടെന്നും പ്രതിനിധികളോട് മുരളീധരന്‍ പറഞ്ഞു
സുഗന്ധവ്യഞ്ജനങ്ങളുടെയും റബറിന്റെയും പ്രധാന വ്യാപാര കേന്ദ്രമാണു കോട്ടയം. ഇന്ത്യയുടെ സ്വാഭാവിക റബര്‍ ഉല്‍പ്പാദനത്തിന്റെ 35 ശതമാനവും സംഭാവനചെയ്യുന്നതു കോട്ടയമാണ്. ലക്ഷക്കണക്കിനു കുടുംബങ്ങളുടെ ജീവനാഡിയാണു റബര്‍ എന്നതിനാല്‍, അവരുടെ ക്ഷേമത്തിനായി ഇന്ത്യാഗവണ്മെന്റ് നിരവധി സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. അച്ചടി മാധ്യമങ്ങള്‍ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവന കണക്കിലെടുത്ത് ‘അക്ഷരങ്ങളുടെ നഗരം’ എന്നര്‍ഥം വരുന്ന ‘അക്ഷരനഗരി’ എന്നാണു കോട്ടയം അറിയപ്പെടുന്നത്. മലയാളത്തിലെ ആദ്യകാല ദിനപ്പത്രങ്ങളും പ്രസിദ്ധീകരണശാലകളും ഇവിടെയാണു സ്ഥാപിക്കപ്പെട്ടത്.1989ല്‍ 100% സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണു കോട്ടയം പട്ടണം.
പ്രധാനപ്പെട്ട യോഗങ്ങളില്‍ പങ്കെടുക്കുകയും അനന്തരഫലത്തെക്കുറിച്ചുള്ള പ്രധാന രേഖകള്‍ തയ്യാറാക്കുകയും ചെയ്യുമ്പോള്‍, പ്രാദേശികമായുള്ള പ്രാധാന്യം അനുഭവിക്കാനും അപ്പം, പുട്ട്, അവിയല്‍, വാഴപ്പഴ ഉപ്പേരി, ഇഡ്ഡലി മുതലായ ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാനും കേരളത്തിന്റെ തനതു കരകൗശല വസ്തുക്കള്‍ വാങ്ങാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു. കേരളത്തിലെ കായലുകളെക്കുറിച്ചു പറഞ്ഞില്ലെങ്കില്‍ അതു വലിയ നഷ്ടമായിപ്പോകും. കായലിനാല്‍ സമൃദ്ധമായ ചെറിയ ദ്വീപുകളുടെ കൂട്ടം ഉള്‍ക്കൊള്ളുന്ന മേഖലയാണു കുമരകം. ഇതു ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ഇനിയുള്ള ദിവസങ്ങളില്‍ മനോഹരമായ കായലുകളില്‍ നിങ്ങള്‍ വഞ്ചികളിലെ യാത്ര ആസ്വദിക്കുമെന്നറിയുന്നതില്‍ എനിക്കു സന്തോഷമുണ്ട്.
ജീവന്റെ ശാസ്ത്രമായ ആയുര്‍വേദം അതിന്റെ ഏറ്റവും ശുദ്ധമായ രൂപത്തില്‍ ഉത്ഭവിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത നാടായും കേരളം അറിയപ്പെടുന്നു. നിങ്ങള്‍ക്ക് ആയുര്‍വേദവുമായി ബന്ധപ്പെട്ട അനുഭവമുണ്ടാകുന്നില്ലെങ്കില്‍ നിങ്ങളുടെ സന്ദര്‍ശനം പൂര്‍ണമാകില്ല. ഒരാളുടെ ജീവിതകാലത്തു സന്ദര്‍ശിക്കേണ്ട, ആഗോളതലത്തിലെ ഏറ്റവും മികച്ച പത്തു സ്ഥലങ്ങളില്‍ ഇടംപിടിച്ച, കേരളം എന്തുകൊണ്ടാണു ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നതെന്ന്, നിങ്ങള്‍ ഇവിടത്തെ സഞ്ചാരം പൂര്‍ത്തിയാക്കുമ്പോള്‍ മനസിലാക്കുമെന്ന് എനിക്കുറപ്പുണ്ട്. മുരളീധരന്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: