കൊടകര: മണ്ണടിഞ്ഞു കിടന്നിരുന്ന മഹാക്ഷേത്രം പുനര്‍നിര്‍മിച്ച് പ്രതിഷ്ഠ നടത്താനായതിന്റെ സാഫല്യത്തിലാണ് ഒരു നാടും, സ്വപ്നസാക്ഷാത്കാരത്തിനായി അഹോരാത്രം അധ്വാനിച്ച യുവാവും. തൃശൂര്‍ ജില്ലയിലെ പരിയാരം പഞ്ചായത്തില്‍ മോതിരക്കണ്ണിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള മൂന്ന് ശ്രീകോവിലുകളുണ്ടായിരുന്ന മണ്ണുംപുറം മഹാക്ഷേത്രമാണ് വ്യാഴവട്ടക്കാലം മുമ്പ് തകര്‍ന്നടിഞ്ഞ് കിടന്നിരുന്നത്.
ക്ഷേത്രത്തിന്റെ തറകളും അവ നില്ക്കുന്ന 10 സെന്റോളം ഭൂമിയും മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. ബാക്കി ഭൂമി മുഴുവന്‍ അന്യാധീനപ്പെട്ടു. എങ്കിലും സമീപവാസികളായ കുറച്ചു കുടുംബക്കാര് വര്‍ഷങ്ങളായി അവിടെ വിളക്ക് വെക്കുകയും മാസത്തില്‍ ഒരു തവണ പൂജ നടത്തുകയും ചെയ്തിരുന്നു. ഇവിടെ ക്ഷേത്രം പുനര്‍നിര്‍മിക്കണമെന്നും അന്യാധീനപ്പെട്ട ക്ഷേത്രഭൂമി തിരിച്ചെടുക്കണമെന്നതും ഒരു നാടിന്റെ മുഴുവന്‍ പ്രാര്ഥനയായിരുന്നു. ഈ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് നാട്ടുകാരായ ജിനു, ഹേമന്ത് എന്നിവര്‍ ചേര്‍ന്ന് 2010 ല്‍ ഷാജുവിനെ സമീപിക്കുന്നത്. പേരാമ്പ്ര സ്വദേശിയായ ഷാജു അന്ന് ഹിന്ദു ഐക്യവേദി ജില്ലാ സഹസംഘടനാ സെക്രട്ടറിയായിരുന്നു. ഐക്യവേദിയുടെയും ക്ഷേത്ര സംരക്ഷണസമിതിയുടെയും പൂര്‍ണ പിന്തുണയും ഐക്യവേദി സംസ്ഥാന ജന. സെക്രട്ടറി കെ.പി. ഹരിദാസിന്റെ മാര്‍ഗനിര്‍ദേശങ്ങളും
ഷാജുവിന് തുണയായി. ഇപ്പോള്‍ തപസ്യയുടെ തൃശൂര്‍ ജില്ലാ സംഘടനാ സെക്രട്ടറി കൂടിയാണ് ഷാജു. വെള്ളിക്കുളങ്ങര അമ്പലത്തറ ദുര്‍ഗാ ക്ഷേത്രഭൂമി വീണ്ടെടുത്ത് ഭക്തര്‍ക്ക് സമര്‍പ്പിച്ചതിലും ഷാജുവിന്റെ പരിശ്രമമുണ്ട്. അങ്ങിനെയാണ് അന്ന് ക്ഷേത്രാവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലം ഷാജു സന്ദര്‍ശിക്കുന്നത്. തകര്‍ന്ന ശ്രീകോവിലുകളുടെ അവശിഷ്ടങ്ങളും ശിവന്, ദക്ഷിണാമൂര്‍ത്തി മഹാവിഷ്ണു എന്നീ മൂന്ന് ഉടഞ്ഞ വിഗ്രഹങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. സമീപവാസികളായ പോട്ടാശേരി ഗംഗാധരന്, കുറിഞ്ഞിക്കാടന്‍ വേണു, പ്രദീപ്, വിജയന് നായര്‍, വിജയന് മേനോന് എന്നിവരുമായി കാര്യങ്ങള്‍ സംസാരിച്ചു. അന്യാധീനപ്പെട്ട ക്ഷേത്രഭൂമിയില്‍ വലിയ ധാരാളം വീടുകളും കത്തോലിക്കാ സഭയുടെ വലിയൊരു സ്ഥാപനവും തെങ്ങ്, ജാതി തുടങ്ങിയ വൃക്ഷങ്ങളുമുണ്ടായിരുന്നു.
ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിന്ന് പഴയ രേഖകള്‍ തപ്പിയെടുത്തു. ക്ഷേത്രഭൂമി അഞ്ചര ഏക്കറുണ്ടായിരുന്നു. അവശേഷിച്ചത് വെറും പത്ത് സെന്റും. ക്ഷേത്രം പുനര്‍നിര്‍മാണത്തിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു. കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ കോഴിക്കോട് കാര്യാലയത്തില്‍ പോയി മണ്ണുംപുറം മഹാദേവക്ഷേത്രം കേരള ക്ഷേത്ര സംരക്ഷണ സമിതിയില്‍ രജിസ്റ്റര്‍ ചെയ്തു. മറ്റം ജയകൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ അഷ്ടമംഗലപ്രശ്നം നടത്തി. മറുഭാഗത്ത് ശക്തമായ എതിര്‍പ്പുകള്‍ ആരംഭിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭൂമി കൈവശം വച്ചിരിക്കുന്നവരുടേയും നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ നിലവില്‍ വന്നു. ക്ഷേത്രഭൂമിയുടെ അവകാശം തിരികെ ലഭിക്കാന്‍ ചാലക്കുടി കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ചാലക്കുടി കോടതിയിലെ അഡ്വ. റോഷ് കീഴാറയും അദ്ദേഹത്തിന്റെ അമ്മാവനും ഇരിങ്ങാലക്കുട കോടതിയിലെ സീനിയര്‍ വക്കീലുമായ സുഭാഷ് ചന്ദ്രബാബുവുമായിരുന്നു കേസ് കൈകാര്യം ചെയ്തത്. ആ വര്‍ഷത്തെ വേനലവധിക്ക് കോടതി അടയ്ക്കുന്നതിന്റെ തലേന്നാള്‍ ക്ഷേത്ര ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ ക്ഷേത്രഭൂമിയിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് കോടതിയില്‍ നിന്ന് ഉത്തരവ് നേടിയെടുത്തു.
തൊട്ടടുത്ത ദിവസം തന്നെ യുവാക്കളെ സംഘടിപ്പിച്ച് ക്ഷേത്രഭൂമിയില്‍ ക്ഷേത്രത്തിനോട് ചേര്‍ന്ന് കിടക്കുന്ന ഏകദേശം അരയേക്കര്‍ ഭൂമിയിലെ ജാതിമരങ്ങള്‍ വെട്ടിമാറ്റി. ചാലക്കുടി എസ് ഐ ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സേനയും പരിയാരം കോടശേരി എന്നീ പഞ്ചായത്തുകളിലെ വാര്‍ഡ് മെമ്പര്‍മാരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും ഭൂമി കൈവശം വച്ചിരിക്കുന്ന കുടുംബങ്ങളും പൊതുജനങ്ങളുമൊക്കെയായി വന്‍ ജനക്കൂട്ടത്തിന്റെ സാന്നിധ്യത്തിലാണ് ജാതിമരങ്ങള്‍ വെട്ടി മാറ്റിയത്. കോടതിയുടെ ഉത്തരവ് ഉള്ളതിനാല്‍ പോലീസിനും ഇടപെടാന്‍ കഴിഞ്ഞില്ല.
സംഘര്‍ഷം ഉണ്ടായാല്‍ ഇടപെടുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഘര്‍ഷമുണ്ടാകാതെ ഇത് കൈകാര്യം ചെയ്യാന്‍ ഷാജു നേതൃത്വം നല്കി. ഏകദേശം ഒരു വര്‍ഷത്തോളം ഷാജു അവിടെ പ്രവര്‍ത്തിച്ചു. പ്രശ്നങ്ങള്‍ അവസാനിച്ചു. ക്ഷേത്ര നിര്‍മാണച്ചുമതല നാട്ടുകാര്‍ക്ക് വിട്ടുകൊടുത്ത് ഷാജു എന്ന സ്വയംസേവകന് തിരികെ പോന്നു. 60 സെന്റ് ഭൂമി മാത്രമാണ് ഏറ്റെടുത്ത് ക്ഷേത്രം നിര്‍മിച്ചത്. ഇതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിച്ചു. അവിടെ താമസിച്ചിരുന്ന ആര്‍ക്കും ഒരു ബുദ്ധിമുട്ടും വരുത്താതെയാണ് ഭൂമി തിരിച്ചെടുത്തത്. അന്ന് തിരിച്ചെടുത്ത ഭൂമിയില്‍ നാട്ടുകാരായ ഭക്തജനങ്ങള്‍ മനോഹരമായ ക്ഷേത്രം നിര്‍മ്മിച്ചു.
ഇക്കഴിഞ്ഞ 22 ന് കാരണത്ത് ശ്രീധരന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ പഞ്ചവാദ്യത്തിന്റേയും പരിഷവാദ്യത്തിന്റേയും അകമ്പടിയോടെയായിരുന്നു പ്രതിഷ്ഠ. അന്ന് കേസ് കൈകാര്യം ചെയ്ത വക്കീല്‍ പിന്നീട് സംഘസ്വയംസേവകനായി. അദ്ദേഹം ഇന്ന് ചാലക്കുടി സംഘജില്ലയുടെ സംഘചാലകനാണ്. കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ പ്രതിഷ്ഠാ വേളയില്‍ ക്ഷേത്രത്തിലേക്ക് നിലവിളക്കു സമര്‍പ്പിച്ചതും പ്രതിഷ്ഠാ മുഹൂര്‍ത്തശേഷം അന്നദാന പന്തലിനായി സഭയുടെ കരുണാലയത്തിന്റെ മതില് പൊളിച്ചു സൗകര്യമൊരുക്കിയതും മതസൗഹാര്‍ദത്തിന്റെ മഹനീയ സന്ദേശം വിളിച്ചോതുന്നതുകൂടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: