കൊച്ചി: പേര് ജനമൈത്രി പോലീസ് സ്റ്റേഷന് എന്നത്രേ. പക്ഷേ മൈത്രി പോയിട്ട്, മര്യാദ പോലും പോലീസുകാരുടെ ഏഴയലത്തുകൂടിയില്ല. ചോദ്യം ചെയ്യലോ പറച്ചിലോ ഒന്നുമില്ല. ഇഷ്ടം തോന്നാത്ത ആരുടെയും മുഖത്ത് ഒറ്റയടിയാണ്. ഇതാണ് തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെ ‘വെല്‍കം ഡ്രിങ്ക്’. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസിലൂടെ കുപ്രസിദ്ധി നേടിയ ഈ പോലീസ് സ്റ്റേഷന് മൂന്നാം മുറയുടെ കേന്ദ്രവുമാണ്. വാഹന പരിശോധനയ്ക്കിടെ മനോഹരനെയും കരണത്തടിച്ചാണ് എസ്ഐ ജിമ്മി ജോസ് സ്വീകരിച്ചത്. പോലീസ് ജീപ്പിലും സ്റ്റേഷനിലും നടത്തിയ പീഡനത്തെ തുടര്‍ന്നാണ് മനോഹരന് മരിക്കുന്നത്.
തലമുടി നീട്ടിവളര്‍ത്തിയ ചെറുപ്പക്കാരാണ് പോലീസ് ഉദ്യോഗസ്ഥരുടെ പ്രധാന നോട്ടപ്പുള്ളികള്‍. ഇവരെല്ലാം കഞ്ചാവ് വലിക്കുന്നവരും വില്‍ക്കുന്നവരുമാണെന്ന ധാരണയോടെയാണ് സമീപനം. കൈയില്‍ കിട്ടുന്നയാളെ ആദ്യം തല്ലിച്ചതയ്ക്കും. അയാളുടെ ഫോണ്‍ പരിശോധിച്ച് മറ്റുള്ളവരെയും വിളിച്ചുവരുത്തും. ഇവരെയും മര്‍ദിക്കും, ലോക്കപ്പിലിടും. ഇതാണ് ഹില്‍പാലസ് പോലീസുകാരുടെ പതിവ്. കഞ്ചാവു കേസെന്നു മുദ്ര കുത്തിയാല്‍ ആരും ഇടപെടില്ലെന്ന ധൈര്യമാണ് പോലീസുകാര്‍ക്കെന്ന് ബിജെപി കൗണ്‍സിലര്‍ വള്ളി രവി ജന്മഭൂമിയോടു പറഞ്ഞു.
മൂന്നാഴ്ച മുമ്പാണ് പോലീസ് സ്റ്റേഷനില്‍ പാന്റ്സിന്റെ പോക്കറ്റില്‍ കൈയിട്ടുനിന്നെന്ന പേരില്‍ പതിനെട്ടുകാരന്റെ കരണത്തടിക്കുകയും നട്ടെല്ല് തല്ലിയൊടിക്കുകയും ചെയ്തത്. ഇതേക്കുറിച്ച് കമ്മിഷണറെ അറിയിച്ചിട്ടും എസ്ഐക്കെതിരേയുള്ള പരാതിയുടെ ഫയല്‍ കമ്മിഷണറുടെ കൈവശമുണ്ടായിട്ടും നടപടിയുണ്ടായില്ല.
പെറ്റി കേസ് ചുമത്തി പോലീസ് സ്റ്റേഷനിലെത്തിക്കുന്നവരെ നിര്‍ബന്ധമായും തല്ലുകയെന്നതാണ് സിഐ ഗോപകുമാറിന്റെയും മനോഹരന് കേസില്‍ സസ്പെന്‍ഷനിലായ എസ്ഐ ജിമ്മി ജോസിന്റെയും പ്രധാന വിനോദം. സാധാരണക്കാരും കൂലിപ്പണിക്കാരുമാണ് പ്രധാന ഇരകള്‍. സ്റ്റേഷനിലെത്തുന്നവരുടെ മൊബൈല്‍ ഫോണും വാഹനവും പിടിച്ചുവയ്ക്കുക, അടുത്ത ദിവസം വരാന്‍ പറഞ്ഞ് തിരിച്ചയയ്ക്കുക, പിറ്റേന്ന് എത്തുമ്പോള്‍ വീണ്ടും കരണത്തടിക്കുക. അങ്ങനെ നിത്യേന പോലീസ് സ്റ്റേഷനില്‍ കയറ്റിയിറക്കുന്ന ഈ കലാപരിപാടി ദിവസങ്ങളോളം നീളും. പിടിക്കപ്പെട്ടവര്‍ തെറ്റു ചെയ്തിട്ടില്ലെന്ന് മനസ്സിലായാലും എന്തെങ്കിലും കാരണം പറഞ്ഞ് പാതിരാത്രി വരെ പോലീസ് സ്റ്റേഷനില്‍ നിര്‍ത്തുന്നതും പതിവാണ്. തങ്ങള്‍ക്കും മോശം പെരുമാറ്റമാണ് നേരിടേണ്ടി വരുന്നതെന്ന് ജനപ്രതിനിധികളും പറയുന്നു. കരിങ്ങാച്ചിറയിലുള്ള ഹോട്ടല്‍ നടത്തിപ്പുകാരനെ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ മാസമാണ്.
പ്രതികള്‍ക്കു മാത്രമല്ല, വാദികള്‍ക്കും ഈ സ്റ്റേഷനില്‍ രക്ഷയില്ല. ഇവര്‍ക്കും ദുരനുഭവങ്ങള്‍ ധാരാളമുണ്ട്. പക്ഷേ ഭയം കൊണ്ട് ആരും പുറത്തു പറയാറില്ല. ഭീഷണി, അസഭ്യം പറച്ചില് എന്നിവയിലൂടെ ഇവരെ മാനസിക സമ്മര്‍ദത്തിലാക്കുകയും ചെയ്യും. മനോഹരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്നാണ് ചിലരെങ്കിലും ദുരനുഭവം തുറന്നുപറയാന്‍ തയ്യാറായത്. ഭരണപക്ഷത്തിന്റെ സംരക്ഷണ വലയത്തിനുള്ളിലാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍. ഇതാണ് മൂന്നാം മുറയ്ക്കുള്ള ലൈസന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: