തൃപ്പൂണിത്തുറയില്‍ പോലീസുകാരുടെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് നിര്‍മാണത്തൊഴിലാളി മരിക്കാനിടയായ സംഭവം നടുക്കമുണ്ടാക്കുന്നതാണെന്നു പറയാനാവില്ല. കാരണം ഇടതുഭരണത്തിന്‍കീഴില്‍ പോലീസിന്റെ അതിക്രമങ്ങള്‍ മൂലം നിരപരാധികളായ മനുഷ്യര്‍ മരിക്കുന്നത് ഇത് ആദ്യമായല്ല. കസ്റ്റഡിയിലും അല്ലാതെയും പോലീസുകാര്‍ നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ ജനങ്ങളുടെ മനഃസാക്ഷിയെ മരവിപ്പിച്ചിരിക്കുന്നു. അതുകൊണ്ടാണ് അവരില്‍ നടുക്കമുണ്ടാവാത്തത്. തൃപ്പൂണിത്തുറയില്‍ ഒരു പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്ന മനോഹരന്റെ ജീവനെടുത്ത പോലീസിന്റേത് ഒരു നരഹത്യതന്നെയാണ്. പോലീസുകാര്‍ നൂറുശതമാനവും ഇതിന് ഉത്തരവാദികളുമാണ്. വാഹനപരിശോധനക്കിറങ്ങിയ പോലീസ് വഴിയില്‍ കൈകാണിച്ചതിന് ബൈക്ക് അല്‍പ്പം നീക്കിനിര്‍ത്തിയതാണ് ഈ സാധു മനുഷ്യന് ചെയ്ത ക്രമിനല്‍ കുറ്റം! വണ്ടിനിര്‍ത്തി അടുത്തേക്കു വന്ന ഈ തൊഴിലാളി ഹെല്‍മറ്റ് ഊരിയയുടന്‍ എസ്ഐ മുഖത്തടിക്കുകയായിരുന്നു. അതോടെ വിറച്ചുപോയ ആ പാവത്തെ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയും ക്രൂരമായി മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് അവശനായി സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അതിനു മുന്‍പേ മരണം സംഭവിക്കുകയായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അതിനിടയാക്കിയത് നൂറുശതമാനവും പോലീസിന്റെ മര്‍ദ്ദനമാണ്. പോലീസ് കൈകാണിച്ചപ്പോള്‍ വാഹനം അല്‍പ്പം മാറ്റിനിര്‍ത്തിയതിന്റെ പേരില്‍ എന്തിനാണ് ഒരു മനുഷ്യനെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തത്? കൊടും കുറ്റകൃത്യങ്ങള്‍ക്കുപോലും കൂട്ടുനില്‍ക്കുകയും, അത് ചെയ്യുന്നവരെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പോലീസുകാരാണ് നിസ്സാരമായ ഒരു കാര്യത്തിന് ഒരു മനുഷ്യന്റെ ജീവനെടുത്തിരിക്കുന്നത്.
ചെറുതോ വലുതോ ആയ കേസുകളില്‍ പ്രതികളാവുന്ന പൗരന്മാരെ മര്‍ദ്ദിക്കാന്‍ നിയമപരമായി യാതൊരു അധികാരവും പോലീസിനില്ല. പക്ഷേ ഇങ്ങനെയൊരു അവകാശം തങ്ങള്‍ക്കുണ്ടെന്ന ധാര്ഷ്ട്യത്തില് പോലീസ് അതിക്രമങ്ങള്‍ കാണിക്കുകയാണ്. ഒന്നിനു പുറകെ ഒന്നായി ഇത്തരം അനിഷ്ടസംഭവങ്ങളുണ്ടാവുകയും മരണങ്ങള് സംഭവിക്കുകയും ചെയ്തിട്ടും പോലീസ് ഈ രീതി ഉപേക്ഷിക്കാത്തത് വളരെ ഗുരുതരമായ പ്രശ്നമാണ്. പോലീസ് മര്‍ദ്ദനത്തിനും കസ്റ്റഡി മരണത്തിനുമെതിരെ കോടതികള്‍ നിരവധി വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. അറസ്റ്റിലാവുന്ന ഒരാളുടെ അവകാശങ്ങള്‍ എന്തൊക്കെയാണെന്നും, പോലീസ് സ്റ്റേഷനുള്ളില്‍ പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചും വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. എന്നാല്‍ ഇതൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന മനോഭാവമാണ് ബഹുഭൂരിപക്ഷം പോലീസുകാര്‍ക്കുമുള്ളത്. കാക്കിയിട്ടു കഴിഞ്ഞാല്‍ ജനങ്ങളുടെ മേലാളന്മാരാണെന്നും, അവര്‍ക്കുമേല്‍ കുതിരകേറാനുള്ള അധികാരമുണ്ടെന്നും പോലീസുകാര്‍ കരുതുന്നു. കസ്റ്റഡിമരണം പോലുള്ള സംഭവമുണ്ടായാലും അവര്‍ പിന്മാറുന്നില്ല. നാട്ടുകാരുടെ പ്രതിഷേധം അധികം വൈകാതെ കെട്ടടങ്ങും. കേസില്‍ പ്രതികളാവുന്ന പോലീസുകാരെ രക്ഷപ്പെടുത്താനുള്ള വഴികള്‍ അവര്‍ തന്നെ കണ്ടെത്തും. എഫ്ഐആറിലും അന്വേഷണത്തിലും കുറ്റപത്രത്തിലുമൊക്കെ ഇതിനുള്ള പഴുതുകള്‍ ഇട്ടിരിക്കും. സാധാരണഗതിയില്‍ കോടതിക്കുപോലും ശിക്ഷിക്കാന്‍ കഴിയാത്ത വിധത്തില്‍ തെളിവുകള്‍ നശിപ്പിക്കും. സാക്ഷികളെ വിലയ്ക്കെടുക്കും, കൂറുമാറ്റും. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും, ഇല്ലാതാക്കും. ഇത്തരം നിരവധി സംഭവങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിച്ചിട്ടുള്ളതാണ്. തൃപ്പൂണിത്തുറയിലും ഇതുതന്നെ സംഭവിക്കാന്‍ അനുവദിക്കരുത്. എസ്ഐയെ മാത്രം സസ്പെന്‍ഡ് ചെയ്ത് മറ്റു പോലീസുകാരെ ഒഴിവാക്കിയിരിക്കുന്നു. ഈ എസ്ഐയെ എങ്ങനെ രക്ഷിക്കാനാവുമെന്നാവും മറ്റു പോലീസുകാരുടെ ചിന്ത. അതനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയന് കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിനു കീഴില്‍ പോലീസ് മര്‍ദ്ദനത്തിന്റെയും കസ്റ്റഡി മരണങ്ങളുടെയും പരമ്പരതന്നെയാണ് നടന്നിട്ടുള്ളത്. 2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് അധികം കഴിയുന്നതിന് മുന്‍പ് വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഇതൊന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയാണ് സര്‍ക്കാര്‍ ഭരണം തുടര്‍ന്നത്. എന്നാല്‍ ഈ ഉറപ്പ് നിരന്തരം ലംഘിക്കപ്പെടുന്നതാണ് പിന്നീട് കേരളം കണ്ടത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന്റെ വ്യക്തമായ ഉത്തരം കണ്ടെത്താന്‍ കഴിയും. ഒന്നാമതായി ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് മുഖ്യമന്ത്രി തികഞ്ഞ പരാജയമാണ്. വകുപ്പിലെ കാര്യങ്ങള്‍ നോക്കാന്‍ നേരമില്ല. തനിക്കെതിരെയുള്ള അഴിമതിക്കേസുകളില്‍നിന്ന് എങ്ങനെയൊക്കെ രക്ഷപ്പെടാം എന്നതുമാത്രമാണ് ചിന്ത. ഇതിന് പോലീസുകാരുടെ എല്ലാ ഒത്താശയും ലഭിക്കുന്നു. പോലീസിന്റെ തലപ്പത്തു മാത്രമല്ല, പ്രധാനപ്പെട്ട പദവികളിലെല്ലാം തനിക്ക് വഴങ്ങുന്ന പോലീസുകാരെയാണ് നിയമിച്ചിട്ടുള്ളത്. ഇവര്‍ നല്കുന്ന ‘സേവനത്തിന്’ വിരമിച്ചു കഴിഞ്ഞാല്‍ പ്രത്യുപകാരവും ലഭിക്കുന്നു. പോലീസുകാരുടെ ഭാഗത്തുനിന്ന് നിരന്തരം അതിക്രമങ്ങളും കസ്റ്റഡിമരണങ്ങളും ഉണ്ടാകുമ്പോള്‍ അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമായി ചിത്രീകരിക്കാന്‍ മുഖ്യമന്ത്രി തന്നെ മുന്നിട്ടിറങ്ങുകയും, ഭരണത്തിന് നേതൃത്വം നല്കുന്ന പാര്‍ട്ടി ആ പ്രചാരണം ഏറ്റെടുക്കുകയും ചെയ്യുന്നു. പോലീസ് സ്റ്റേഷന് ഭരിക്കാന്‍ അവസരം ലഭിക്കുന്നതിനാല്‍ മുഖ്യമന്ത്രിയുടെ പാര്ട്ടിക്കാര് ഏറെ സന്തോഷത്തിലുമാണ്. പാര്‍ട്ടി ക്രിമിനലുകളും പോലീസ് ക്രിമിനലുകളും കൈകോര്‍ത്താണ് നീങ്ങുന്നത്. തൃപ്പൂണിത്തുറയില്‍ ഗൃഹനാഥന്റെ ജീവനെടുത്ത പോലീസ് ഒരു കുടുംബത്തെയാണ് അനാഥമാക്കിയിരിക്കുന്നത്. ഇതു ചെയ്ത മുഴുവന്‍ പോലീസുകാര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും, കുടുംബത്തെ സഹായിക്കാന്‍ അടിയന്തര ധനസഹായവും ആശ്രിതര്‍ക്ക് ജോലിയും നല്‍കാനും സര്‍ക്കാര്‍ നടപടികളെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: