ഷാരോണ്‍ ജോസ്
അന്ധനായ നായകന്റെ കാഴ്ചപ്പാടിലൂടെ കഥ പറയുന്ന ചിത്രം ‘ബ്ലൈന്‍ഡ് ഫോള്‍ഡ്’ ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഓഡിയോ ചലച്ചിത്രമായി ഒരുങ്ങുന്നു. ക്രിയേറ്റീവ് ഡിസൈനറും ചലച്ചിത്രകാരനുമായ ബിനോയ് കാരമെന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഇന്റലക്ച്വല്‍ മങ്കി പ്രൊഡക്ഷനും ലക്ഷ്വറി അപ്പാരല്‍ ബ്രാന്‍ഡായ ക്ലുമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. പരമ്പരാഗത ചലച്ചിത്ര നിര്‍മാണ രീതികളില്‍ നിന്ന് വിഭിന്നമായി ശബ്ദ സാങ്കേതിക വിദ്യകളുടെ നൂതനമായ സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. അന്ധനായ കേന്ദ്രകഥാപാത്രം ഒരു കൊലപാതകത്തിന്റെ സാക്ഷിയാവുകയും പിന്നീട് സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കാതല്‍. ദൃശ്യങ്ങള്‍ ഇല്ലാതെ ശബ്ദം കൊണ്ട് മാത്രം പ്രേക്ഷകനെ നയിക്കുന്ന ചലച്ചിത്രം പ്രേക്ഷകര്‍ക്ക് നവീനമായ അനുഭവമാകും സമ്മാനിക്കുക.
സിനിമാ മേഖലയിലെ ഭൂരിഭാഗം സിനിമകളും ദൃശ്യഭംഗിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അതിന്റെ ആഖ്യാനരീതിയും ശബ്ദമിശ്രണവും സിനിമ ആസ്വാദ്യകരമാവാന്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ‘ബ്ലൈന്‍ഡ് ഫോള്‍ഡ്’ നമ്മെ ഓര്‍മിപ്പിക്കുന്നു. കോഴിക്കോട് നഗരത്തിലെ അന്ധനായ ലോട്ടറി വില്‍പ്പനക്കാരന്‍ രാജന്റെ വീക്ഷണത്തില്‍ നിന്നാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഒരു കൊലപാതകം നടക്കുന്നത് കേള്‍ക്കുന്നതും തുടര്‍ന്നുണ്ടാകുന്ന അസാധാരണ സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.
അതിനൂതനമായ ശബ്ദസാങ്കേതികവിദ്യകളുടെ സഹായം പ്രേക്ഷകര്‍ക്ക് നവീനമായ ശ്രവ്യാനുഭവം പ്രദാനം ചെയ്യും. സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച പരിചയസമ്പന്നരായ സൗണ്ട് ഡിസൈനര്‍മാരും മികച്ച അനുഭവമായി സിനിമയെ മാറ്റിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഫ്രീക്വന്‍സി സൂചകങ്ങള്‍ക്കൊപ്പം, ശബ്ദത്തിന്റെ ദിശയും ഉത്ഭവവും നിര്‍ണയിക്കപ്പെടുന്ന തരത്തില്‍ സൗണ്ട്സ്‌കേപ്പ് രൂപകല്‍പന ചെയ്യാന്‍ ബൈനറല്‍ സാങ്കേതികവിദ്യ സഹായിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് മികച്ച സറൗണ്ട് സൗണ്ട് അനുഭവം നല്‍കുകയും അവര്‍ക്ക് ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്ന ചിത്രം ഡോള്‍ബി അറ്റ്‌മോസിലാണ് അവതരിപ്പിക്കുന്നത്.
‘നവീനമായ ശബ്ദസാങ്കേതിക വിദ്യകളുടെ സഹായത്തോടെ വരുംകാല ഓഡിയോ സ്റ്റോറികള്‍ക്കായുള്ള അവസരങ്ങള്‍ തുറന്നിടുകയാണ് ബ്ലൈന്‍ഡ്‌ഫോള്‍ഡ്. സിനിമയിലേക്ക് പ്രേക്ഷകരെ അടുപ്പിക്കാന്‍ ചിത്രത്തിന്റെ ഓഡിയോ ഡിസൈന്‍ വലിയ പങ്ക് വഹിക്കും. സിനിമയുടെ സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചിരിക്കുന്നത് അജില്‍ കുര്യന്‍, കൃഷ്ണന്‍ ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ്. പശ്ചാത്തല സംഗീതം സ്റ്റീവ് ബെഞ്ചമിനും തിരക്കഥാ രചന സൂര്യഗായത്രിയുമാണ്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിന്റെ സര്‍ഗാത്മകതയുടെയും പുതുമയുടെയും ശക്തമായ സാക്ഷ്യപത്രമാകും ബ്ലൈന്‍ഡ്ഫോള്‍ഡ്. ഈ പരീക്ഷണാത്മക ചുവടുവെപ്പ് മലയാള സിനിമക്ക് മാത്രമല്ല ഇന്ത്യന്‍ സിനിമക്ക് തന്നെ അഭിമാനകരമാകുമെന്ന് കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: