മുംബൈ: രാഹുല്‍ ഗാന്ധി വീര്‍ സവര്‍ക്കറെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ സഖ്യകക്ഷികളായ ഉദ്ധവ് താക്കറെയും ശരത് പവാറും പ്രതിരോധത്തിലായി. നിവൃത്തിയില്ലാതെ, ശരത് പവാര്‍ ചൊവ്വാഴ്ച രാഹുല്‍ഗാന്ധിയോട് വീര്‍ സവര്‍ക്കറിനെക്കുറിച്ച് നടത്തിയ പ്രസ്താവനയിലുള്ള നീരസം പരസ്യമായി പ്രകടിപ്പിച്ചു. വീര്‍ സവര്‍ക്കരെ വിമര്‍ശിക്കുന്നത് ഗുണം ചെയ്യില്ലെന്ന കാര്യം ശരത് പവാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. ഇതോടെയാണ് ഇനി വീര്‍ സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന് അല്‍പം ശബ്ദം താഴ്‌ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതായാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കളുടെ ബിജെപിയ്‌ക്കെതിരായ യോഗത്തില്‍ നിന്നും രാഹുലിന്റെ വീര്‍ സവര്‍ക്കര്‍ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് ഉദ്ധവ് താക്കറെ വിട്ടുനിന്നിരുന്നു. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നുമുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലുള്ള ശിവസേനയുടെ അതൃപ്തിയും ശരത് പവാര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. സവര്‍ക്കറെ വിമര്‍ശിച്ചതിന് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയും ബിജെപി നേതാക്കളും ആഞ്ഞടിച്ചത് ഉദ്ധവ് താക്കറെയെയും പവാറിനെയും വെട്ടിലാക്കിയിരുന്നു.
ഇനി സവര്‍ക്കറെ വിമര്‍ശിക്കില്ലെന്ന രീതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ശരത് പവാറിനോടും ഉദ്ധവ് താക്കറെയോടും സമ്മിച്ചുവെന്നാണ് അറിയുന്നത്. തിങ്കളാഴ്ച കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത പ്രതിപക്ഷനേതാക്കളുടെ യോഗത്തിലാണ് പവാര്‍ രാഹുലിന്റെ പ്രസ്താവനയിലുള്ള അതൃപ്തി തുറന്നുപറഞ്ഞത്. മഹാരാഷ്‌ട്രയില്‍ അങ്ങേയറ്റം ബഹുമാനിക്കപ്പെടുന്ന വീര്‍ സവര്‍ക്കറെ വിമര്‍ശിക്കുന്നത് മഹാരാഷ്‌ട്രയിലെ പ്രതിപക്ഷ ഐക്യത്തിന് ഗുണം ചെയ്യില്ലെന്ന് ശരത്പവാര്‍ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധിയും സോണിയാഗാന്ധിയും പങ്കെടുത്ത യോഗത്തില്‍ ശരത് പവാര്‍ രാഹുലിന് വീര്‍ സവര്‍ക്കറെക്കുറിച്ച് ചെറുതായി ക്ലാസ് നല്‍കിയെന്ന് പറയപ്പെടുന്നു. മഹാരാഷ്‌ട്രയില്‍ എല്ലാവരും അങ്ങേയറ്റം ബഹുമാനിക്കുന്ന വ്യക്തിത്വമാണെന്നും അദ്ദേഹത്തെ ആര്‍എസ്എസ് നേതാവായി ചുരുക്കിക്കാണരുതെന്നും ഇനി മേലില്‍ വിമര്‍ശിക്കരുതെന്നും ശരത് പവാര്‍ യോഗത്തില്‍ വ്യക്തമാക്കിയതായി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: