കൊല്ലം: നടുറോഡില്‍ തല്ലുണ്ടാക്കുകയും ഓട്ടോ ഡ്രൈവറുടെ കൈ തല്ലിയൊടിക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കടയ്ക്കല്‍ പാങ്ങലുകാട് സ്വദേശിനി അന്‍സിയ ബീവി (33) ആണ് അറസ്റ്റിലായത്. കടയ്ക്കൽ എസ്ഐ ജ്യോതിഷിന്റെ സാന്നിധ്യത്തിൽ വനിതാ സിവിൽ പൊലീസ് ഓഫീസർമാർമാരാണ് ഇവരെ പിടികൂടിയത്.
പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തുകയാണ് അന്‍സിയ. കടയുടെ മുമ്പില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. ഒരാഴ്ച മുമ്പ് ഒരു പെണ്‍കുട്ടിയെ ഇവര്‍ മര്‍ദിച്ചിരുന്നു. ജംഗ്ഷനില്‍ വച്ച് സ്ത്രീകളെ അസഭ്യം പറയുകയും കല്ലെടുത്തെറിയുകയും ചെയ്തെന്ന പരാതിയില്‍ എസ് സി – എസ് ടി പീഡനനിരോധന നിയമപ്രകാരമാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും അന്‍സിയ ബീവിക്കെതിരെ ഉണ്ട്.
അൻസിയ പെൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നാരോപിച്ചാണ് ഇവര്‍ ഓട്ടോ ഡ്രൈവറെ മര്‍ദിച്ചത്. കമ്പിവടികൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. പിന്നാലെ ഓട്ടോ ഡ്രൈവറും പരാതി നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ കത്തിയുമായി റോഡിലിറങ്ങിയ യുവതി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇവരുടെ മകന്റെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: