ശിവഗിരി: ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരി മഠത്തിന്റെ നേതൃത്വത്തില്‍ പോഷക സംഘടന ഗുരുധര്‍മ്മപ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈക്കത്തു നടത്തുന്ന കേന്ദ്രതല ആഘോഷങ്ങളുടെ ഉദ്ഘാധാന ക്രമീകരണം പൂര്‍ത്തിയായതായി ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം എന്നിവര്‍ അറിയിച്ചു.
വൈക്കം ക്ഷേത്ര റോഡില്‍ കൂടി ഒരിക്കല്‍ റിക്ഷാ വണ്ടിയില്‍ സഞ്ചരിച്ചപ്പോള്‍ ശ്രീനാരായണ ഗുരുദേവന് യാത്രാ തടസ്സം സൃഷ്ടിച്ചതിനെത്തുടര്ന്നായിരുന്നു ഗുരുദേവന്റെ ഗൃഹസ്ഥ ശിഷ്യ പ്രമുഖന് ദേശാഭിമാനി ടി.കെ. മാധവന് മുന്‍നിരയില്‍ നിന്നും വൈക്കം സത്യാഗ്രഹത്തിന് രൂപം നല്‍കിയതെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തുമായി ഒരു വര്‍ഷത്തോളം നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്കാണ് ശിവഗിരി മഠവും ഗുരുധര്‍മ്മ പ്രചരണ സഭയും രൂപെകൊടുത്തിട്ടുള്ളത്.
ബുധനാഴ്ച രാവിലെ ഒമ്പതിന് വലിയ കവലയിലെ ടി.കെ. മാധവന് സ്ക്വയറില്‍ പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തും. തുടര്‍ന്ന് ശിവഗിരിമഠത്തിലെ സംന്യാസിമാര്‍ നയിക്കുന്ന വിളംബര യാത്ര സമ്മേളന വേദിയിലേക്ക് പുറപ്പെടും. 10 ന് സച്ചിദാനന്ദ സ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ശതാബ്ദി സമ്മേളനം മലങ്ക ര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃദീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. മുന്‍മന്ത്രി മുല്ലക്കര രത്നാകരന് മുഖ്യപ്രഭാഷണം നടത്തും. സത്യാഗ്രഹ ലഘുലേഖ സിനിമാ നടന് ദേവന് പ്രകാശനം ചെയ്യും.
ടി കെ. മാധവന്റെ ചെറുമകള്‍ ഡോ. വിജയ് നായര്‍ സമ്മേളനത്തില്‍ ആദരിക്കും. സത്യാഗ്രഹശതാബ്ദി ആഘോഷ ലോഗോയും പ്രകാശനം ചെയ്യും. ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ പ്രസിഡന്റ് സ്വാമി സ്വാമി വിശുദ്ധാനന്ദ, മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ, ഗുരുധര്‍മ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രകാശം, ആലുവാ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, സി. കെ. ആശ എം.എല്‍.എ. നഗരസഭാ ചെയര്‍പേഴ്സണ്‍ രാധികാ ശ്യാം, വാര്‍ഡ് കൗണ്‍സിലര്‍ ആര്. സന്തോഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: