ന്യൂദല്‍ഹി: ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ എഐസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരെ തരംതാണ ഭാഷയില്‍ അപമാനിച്ച രാഹുലിനെതിരെ പ്രതിഷേധം. കോണ്‍ഗ്രസ് വാര്‍ത്തകള്‍ വര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്യുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ നേരില്‍ക്കണ്ട് പ്രതിഷേധമറിയിച്ചു.
രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത് തീര്‍ത്തും മോശം പെരുമാറ്റമാണെന്നും ഇത്തരത്തിലാണെങ്കില്‍ കോണ്‍ഗ്രസ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വരില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ ഖാര്‍ഗെയെ അറിയിച്ചു. നിങ്ങളെല്ലാം ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്നും താമര ചിഹ്നം നെഞ്ചത്തു കുത്തി നടക്കുകയാണ് വേണ്ടതെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍.
നിരവധി വര്‍ഷങ്ങളായി കോണ്‍ഗ്രസ് വാര്‍ത്ത കവര്‍ ചെയ്യുന്ന ന്യൂസ് 18 സീനിയര്‍ എഡിറ്റര്‍ പല്ലവി ഘോഷിനാണ് ആദ്യം ചീത്ത കേട്ടത്. കോണ്‍ഗ്രസ് നേതൃത്വവുമായി ഏറെ അടുപ്പമുള്ള പല്ലവി, കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തകള്‍ ഏറ്റവുമധികം തെരഞ്ഞെടുത്ത് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകയുമാണ്. ഒബിസി സമുദായത്തെ അപമാനിച്ചുവെന്ന ആരോപണത്തോട് എന്താണ് പ്രതികരണമെന്ന പല്ലവിയുടെ ചോദ്യത്തോട് രാഹുല്‍ പൊട്ടിത്തെറിച്ചാണ് മറുപടി നല്‍കിയത്.
ന്യൂസ് 18 ഹിന്ദിയിലെ രവി സിസോദിയ എന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനെയും രാഹുല്‍ ചീത്തവാക്കുകള്‍ കൊണ്ട് അപമാനിച്ചു. ഇരുവരും ബിജെപിക്ക് വേണ്ടി പണിയെടുക്കുന്നവരാണെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപി ചിഹ്നം നെഞ്ചില്‍ കുത്തി നടക്കുന്ന നിങ്ങള്‍ എന്തിനാണ് മാധ്യമ പ്രവര്‍ത്തകരായി അഭിനയിക്കുന്നതെന്നും രാഹുല്‍ ചോദിച്ചു. പെട്ടെന്നുള്ള രാഹുലിന്റെ ക്ഷോഭത്തിന് കാരണമറിയാതെ ഇരുന്ന മാധ്യമപ്രവര്‍ത്തകരെ നോക്കി ‘അവരുടെ കാറ്റു പോയി’ എന്ന കമന്റ് പാസാക്കാനും രാഹുല്‍ മറന്നില്ല.
വാക്കുകള്‍ മര്യാദയ്ക്ക് ഉപയോഗിക്കാനറിയാത്തതിന്റെ പേരില്‍ വിവിധ കോടതികളില്‍ കേസില്‍ പ്രതിയായ രാഹുലിനെ സംരക്ഷിക്കാന്‍ മോദി വിരുദ്ധ, കേന്ദ്ര വിരുദ്ധ വാര്‍ത്തകള്‍ നിരന്തരം തയാറാക്കുന്ന ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ പരസ്യമായി അപമാനിച്ച രാഹുലിന്റെ നടപടിയില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ക്ക് പ്രതിഷേധമുണ്ട്.
എന്നാല്‍, ദല്‍ഹി പ്രസ് ക്ലബ്ബോ എഡിറ്റേഴ്സ് ഗില്‍ഡോ രാഹുല്‍ മാധ്യമപ്രവര്‍ത്തകരെ അപമാനിച്ച സംഭവം അറിഞ്ഞ മട്ടില്ല. മലയാളി മാധ്യമ സംഘടനകളും രാഹുലിന്റെ ചീത്ത വിളിയെപ്പറ്റി മൗനത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: