പത്തനംതിട്ട: ഉത്ര മഹോത്സവ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രനട തുറന്നു. ഇന്ന് വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി കെ. ജയരാമന് നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിയിച്ചശേഷം പതിനെട്ടാംപടിക്ക് താഴെയായുള്ള ആഴിയില്‍ അഗ്നി പകര്‍ന്നു.
തുടര്‍ന്ന് കാത്തുനിന്ന അയ്യപ്പഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം നല്കി. മാളികപ്പുറം മേല്‍ശാന്തി വി. ഹരിഹരന് നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് വിളക്ക് തെളിച്ചു. വൈകിട്ട് 5.45 മുതല്‍ തന്ത്രിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഉത്സവത്തിന് മുന്നോടിയായുള്ള പ്രാസാദ ശുദ്ധി പൂജകള്‍ നടന്നു. ഇന്നലെ മറ്റ് പൂജകള്‍ ഉണ്ടായിരുന്നില്ല.
കൊടിയേറ്റ് ദിനമായ നാളെ പുലര്‍ച്ചെ അഞ്ചിന് ക്ഷേത്ര നട തുറക്കും. ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും നടക്കും. 5.30ന് മഹാഗണപതിഹോമം, ഏഴു വരെ നെയ്യഭിഷേകം, 7.30ന് ഉഷപൂജ. 9.45നും 10.45നും മദ്ധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് കൊടിയേറ്റ്. തുടര്‍ന്ന് 25 കലശാഭിഷേകം, ഉച്ചപൂജയ്ക്ക് ശേഷം ഒരു മണിക്ക് നട അടയ്ക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും. 6.30ന് ദീപാരാധന, തുടര്‍ന്ന് മുളയിടല്‍, അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും.
രണ്ടാം ഉത്സവ ദിവസമായ 28 മുതല്‍ ഉത്സവ ബലി ആരംഭിക്കും. ഏപ്രില്‍ നാലിന് പള്ളിവേട്ട. അഞ്ചിന് പമ്പാനദിയില്‍ ആറാട്ട്. അന്ന് രാത്രി 10ന് നട അടയ്ക്കും. വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിലൂടെ അയപ്പഭക്തര്‍ക്ക് ദര്‍ശനത്തിനെത്താം. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: