തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് പോലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. നാഥനില്ലാത്ത കളരിയാണ് ആഭ്യന്തര വകുപ്പെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പോലീസ് രാജാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷന്‍ കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയില്‍ മനോഹരന്‍ എന്ന യുവാവ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായ സിഐക്കും പോലീസുകാര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. പോലീസ് ഓഫീസര്‍മാരില്‍ നിരവധി പേര്‍ ക്രിമിനലുകളാണെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും പിണറായി സര്‍ക്കാര്‍ ഇത്തരക്കാരെ സഹായിക്കുന്നതിന്റെ ദുരന്തഫലമാണ് തൃപ്പൂണിത്തുറയിലുണ്ടായത്. പോക്കറ്റില്‍ കൈയിട്ടുവെന്ന പേരില്‍ യുവാവിനെ മര്‍ദ്ദിച്ച തൃപ്പൂണിത്തുറ സിഐ ഭരണകക്ഷിയുടെ പ്രിയപ്പെട്ടവനായത് കൊണ്ടാണ് ഇങ്ങനെ അഴിഞ്ഞാടുന്നതെന്ന് വ്യക്തമാണ്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പീഡനത്തിന് ഇരയായ യുവതിയുടെ മൊഴി മാറ്റാന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പിടികൂടാന്‍ സാധിക്കാത്ത പോലീസാണ് വഴിയാത്രക്കാരെ തല്ലിക്കൊല്ലുന്നത്. മെഡിക്കല്‍ കോളജിലെ സിപിഎം അനുകൂല സംഘടനയുടെ നേതാവായ പ്രതിയെ രക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിക്കുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചയാളെ രക്ഷിക്കാന്‍ ശ്രമിച്ച നഴ്‌സിങ് അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ള പ്രതികളെ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്. എന്‍ജിഒ യൂണിയന്‍ നേതാക്കളാണ് പ്രതികള്‍ എന്നതാണ് പോലീസിന്റെ അലസതയ്‌ക്ക് കാരണം.
തിരുവനന്തപുരം പാറ്റൂരില്‍ വീട്ടമ്മയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതിക്രമത്തില്‍ പരിക്കേറ്റ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പോലീസിനെ അറിയിച്ച പെണ്‍കുട്ടിയോട് സ്റ്റേഷനിലെത്തി മൊഴി രേഖപ്പെടുത്തണമെന്ന മനുഷ്യത്വമില്ലാത്ത സമീപനമാണ് പോലീസ് സ്വീകരിച്ചത്. അക്രമം നടന്ന് അരമണിക്കൂറിനുള്ളിലെങ്കിലും പോലീസ് എത്തിയിരുന്നെങ്കില്‍ പ്രതിയെ അറസ്റ്റ് ചെയ്യാമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: