കൊച്ചി : പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട കോസ്റ്റ് ഗാര്‍ഡിന്റെ ഹെലിക്കോപ്ടര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ നിന്ന് മാറ്റി. തുടര്‍ന്ന് താത്കാലികമായി അടച്ച അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ തുറന്നു.
രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് റണ്‍വേ തുറന്നത്. ഇതോടെ വിമാന സര്‍വീസ് സാധാരണഗതിയിലായി. ഹെലികോപ്ടര്‍ റണ്‍വേയില്‍ നിന്നും നീക്കിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാണ് റണ്‍വെ തുറന്നത്. ദല്‍ഹി- കൊച്ചി വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. മാലി ദീപില്‍ നിന്നുള്ള വിമാനവും അല്പസമയത്തില് കൊച്ചിയില്‍ തന്നെ ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഇറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് വഴിതിരിച്ച് വിട്ടിരുന്നു. കൊച്ചിയില്‍ നിന്നും ജിദ്ദയിലേക്കും ലണ്ടനിലേക്കുമുള്ള വിമാനങ്ങളും വൈകിയിരുന്നു. റണ്‍വേ തുറന്ന് നല്കിയതിനാല് വിമാനത്താവളത്തില്‍ ബോര്‍ഡിങ് നടപടികള്‍ വീണ്ടും തുടങ്ങി.
പരിശീലന പറക്കലിനിടെ ഉച്ചയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അപകടമുണ്ടായത്. റണ്‍വേയുടെ പുറത്ത് അഞ്ച് മീറ്റര്‍ അപ്പുറത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. പറന്നുയരാന്‍ തുടങ്ങുന്നതിനിടെ റണ്‍വേയുടെ വശങ്ങളില് ഉരസിയാണ് അപകടമുണ്ടായത്. താത്കാലികമായി അടച്ച വിമാനത്താവളം, ക്രൈന് ഉപയോഗിച്ച് ഹെലികോപ്റ്റര്‍ ഉയര്‍ത്തി മാറ്റിയ ശേഷമാണ് തുറന്ന് നല്‍കിയത്. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. കോപ്റ്ററിന് കേടുപാട് സംഭവിച്ചുവെങ്കിലും തീപ്പിടിത്തം അടക്കമുള്ളവ ഉണ്ടായില്ല. അപകട സമയത്ത് മൂന്നുപേരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേര്‍ക്ക് കാര്യമായ പരിക്കുകളില്ല. മൂന്നുപേരെയും നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: