ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബലംപ്രയോഗിച്ച് മതം മാറ്റുന്ന ക്രിസ്ത്യന്‍ സമുദായസംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്കാന് സുപ്രീംകോടതിയുടെ ഉത്തരവ്. ബ്രോഡ് വെല്‍ ചെയര്മാന് ഡോ. സാമുവല്‍ മാത്യുവാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ ബ്രോഡ് വെല്‍ ക്രിസ്ത്യന്‍ ആശുപത്രി സൊസൈറ്റിയിലാണ് ബലപ്രയോഗത്തിലൂടെ മതം മാറ്റല്‍ നടക്കുന്നതായി ആരോപണം ഉയരുന്നത്.
പരാതിക്കാരനായ ബ്രോഡ് വെല്‍ ചെയര്മാന് സാമുവല്‍ മാത്യുവിന് സംരക്ഷണം നല്കാന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവിട്ടു. സാമുവല്‍ മാത്യുവിനെതിരെ ബലപ്രയോഗം നടത്തരുതെന്നും ഡി.വൈ. ചന്ദ്രചൂഡ് ഉത്തരവിട്ടു.
ബ്രോഡ് വെല്‍ ആശുപത്രിയെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ആണ് നിയന്ത്രിക്കുന്നത്. വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന ആഗോള ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയുമായി ബന്ധമുണ്ട്. ഇതില്‍ വേള്‍ഡ് വിഷന്‍ ഇന്ത്യ മതപരിവര്‍ത്തനത്തിനായി വിദേശത്ത് നിന്നും ഫണ്ട് വാങ്ങിയതായി കണ്ടെത്തിയിരുന്നു. പക്ഷെ വേറെ കാരണം കാട്ടിയാണ് ഫണ്ട് വാങ്ങിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വേള്‍ഡ് വിഷന്‍ ഇന്ത്യ എന്ന എന്‍ജിഒയുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തിട്ടുണ്ട്.
2022 ഏപ്രിലില്‍ ആണ് ഈ ആശുപത്രിയില്‍ നിന്നും പത്ത് മിനിറ്റ് ദൂരത്തില്‍ ഉള്ള പള്ളിയില്‍ മറ്റ് മതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറ്റാനുള്ളവരെ പാര്‍പ്പിച്ചിരുന്നത്. ഫത്തേപൂരിലെ ഹരിഹര്‍ഗഞ്ച് പ്രദേശത്തെ 90 ഹിന്ദുക്കളെ ബലംപ്രയോഗിച്ച് മതം മാറ്റിയിരുന്നു. ഇതിനെതിരെ വിശ്വഹിന്ദു പരിഷത്ത് പൊലീസില്‍ ഏഴ് കേസുകള്‍ നല്‍കിയിരുന്നു. ഹിന്ദുക്കളെ പ്രലോഭിപ്പിച്ച് ആകര്‍ഷിച്ച ശേഷം ബലംപ്രയോഗിച്ച് മതം മാറ്റുകയാണെന്നാണ് പരാതി. ബലംപ്രോയഗിച്ച് മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് പൊലീസ് 56 പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ 41 പരെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനു മുന്‍പ് ജനവരി 23ന് ബജ് രംഗ് ദളും വിശ്വഹിന്ദു പരിഷത്തും ബലം പ്രയോഗിച്ച് ഹിന്ദുമതത്തിലുള്ളവരെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ കോട് വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ പൊലീസ് ഡോ. സാമുവല്‍ മാത്യുവിനും ക്ലര്‍ക്കായ പര്‍മിന്ദര്‍ സിങ്ങിനും എതിരെ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 420 (ഭൂമി നല്കി പ്രലോഭനം), 467 (വില്പത്രത്തിന്റെയും ഭൂസ്വത്തിന്റെയും കള്ളയാധാരമുണ്ടാക്കല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന), 506 (ക്രിമിനല്‍ ഭീഷണി നടത്തിയതിനുള്ള ശിക്ഷ) തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അതുപോലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടുവന്ന അനധികൃത മതപരിവര്‍ത്തനം തടയല്‍ നിയമത്തിലെ സെക്ഷന്‍ 3 (ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം നടത്തല്‍) എന്നീ വകുപ്പു പ്രകാരവും കേസെടുത്തിട്ടുണ്ട്.
എന്നാല്‍ തുടര്‍ച്ചയായ പൊലീസ് റെയ് ഡ് മൂലം ആശുപത്രി അടച്ചിട്ടിരിക്കുകയാണെന്നാണ് ഡോ. സാമുവല്‍ മാത്യു അവകാശപ്പെടുന്നത്. ഹിന്ദുമതത്തോട് അനുഭാവമുള്ളവര്‍ തുടര്‍ച്ചയായി ഡോക്ടറേയും ജോലിക്കാരെയും ഭീഷണിപ്പെടുത്തുന്നതായും സാമുവല്‍ മാത്യു പരാതിപ്പെടുന്നു.
എന്നാല്‍ ബ്രോഡ് വെല്‍ ആശുപത്രി അധികൃതര്‍ ഹിന്ദുക്കളായ രോഗികള്‍ക്ക് സൈക്കിലും ഭക്ഷ്യവസ്തുക്കളും സൗജന്യമായി വിതരണം ചെയ്തിരുന്നതായി കോട് വാലി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രോഗികളെ ചികിത്സിക്കാനും വാക്സിനുകള്‍ നല്‍കാനും ഈ ആശുപത്രിയ്ക്ക് ലൈസന്‍സുണ്ടെങ്കിലും ഹിന്ദുക്കളായ രോഗികള്‍ക്ക് ആടും സൈക്കിളും പലചരക്കും സൗജന്യമായി വിതരണം ചെയ്യാന്‍ അധികാരമില്ല. ഫത്തേപൂരില്‍ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള 16 പേര്‍ക്കാണ് ഇതെല്ലാം വിതരണം ചെയ്തിരിക്കുന്നത്. ഇതില്‍ എല്ലാവരും ദളിതരും പാവങ്ങളുമാണ്.
അസിയാപൂര്‍, ഹരിയപൂര്‍, മനിപൂര്‍, ദുന്ദേര, ജിന്ദ്പൂര്‍, ദുദുവ കോളനി, സന്‍ഗോവോന്‍, ബ്രഹ്മന്‍ താര എന്നീ ഗ്രാമങ്ങളില്‍ നിന്നുള്ള പാവങ്ങളെയാണ് മതപരിവര്‍ത്തനത്തിനായി ആശുപത്രിയില്‍ എത്തിക്കുന്നത്. ചികിത്സയുടെ പേരിലാണ് ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുവരുന്നത്.
എന്നാല്‍ ആടും സൈക്കിളും പലചരക്കും സൗജന്യമായി പാവങ്ങള്‍ക്ക് നല്‍കുന്നത് ജീവകാരുണ്യപ്രവര്‍ത്തനമാണെന്നാണ് ബ്രോഡ് വെല്‍ ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇതിനെ മതപരിവര്‍ത്തനത്തിനുള്ള പ്രലോഭനമായാണ് കാണുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: