ഇടുക്കി: ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം. പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്ത് ജീപ്പ് കാട്ടാന ആക്രമിച്ചു . ജീപ്പിന് കേടുപാട് സംഭവിച്ചിട്ടുണ്ട്. ആക്രമണം നടത്തിയത് അരിക്കൊമ്പൻ ആണെന്നാണ് സൂചന. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. തലനാരിഴയ്‌ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്.
പൂപ്പാറ സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. ആനയുടെ മുന്നിൽപ്പെട്ടതോടെ ജീപ്പ് പിന്നോട്ടെടുത്തെങ്കിലും ആന പാഞ്ഞടുത്തതോടെ ജീപ്പിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഒരാൾക്ക് പരിക്കേറ്റു. ഇയാൽ പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം വീട്ടിലേക്ക് പോയി. അക്രമം നടന്ന ഭാഗത്ത് അരിക്കൊമ്പന് പുറമേ ചക്കക്കൊമ്പന്റെയും സാന്നിധ്യമുണ്ട്. ആയതിനാൽ ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമല്ല.
ഇടുക്കിയിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതയ്‌ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടുന്നതിനുള്ള ദൗത്യം ഇന്ന് നടക്കാനിരിക്കെ കോടതി വിധി തിരിച്ചടിയാകുയായിരുന്നു. ഓപ്പറേഷൻ അരിക്കൊമ്പൻ’ ദൗത്യം നിർത്തിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വ്യാഴാഴ്ച രാത്രി 8 മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് മാർച്ച് 29 വരെ ദൗത്യം നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.
ആനയെ പിടികൂടുകയെന്നത് അവസാന നടപടിയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, ബദൽ മാർഗങ്ങൾ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു. കോളർ ഘടിപ്പിക്കുക, ആനയെ ട്രാക്ക് ചെയ്യുക തുടങ്ങി മാർഗങ്ങളുണ്ട്. ഇതൊന്നും ചെയ്യാതെ നടപടികൾ പൂർത്തിയാക്കും മുമ്പ് ആനയെ പിടികൂടുകയെന്നതിലേക്ക് എങ്ങനെയാണ് കടന്നതെന്നും കോടതി ആരാഞ്ഞു. പീപ്പിള്‍ ഫോര്‍ ആനിമല്‍ എന്ന സംഘടന ഫയല്‍ ചെയ്ത പൊതു താല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവിട്ടത്. 29 ന് ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: