കോഴിക്കോട്: ജന്മഭൂമി പ്രചാരണത്തിന്റെ ഭാഗമായി ജന്മഭൂമി സ്‌പോണ്‍സര്‍ഷിപ്പ് കോഴിക്കോട് ജില്ലാതല ക്യാമ്പയിന്‍ 2023ന് തുടക്കം. കേസരി ഭവന്‍ പരമേശ്വരം ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തില്‍ നട്ടെല്ലുള്ള പത്രപ്രവര്‍ത്തനം ശക്തമാക്കാന്‍ ജന്മഭൂമിയുടെ പ്രചാരണം വ്യാപകമാക്കേണ്ടതാവശ്യമാണെന്ന് കെ.പി. രാധാകൃഷ്ണന്‍ പറഞ്ഞു.
അറിഞ്ഞോ അറിയാതെയോ കേരളത്തിലെ പത്രപ്രവര്‍ത്തക യൂണിയനും മാധ്യമങ്ങളില്‍ പലതും ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന വിദേശ ശക്തികളുടെ കോടാലിക്കൈ ആയി മാറിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന് വിശേഷിപ്പിക്കുന്ന ചില മാധ്യമങ്ങള്‍ പ്രത്യേകിച്ച് കേരളത്തില്‍ ദേശദ്രോഹശക്തികള്‍ക്കും മതഭീകരത ശക്തികള്‍ക്കും പിന്തുണ നല്‍കുന്ന അവസ്ഥാ വിശേഷവുമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ സുധീരമായ നിലപാടുകള്‍ വിട്ടുവീഴ്ചയില്ലാതെ തുടരുന്ന ജന്മഭൂമിയുടെ സമഗ്ര വളര്‍ച്ച കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നിര്‍ണായകമായ വിഷയങ്ങളില്‍ കര്‍ശനമായ ധാര്‍മ്മിക നിലപാടെടുത്ത് ജനങ്ങള്‍ക്ക് വിജയം നേടാന്‍ വായനക്കാര്‍ക്കൊപ്പം ജന്മഭൂമി നിന്നതിന്റെ ചരിത്രവും അദ്ദേഹം വിവരിച്ചു.
ചടങ്ങില്‍ മഹാനഗര്‍ സംഘചാലക് ഡോ. ടി.ആര്‍. മഹിപാല്‍ അധ്യക്ഷനായി. സമഗ്രമായ മാറ്റമാണ് രാജ്യത്ത് നടക്കുന്നതെന്നും ജമ്മു കശ്മീരിലെ ശാന്തതയും റോഡ് വികസനം അടക്കം കാര്യങ്ങള്‍ ഇതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം വസ്തുനിഷ്ഠമായി ജനങ്ങളിലെത്തിക്കുന്നതില്‍ ജന്മഭൂമിയുടെ പങ്ക് ഏറെ വിലപ്പെട്ടതാണെന്നും ഡോ. മഹിപാല്‍ പറഞ്ഞു. ആര്‍എസ്എസ് മഹാനഗര്‍ കാര്യവാഹ് പി. ബൈജു സ്വാഗതം പറഞ്ഞു. വിവിധ സംഘടനകള്‍ ജന്മഭൂമി സ്പോണ്‍സര്‍ഷിപ്പ് പരിപാടിയിലേക്ക് ആദ്യ തുക കൈമാറി. നാളെ മുതല്‍ അടുത്ത മാസം 10 വരെയാണ് ജില്ലയില്‍ ജന്മഭൂമി സ്‌പോണ്‍സര്‍ഷിപ്പ് ക്യാമ്പയിന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: