വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദിയാണ്. ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി മുഖ്യമന്ത്രി പിണറായി വിജയന്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെയാണ് ക്ഷണിച്ചിരിക്കുന്നത്. 1924 മാര്‍ച്ച് 30ന് തുടങ്ങി, അടുത്ത നവംബറില്‍ വിജയംകണ്ട സമരത്തിന്റെ നൂറാം വാര്‍ഷികം 2024 ഏപ്രില്‍ ഒന്നിനാണ്. പക്ഷേ, വൈക്കത്ത് ഇവര്‍ക്ക് രണ്ടുപേര്ക്കുമെന്താണ് കാര്യം എന്നതാണ് യഥാര്‍ത്ഥത്തില്‍ ചോദ്യം.
വൈക്കത്ത് തമിഴ്നാടിന് കുറച്ച് ഭൂമിയുണ്ട്. അവിടെ വൈക്കം വീരന് എന്ന് വിളിപ്പേരുള്ള പെരിയാര്‍ ഇ.വി. രാമസ്വാമി നായ്ക്കര്‍ക്ക് സ്മാരകവുമുണ്ട്. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത നായര്‍ സര്‍വീസ് സൊസൈറ്റി സ്ഥാപകാചാര്യന്‍ മന്നത്ത് പദ്മനാഭന്, ടി.കെ. മാധവന്, എന്നിവരുടെ പ്രതിമകളും വൈക്കത്ത് മുഖ്യറോഡിന്റെ കവലയിലുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എംജിആര്‍ എന്ന് വിശ്രുതനായ എം.ജി. രാമചന്ദ്രന് ഭാര്യാസമേതനായി നില്ക്കുന്ന മറ്റൊരു പ്രതിമ സ്വകാര്യ ഭൂമിയിലുണ്ട്. ചില സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ന്നാല്‍ അയ്യന്‍കാളിയുടെ പ്രതിമയും വൈക്കത്തിടം പിടിക്കും. അവിടവിടെയായി വൈക്കം സത്യഗ്രഹത്തിന്റെ സ്മാരകമായി ഗാന്ധിജി, വൈക്കം പത്മനാഭപിള്ള, പാച്ചുമൂത്തത് എന്നിവരുടെ പ്രതിമയുണ്ട്. ശ്രീനാരായണഗുരു വൈക്കം സത്യഗ്രഹ സമരക്കാര്‍ക്ക് വൈക്കത്തെ അദ്ദേഹത്തിന്റെ ആശ്രമം വിട്ടുകൊടുത്തിരുന്നു. ഇന്ന് അവിടെ ശ്രീനാരായണ സത്യഗ്രഹ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്മാരകമായി നില്ക്കുന്നു. അവിടെ ഈ പറഞ്ഞ രണ്ടുപേര്‍ക്ക് എന്താണ് കാര്യം എന്നത് സംശയംതന്നെയാണ്.
മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് കാര്യമുണ്ട്. പക്ഷേ കമ്യൂണിസ്റ്റ് സഖാവെന്ന റോളിലായിരിക്കും ഏപ്രില്‍ ഒന്നിലെ പെരുമാറ്റം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പുലബന്ധമില്ലാത്ത ഒരു നവോത്ഥാന പ്രവര്‍ത്തനത്തില്‍ വ്യാജചരിത്രം പ്രസംഗിച്ച് മികവ് പ്രകടിപ്പിക്കാനാവും പിണറായി ശ്രമിക്കുക. എം.കെ. സ്റ്റാലിന് കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പോരാളി നേതാവെന്ന വേഷമാവും കെട്ടുക. അതിന് ഇ.വി. രാമസ്വാമി നായ്ക്കരുടെ തോളില്‍ പിടിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. ഇവിആര്‍ നടത്തിയ രാഷ്ട്രീയ സമരങ്ങളേയും പദ്ധതികളേയും ചതിച്ച് ജസ്റ്റീസ് പാര്‍ട്ടിയും പിന്നീട് ദ്രാവിഡ കഴകവുമായ പാര്‍ട്ടിയെ പിളര്‍ത്തി ഡിഎംകെ ഉണ്ടാക്കിയ സി.എന്‍. അണ്ണാദുരൈയില്‍നിന്നും ഏറെ അകന്നു നില്ക്കുന്ന സ്റ്റാലിന് വൈക്കത്തേക്ക് വാസ്തവത്തില്‍ വഴിയില്ല. അവിടെ ചെന്നാല്‍ ഇടവുമില്ല. അതാണ് വൈക്കം സത്യഗ്രഹത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയുന്നത്.
അവര്‍ണരെന്നു മുദ്രകുത്തി ചിലരാല്‍ അകറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് അമ്പലപ്പരിസരത്തെ പൊതുനിരത്തില്‍ വഴിനടക്കാനുള്ള അവകാശത്തിന് സവര്‍ണവിഭാഗം എന്ന് വിളിക്കപ്പെട്ടവര്‍ നടത്തിയ സമരമായിരുന്നു വൈക്കത്ത് നടന്നത്. ന്യൂനപക്ഷവും ഭൂരിപക്ഷവുമായി തിരിയുന്നതിനുമുമ്പ് ചോരക്കൊതിയന്മാര് തമ്മിലടിപ്പിച്ചു നിര്‍ത്തിയിരുന്നത് ഹിന്ദുക്കളിലെ സവര്‍ണരെയും അവര്‍ണരെയും തരംതിരിച്ചായിരുന്നല്ലോ. യാഥാര്‍ത്ഥ്യം അറിയാഞ്ഞതിനാല്‍ ആ അകല്‍ച്ച ശത്രുതയായി, അഭിമാനപ്പോരാട്ടമായി. കാലമേറെക്കഴിഞ്ഞിട്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അത് ഇന്നും തുടരുന്നു. എന്നാല്‍, അക്കാലത്ത് നടന്ന വൈക്കം സത്യഗ്രഹത്തിന് ഏറെ ചരിത്ര പ്രാധാന്യമുണ്ട്. അതിന്റെ ശതാബ്ദിയില്‍ ആ വിഷയം ഉറക്കെ ചര്‍ച്ച ചെയ്യേണ്ടതുതന്നെയാണ്.
വൈക്കം സമരവും സത്യഗ്രഹവും ഹിന്ദുസമൂഹത്തിലെ പരിഷ്കരണത്തിനായുള്ള അന്തര്‍വിപ്ലവമായിരുന്നു. ക്ഷേത്രവഴിയിലൂടെ ‘നായയ്ക്ക് നടക്കാം, നായാടിക്കാവില്ല’ എന്നായിരുന്നു ഒരുകാലത്തെ സ്ഥിതി. പിന്നാക്കക്കാരെ വഴി വിലക്കിക്കൊണ്ട് ഉയര്‍ന്നിരുന്ന ‘തീണ്ടല്പലക’കള്‍. കൗതുകകരം, ആ നായാടിയും മതംമാറി ക്രിസ്ത്യാനിയോ മുസ്ലിമോ ആയാല്‍ ഒരു തീണ്ടല് പ്രശ്നവുമില്ലായിരുന്നുവെന്നതാണ്. വിചിത്രമായ ഈ വിലക്കിന് പിന്നില്‍ ഹിന്ദുസമൂഹത്തിന്റെ ശിഥിലീകരണമായിരുന്നു മുഖ്യഅജണ്ട. അത് തിരിച്ചറിഞ്ഞ, മതപരിവര്‍ത്തനത്തിലൂടെ ബലവത്തായിക്കൊണ്ടിരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ രാഷ്ട്രീയ അജണ്ട തിരിച്ചറിഞ്ഞവരാണ് അവര്‍ണര്‍ക്കുവേണ്ടി സമരം നയിച്ചത്.
എന്നാല്‍, അതേക്കുറിച്ചെല്ലാം തെറ്റായ ചരിത്രങ്ങളെഴുതിക്കൂട്ടിയവരുടെ പുത്തന്‍ തലമുറ സ്ഥാപിച്ച കുറേ ‘ചൂണ്ടുപലക’കളുണ്ട് നാട്ടില്‍. വൈക്കം സത്യഗ്രഹത്തിന് 90 വര്‍ഷമായപ്പോള്‍ ആഘോഷത്തിന്റെ ഭാഗമായി അവിടവിടെ കമ്യൂണിസ്റ്റ് സഖാക്കള്‍ ഉയര്‍ത്തിയ ഫഌക്സുകളിലാണ് ആ ചരിത്രം പിറന്നത്. അതിലൂടെ സംസാരിക്കുന്നത് ആര്‍എസ്എസ് പ്രവര്‍ത്തനത്തിനു പോകുന്ന പിന്നാക്ക വിഭാഗത്തിലുള്ളവരോടാണ്, ”അമ്പലപ്പറമ്പില്‍ വിലക്കുണ്ടായിരുന്നവന് അമ്പലത്തില്‍ കടക്കാന്‍ അവകാശം വാങ്ങിക്കൊടുത്തത് കമ്മ്യൂണിസ്റ്റുകാരായിരുന്നു, എന്നാല്‍ ഇന്നവന് അമ്പലപ്പറമ്പില്‍ ശാഖയ്ക്കുപോകുന്നു”വെന്ന് കുറ്റപ്പെടുത്തുന്നതാണ് ആ ‘ചൂണ്ടി’കള്‍. പണ്ട് ‘ചൂണ്ടല്പ്പലക’യായിരുന്നു, ഇന്ന് ഫ്ളെക്സായെന്നു മാത്രം. പക്ഷേ ചരിത്രം അറിയാത്തവരെഴുതിയതാണിതെന്നു വ്യക്തം.
കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാരും പാര്‍ട്ടിയും ഉണ്ടാവും മുമ്പാണ് വൈക്കത്തിന്റെ ചരിത്രം, വൈക്കം സമര ചരിത്രം, ക്ഷേത്രപ്രവേശന വിളംബര ചരിത്രവും. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്നത് 1925 ഡിസംബര്‍ 26നാണ്. ഔദ്യോഗികമായി ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഘടകം കേരളത്തില്‍ രൂപീകരിച്ചത് പിന്നെയും ഏറെക്കാലം കഴിഞ്ഞാണ്, 1939 ഡിസംബര്‍ 31ന്. 1937 ല്‍ കോഴിക്കോട്ട് അഞ്ചുപേര്‍ ഇക്കാര്യത്തിനായി ഒന്നിച്ചിരുന്നുവെന്നത് ആ പാര്‍ട്ടി പറയുന്ന ചരിത്രം. വൈക്കം സത്യഗ്രഹം തുടങ്ങിയത് 1924 മാര്‍ച്ച് 30 ന്. 1925 നവംബറില്‍ വിജയം കണ്ട് അവസാനിച്ചു. ആ സമരം കമ്യൂണ്സിറ്റ് പാര്‍ട്ടി നയിച്ചു, നേതാക്കള്‍ വിജയിച്ചുവെന്നൊക്കെ പാര്‍ട്ടി രഹസ്യ ക്ലാസില്‍ പറയാമെന്നല്ലാതെ ചരിത്രമായി പറയുന്നത് വാസ്തവമല്ലല്ലോ.
കേളപ്പജിയും മന്നവും പല്‍പ്പുവും ടി.കെ. മാധവനും ആര്. ശങ്കറും പോലുള്ള നേതാക്കളും ഗാന്ധിജിയെപ്പോലുള്ള ദേശീയനേതാക്കളും ശ്രീനാരായണഗുരുവിനെയും ആഗമാനന്ദസ്വാമികളേയും പോലുള്ള ആത്മീയദീര്‍ഘദര്‍ശികളും വിഭാവനം ചെയ്ത സങ്കല്‍പ്പമായിരുന്നു വൈക്കം സത്യഗ്രഹം. അത് കേരള നവോത്ഥാനത്തില്‍ നാഴികക്കല്ലായി. പക്ഷേ, അതിന്റെ ഗുണഫലം പില്ക്കാലത്ത് അതേവേഗത്തില്‍, വ്യാപ്തിയില്‍ അനുഭവിക്കാന്‍ ഇടവന്നില്ല. അതിന് കാരണക്കാരായി എന്നതാണ് വാസ്തവത്തില്‍ കമ്യൂണിസ്റ്റ് സംഭാവന. ഹൈന്ദവസമൂഹത്തില്‍ നിന്നുതന്നെ രൂപപ്പെട്ട ഒരു നവവിഭാഗത്തിന്റെ സഹായത്തില്‍ ചിലര്‍ അത് അട്ടിമറിക്കുകയായിരുന്നു. ഇഎംഎസും എകെജിയും മറ്റും മുന്നില്‍ നിരന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മേല്‍പ്പറഞ്ഞ ഹിന്ദുസമന്വയത്തെയാണ് തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയത്. 1936-ലെ ക്ഷേത്രപ്രവേശന വിളംബരം കൂടിയായപ്പോള്‍ ശക്തിപ്പെട്ട ഹിന്ദുഐക്യയജ്ഞത്തില് ആദ്യം തകര്‍ക്കേണ്ടത് ക്ഷേത്രകേന്ദ്രിതമായ കൂടിച്ചേരലാണെന്നവര് കണക്കുകൂട്ടി. ഇഎംഎസ് വൈക്കം സത്യഗ്രഹത്തില്‍ എന്തുപങ്കുവഹിച്ചുവെന്ന് ചരിത്രത്തില്‍ എവിടെത്തിരഞ്ഞാലും ഒന്നും കിട്ടില്ല, വിട്ടുനിന്നു എന്നതിന് തെളിവു വേണ്ടല്ലോ.
വാസ്തവത്തില്‍ വൈക്കത്തെ വഴിവിലക്കിന് പിന്നില്‍ സവര്‍ണ വിഭാഗക്കാരായ, പ്രദേശത്തെ ഏതാനും ധനികര്‍ മാത്രമായിരുന്നു. ഇണ്ടന്തുരുത്തി നമ്പ്യാതിരിയുടെ വീട്ടില്‍ നിര്‍ണായക ഘട്ടത്തില്‍ നടന്ന ഒരു യോഗം അതു വ്യക്തമാക്കുന്നു. സത്യഗ്രഹം ജനശ്രദ്ധ പിടിക്കുകയും അതു വിജയത്തിലേക്കു നീങ്ങുന്നുവെന്നുറപ്പു വരികയും ചെയ്തപ്പോള്‍ സവര്‍ണ വിഭാഗം വൈക്കത്തു നടത്തിയ ആ യോഗത്തില്‍ 200-250 പേരേ പങ്കെടുത്തുള്ളു. അവരില്‍ 80 ശതമാനം ബ്രാഹ്മണരായിരുന്നു. അപ്പോള്‍പ്പിന്നെ എങ്ങനെ ‘സവര്‍ണര്‍’ എന്ന ഗണത്തില്‍ ജാതിതിരിച്ചുള്ള പട്ടിക സാധുവാകും.
എന്നാല്‍, ചിലര്‍ ചേര്‍ന്ന് തടയാന്‍ ശ്രമിച്ച ആ നവോത്ഥാന പ്രവാഹം ഒഴുക്കുതെല്ലു നിലച്ചതല്ലാതെ വറ്റിപ്പോയില്ല. അതിപ്പോള്‍ പുഷ്ടിപ്പെടുകയാണ്. യഥാര്‍ത്ഥ നവോത്ഥാന വിപ്ലവം, നദിയില്‍ പൊന്തിയൊഴുകുന്ന മരക്കഷണമല്ല. അത് മണ്ണില്‍ മികച്ച വിളവെടുപ്പിന് വിത്തിനെ വളരാന്‍ സഹായിക്കുന്ന കലപ്പച്ചാലുകളാണ്, ഗതിബോധമുള്ള കപ്പല്‍ച്ചാലുകളാണ്. അങ്ങനെയാണ് ശരിയായ ദിശയില്‍ വിപ്ലവം സംഭവിക്കുന്നത്.
ആ വഴിയിലാണ് ഒഡീഷയില്‍നിന്ന്, ദ്രൗപതി മുര്‍മു എന്ന പിന്നാക്ക വിഭാഗക്കാരി ദേശീയ തലസ്ഥാനത്ത് റെയ്സാനാ കുന്നിലേക്ക് വഴിനടന്ന് ജനാധിപത്യക്ഷേത്രമായ രാഷ്ട്രപതി ഭവനില്‍ ചെന്നിരുന്ന് രാഷ്ട്രത്തിന്റെ ഭരണത്തലപ്പത്തെത്തുന്നത്. അവിടെനിന്ന് കരുനാഗപ്പള്ളിയിലെ പറയക്കടവിലൂടെ അമൃതപുരിയില്‍ മാതാ അമൃതാനന്ദമയിയെ കാണാന്‍ ആശ്രമത്തില്‍ എത്തുന്നത്. ആത്മീയ അധീശത്വവും ഭരണമേധാവിത്വവും തമ്മില്‍ ധര്മാലിംഗനം ചെയ്യുന്നത്. ആ കലപ്പച്ചാലില്‍ പതിച്ച വിത്ത് വളര്‍ന്നാണ് അമൃതപുരിയില്‍നിന്ന് ആ ആദ്ധ്യാത്മിക പ്രഭാവം അങ്ങകലെ നാഗ്പൂരിലെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആസ്ഥാനം സന്ദര്‍ശിച്ച് ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം ഡോ. കേശവ ബലിറാം ഹെഡ്ഗേവാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിലേക്ക് പടര്‍ന്നത്. അതിന് യുഗങ്ങളുടെ സപര്യയുണ്ട്. അതാണ് ത്രേതായുഗത്തില്‍ ശ്രീരാമചന്ദ്രനെ വനവാസി രാജാവ് ഗുഹന് കടത്തു കടത്തിയതിലും ശ്രീരാമന് ആശ്ലേഷിച്ചതിലും കണ്ടത്. അതെ, അതൊരു തുടര്‍ച്ചയാണ്. സാംസ്കാരികത്തുടര്‍ച്ച. ആ തുടര്‍ച്ചയാണ് വൈക്കത്ത് ‘അവര്‍ണ’നു വേണ്ടി ‘സവര്ണന്’ സത്യഗ്രഹമിരുന്നത്, ‘സവര്‍ണ ജാഥ’ നയിച്ചത്. അത് ചരിത്രമാണ്. 100 വര്‍ഷം മുമ്പത്തെ ചരിത്രം. അതിന്റെ കരുത്തും ശോഭയും കെടുത്താന്‍ വ്യാജ ചരിത്രങ്ങള്‍ക്കും കപട നവോത്ഥാക്കാര്ക്കും കഴിയില്ല. അതില്‍ കക്ഷിരാഷ്ട്രീയത്തിന് ചിലപ്പോള്‍ കുറച്ചൊക്കെ ഒഴുക്കുതടയാമെന്നു മാത്രം. അതുകൊണ്ടാണ് തുടക്കത്തില്‍ ചോദിച്ചത് അവര്‍ രണ്ടുപേര്‍ക്ക് വൈക്കത്തെന്താണ് കാര്യമെന്ന്.
പിന്കുറിപ്പ്:
തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ അനുബന്ധ ഓഫീസിന് പച്ച നിറം പൂശിയത് വിവാദമായപ്പോള്‍ ചന്ദന നിറമാക്കി മാറ്റി. പച്ചയോടോ ചന്ദനത്തോടോ ഉള്ള എതിര്‍പ്പോ ചാര്‍ച്ചയോ അല്ല ഇവിടെ വിഷയം. മറിച്ച്, ചില മനോഭാവത്തോടാണ്. കറുപ്പ് നിറത്തോട് സംസ്ഥാന ഭരണകൂടത്തിന് ഉണ്ടായിരുന്ന, ഉള്ള എതിര്‍പ്പുണ്ടല്ലോ, അതിന്റെ കാരണം, നിറത്തിന് മതമുള്ളതുകൊണ്ടല്ല, നിറത്തിന് പിന്നിലെ മനോഭാവം പ്രധാനമാണ് എന്നതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: