ന്യൂദല്‍ഹി: അതാണ് ഭാരതം . ഏത് ഉള്‍ക്കാട്ടിലും ക്ഷേത്രങ്ങളുണ്ട്. ആ ക്ഷേത്രത്തില്‍ പൂജ ചെയ്യുന്ന മനുഷ്യനുമുണ്ടാകും. ചിലപ്പോള്‍ ആ ദൈവ പൂജയ്‌ക്ക് മനുഷ്യന് കൂട്ടായി കാട്ടുമൃഗങ്ങളും ഉണ്ടാകും.
അവിടെ മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള വന്യതയുടെയും മനുഷ്യത്വത്തിന്റെയും അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു. ഈയിടെ മഹീന്ദ്ര് ആന്‍റ് മഹീന്ദ്ര കമ്പനിയുടെ ഉടമ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം ഈ വിവരണങ്ങള്‍ക്ക് നേര്‍സാക്ഷ്യമാണ്.
കാട്ടിനുള്ളില്‍ കൂറ്റന്‍ പാറയ്‌ക്കടുത്തുള്ള ക്ഷേത്രമാണ് ചിത്രത്തില്‍. ശുഭ്രവസ്ത്രധാരിയായ ഒരു വൃദ്ധൻ അവിടെ പൂജ ചെയ്യുന്നു. ഈ വൃദ്ധന് കൂട്ടായി കാവലായി പാറപ്പുറത്ത് തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ് പുലി. ഈ ദൃശ്യം കണ്ട പലരും അവിശ്വസനീയം എന്നാണ് പ്രതികരിച്ചിരിക്കുന്നത്. കാരണം പുലിയെ കണ്ടാല്‍ അതിനെ ഓടിയ്‌ക്കാനോ കൊല്ലാനോ വെമ്പല്‍ കൊള്ളുന്ന ആധുനിക ലോകത്ത് ഈ ചിത്രം വിസ്മയമാണ്. ഇത്തരം വ്യത്യസ്തമായ ഭാരതത്തിന്റെ പല വിധ നേര്‍ക്കാഴ്ചകളും കാട്ടിത്തരുന്ന ചിത്രങ്ങള്‍ പങ്കുവെയ്‌ക്കുന്നതില്‍ മിടുക്കനാണ് ആനന്ദ് മഹീന്ദ്ര.
രാജസ്ഥാനിലെ പാലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജവായ് കുന്നിന്റെ ചിത്രമാണിത്. വലിയ കുന്നുകളാലും താഴ്വരകളാലും ചുറ്റപ്പെട്ടിരിക്കുന്ന ഭൂപ്രദേശം. ഇവിടെ സ്ഥിതി ചെയ്യുന്ന ബേര ഗ്രാമത്തിലെ കുന്നുകൾ ഇന്ത്യയുടെ പാന്തർ ഹിൽസ് (പുള്ളിപ്പുലി മല) എന്നും വിളിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: