തിരുവനന്തപുരം: ഒരു കോമ തെറ്റായിട്ടതിന്റെ പേരില്‍ ജയില്‍ മോചിതനാക്കേണ്ട പ്രതിയെ തൂക്കിക്കൊന്ന കഥ പണ്ടത്തെ ഇംഗ്ലീഷ് അധ്യാപകര്‍ പഠിപ്പിച്ചിരുന്നത് ഒരു വാചകം എഴുതുമ്പോള്‍ കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളുടെ പ്രാധാന്യം എത്രയെന്ന് കുട്ടികളെ പഠിപ്പിക്കാനാണ്. ഇതിന് തത്തുല്ല്യമായ തെറ്റാണ് കഴിഞ്ഞ ദിവസം ചിന്താ ജെറോം ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ ഗാനരചയിതാവിനെയും സംഗീതസംവിധായകനേയും അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ വന്ന് പിണഞ്ഞത്. ഇംഗ്ലീഷില്‍ എന്തോ ഉദ്ദേശിച്ച് ചിന്താ ജെറോം എഴുതിയ പോസ്റ്റ് മലയാളത്തില്‍ തര്‍ജ്ജമ ചെയുമ്പോള്‍ വരുന്ന അര്‍ത്ഥം ശ്രീജിത്ത് പണിക്കര്‍ വിശദമായി എഴുതിയതോടെ ചിന്തയുടെ ഇംഗ്ലീഷിലെ അബദ്ധം വെളിച്ചത്തായി. ശ്രീജിത് പണിക്കരുടെ പോസ്റ്റ് വായിക്കാം:
“ഇതിന്റെ (ചിന്താ ജെറോമിന്റെ പോസ്റ്റിന്റെ) തർജ്ജമ ചുവടെ കൊടുക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിലാണ് ചിന്തയുടെ ഡോക്ടറേറ്റ്. RRR സിനിമയ്‌ക്ക് അന്താരാഷ്‌ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നൽകിയ എം എം കീരവാണിക്ക് ഓസ്കാർ അവാർഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്‌ക്ക് ഒരു അന്താരാഷ്‌ട്ര അംഗീകാരമാണ്. ആദരവ്.” (ചിന്ത എഴുതിയ ഇംഗ്ലീഷ് ഇങ്ങിനെയാണ്:” Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu Cinema literature secotr. Respect. “.
ശ്രീജിത്ത് പണിക്കര്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത് “എനിക്കൊരു സർവകലാശാല ഉണ്ടായിരുന്നെങ്കിൽ ഞാനും ഒരു ഡോക്ടറേറ്റ് കൊടുത്ത് ആദരിച്ചേനേ.” എന്ന് പറഞ്ഞുകൊണ്ടാണ്.
ചിന്താ ജെറോമിന്റെ ഇംഗ്ലീഷ് പിഎച്ച്ഡിയെക്കുറിച്ച് വിവാദം നിലനില്‍ക്കെയാണ് ഇംഗ്ലീഷ് വാക്യഘടനയിലും വിരാമചിഹ്നങ്ങള്‍ (കുത്ത്, കോമ മുതലായവ) ഇടുന്നതിലും പരമാബദ്ധങ്ങള്‍ വരുത്തിക്കൊണ്ട് ചിന്താ ജെറോം ഇംഗ്ലീഷില്‍ ആര്‍ആര്‍ആറിലെ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇതോടെ ട്രോളുകളുടെ ബഹളമായിരുന്നു. പലരും ചിന്തയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ചിന്തയെ കഠിനമായി വിമര്‍ശിക്കുന്ന ട്രോളുകളാണ് പുറത്ത് വന്നത്. ഗത്യന്തരമില്ലാതെ ചിന്താ ഈ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. ഒരു വിശദീകരണത്തിനും ഇതുവരെ ചിന്ത തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.
കേരള സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്താ ജെറോം. ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തരബിരുദവും ബിഎഡും ചിന്താ ജെറോം നേടിയിട്ടുണ്ട്. ഇതാണ് സോഷ്യൽ മീഡിയയിൽ ഇത്രയധികം ട്രോളുകൾ വരാന്‍ കാരണവും. ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ വ്യക്തിക്ക് തെറ്റില്ലാതെ ഒരു ലളിതമായ വാചകം പോലും എഴുതാന്‍ കഴിയുന്നില്ലെന്ന കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തിന്റെ അധപതനമാണ് തുറുന്ന കാട്ടപ്പെട്ടത്. യുവജനക്ഷേമ കമ്മീഷന്‍ അധ്യക്ഷ എന്ന ഉത്തരവാദപ്പെട്ട പോസ്റ്റില്‍ ലക്ഷങ്ങള്‍ ശമ്പളം നല്‍കി നാല് വാക്ക് മര്യാദയ്‌ക്ക് ഇംഗ്ലീഷ് എഴുതാന്‍ അറിയാത്ത വ്യക്തിയെ ഇരുത്തുന്നതില്‍ യുവാക്കള്‍ക്കിടയില്‍ അമര്‍ഷവും പുകയുന്നുണ്ട്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ചിന്ത കൊല്ലം കർമ്മല റാണി ട്രെയിനിംഗ് കോളേജിൽ നിന്നും ബി.എഡ് നേടി. 2021-ൽ കേരള സർവ്വകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ പി.എച്ച്.ഡി കരസ്ഥമാക്കിയ അവർ ചുംബനം സമരം ഇടതുപക്ഷം, അതിശയപ്പത്ത്, ചങ്കിലെ ചൈന തുടങ്ങിയ പുസ്തകങ്ങൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കേരള സർവ്വകലാശാല പ്രൊ. വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ‘നവലിബറൽ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.ഇംഗ്ലീഷിൽ തയാറാക്കിയ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയര്‍ന്നിരുന്നു. ‘ചങ്ങമ്പുഴ’യുടെ വിഖ്യാതമായ കവിത ‘വാഴക്കുല’ എഴുതിയത് ‘വൈലോപ്പിള്ളി’യാണെന്ന (വാഴക്കുല ബൈ വൈലോപ്പിള്ളി) ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ കോപ്പിയടി വിവാദവും ഉയർന്നിരുന്നു. ബോധി കോമൺസ് എന്ന വെബ്‍സൈറ്റിലെ ലേഖനം കോപ്പിയടിച്ചാണ് ചിന്ത പ്രബന്ധം തയാറാക്കിയതെന്നായിരുന്നു ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: