തിരുവനന്തപുരം : മുഖ്യമന്ത്രിയെ ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തിയാല്‍ നിമിഷങ്ങള്‍ക്കകം നടപടി സ്വീകരിക്കും. ആ സംസ്ഥാനമാണ് ഒരു ജനപ്രതിനിധി നല്കിയ പരാതിയില്‍ നടപടി സ്വീകരിക്കാത്തത്. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്ത്തപ്പെടുത്തിയെന്ന പരാതിയില്‍ സച്ചിന് ദേവ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന് കെ.കെ. രമ എംഎല്‍എ ആരോപിച്ചു.
സച്ചിന് ദേവ് എംഎല്‍എയ്ക്കെതിരെ പരാതി നല്‍കിയിട്ട് ദിവസം ഏഴ് കഴിഞ്ഞു. കേസ് എടുക്കാന്‍ പറ്റില്ലെന്ന് സൈബര്‍ സെല്‍ പറഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. എംഎല്‍എയ്ക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും കെ.കെ. രമ പറഞ്ഞു.
വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചുകൊണ്ട് സച്ചിന്‍ദേവ് തനിക്കെതിരെ പോസ്റ്റിടുന്നു. ഒരു നിയമസഭാംഗത്തിന്റെ പേരില്‍ അപകീര്‍ത്തികരമായ കള്ളപ്രചരണങ്ങള്‍ നടത്തുകയും ഒരു സാമാജിക എന്ന നിലയില്‍ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്നുമാണ് കെ.കെ. രമയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. എംഎഎല്‍എയുടെ പ്രസ്താവന മറ്റുള്ളവര്‍ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി വേണമെന്നുമാണ് കെ.കെ. രമയുടെ പരാതിയില്‍ പറഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: