ചെന്നൈ: ടെസ്റ്റ് പരമ്പരയിലെ തോല്‍വി ഏകദിനത്തില്‍ ഓസ്ട്രേലിയ തീര്‍ത്തു. മൂന്നാം ഏകദിനത്തില്‍ ഇന്ത്യയെ 21 റണ്‍സിന് കീഴടക്കി മൂന്നു മത്സര പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. സ്കോര്‍: ഓസ്ട്രേലിയ-269 (49), ഇന്ത്യ-248 (49.1) ലെഗ്സിപ്ന്നര് ആദം സാമ്പയുടെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഓസീസിന് ജയം നേടിക്കൊടുത്തത്. സാമ്പ പത്തോവറില്‍ 45 റണ്‍ വഴങ്ങി നാലു വിക്കറ്റെടുത്തു. ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍, രണ്ടാമത്തേതില്‍ ഓസീസിന് തകര്‍പ്പന്‍ ജയം നേടിയിരുന്നു.
വലുതായിരുന്നില്ലെങ്കിലും ഓസ്ട്രേലിയന്‍ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ഇന്ത്യക്കായില്ല. വിരാട് കോഹ്ലി ഇന്ത്യയുടെ ടോപ് സ്കോറര്‍. 72 പന്തില്‍ രണ്ട് ഫോറും ഒരു സിക്സുമുള്‍പ്പെടെ വിരാട് 54 റണ്‍സെടുത്തു. വിരാടിന്റെ അറുപത്തിയഞ്ചാം അര്‍ധശതകമാണിത്. ഹാര്‍ദിക് പാണ്ഡ്യ (40), ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (37), കെ.എല്‍. രാഹുല്‍ (32), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (30) എന്നിവരും രണ്ടക്കം കണ്ടു. ഏകദിന ശൈലിയിലേക്ക് പറിച്ചുനടാനായിട്ടില്ലെന്ന് സൂര്യകുമാര്‍ യാദവ് വീണ്ടും തെളിയിച്ചു. പരമ്പരയിലെ മൂന്നാം മത്സരത്തിലും സൂര്യകുമാര്‍ ഗോള്‍ഡണ്‍ ഡക്കായി. ആഷ്ടണ്‍ അഗര്‍ സൂര്യകുമാറിന്റെ വിക്കറ്റ് പിഴുതു. ഓസീസിനായി അഗര്‍ രണ്ടും, സീന്‍ അബോട്ട്, സ്റ്റോയ്നിസ് ഒരോന്നും വിക്കറ്റെടുത്തു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്കായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒഴികെയുള്ളവര്‍ രണ്ടക്കം കണ്ടു. സ്മിത്ത് പൂജ്യത്തിന് പുറത്തായി. വാലറ്റത്തിന്റെ കരുത്തിലാണ് സ്കോര്‍ 250 കടത്തിയത്. ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് (47) ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അലക്സ് കാരി (38), ഓപ്പണര്‍ ട്രാവിസ് ഹെഡ് (33), മാര്‍നസ് ലബുഷെയ്ന് (28), സീന്‍ അബോട്ട് (26), മാര്‍ക്കസ് സ്റ്റോയ്നിസ് (25), ഡേവിഡ് വാര്‍ണര്‍ (23), ആഷ്ടണ്‍ അഗര്‍ (17), മിച്ചല്‍ സ്റ്റാര്‍ക്ക് (10), ആദം സാമ്പ (10 നോട്ടൗട്ട്) എന്നിവര്‍ മറ്റു സ്കോറര്‍മാര്‍. 12 എക്സ്ട്രാ റണ്ണുകളും ഓസീസ് സ്കോറിന് താങ്ങായി.
മൂന്ന് വിക്കറ്റ് വീതമെടുത്ത ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. പാണ്ഡ്യ മുന്‍നിരയെയും കുല്‍ദീപ് മധ്യനിരയെയും വീഴ്ത്തി. ഹാര്‍ദിക് എട്ടോവറില്‍ 44 റണ്‍ വഴങ്ങിയപ്പോള്‍ കുല്‍ദീപ് പത്തോവറില്‍ 56 റണ്‍സും വിട്ടുകൊടുത്തു. മുഹമ്മദ് സിറാജ് ഏഴോവറില്‍ 37 റണ്‍സിനും അക്സര്‍ പട്ടേല്‍ എട്ടോവറില്‍ 57 റണ്‍സിനും രണ്ടു വീതം വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: