ഇരുള്‍ തെളിച്ചൊരാള്‍ വഴിയില്‍
നില്‍ക്കുന്നു,
വഴിതെളിക്കുന്നു, മിഴി തെളിക്കുന്നു
ഒരു കൈയില്‍ വേദം,
മറുകൈ കൈക്കോട്ടില്‍
അയാളൊരുവനല്ലനാദി സംസ്‌കൃതി
വിളക്കേന്തിപ്പോകെ
ഇരുട്ടു പോകാഞ്ഞാ-
ണിരുട്ടിനെത്തന്നെ സ്തുതിച്ചതാക്കവി
വിരോധഭക്തിതന്‍ വികാര സംശ്ലേഷം
വിശുദ്ധമാക്കുന്ന മഹാമന്ത്രജ്ഞാനി
കറുത്ത്, ഞാവലിന്‍ പഴത്തിന്‍ ചേലില-
ങ്ങെവിടെയും നിറന്നിഴുകി നില്‍ക്കുവോന്‍
കറുത്ത ചാത്തുവെന്നവന്നു പേരിട്ട്
ജഗത്തെല്ലാം മണ്ടിത്തിരിഞ്ഞലഞ്ഞവന്‍
നിനക്കു നിന്നിലെ കറുത്തമുത്തിനെ
ത്തിരിഞ്ഞിടുമ്പൊഴേ വിശേഷ ബോധമായ്
ജഗന്നാരായണം മഹന്നാരായണം
സമസ്തവുമൊന്നെന്നറിഞ്ഞിടാന്‍ വഴി
അത് വിരചിച്ചു, അതേ പ്രസംഗിച്ചു
അതിന്റെ ശബ്ദമായ് സ്വയം പ്രസാരിച്ചു
രചിച്ചിതിഹാസം മഹത്തത്ത്വവേദ-
പ്രചോദിതം നിത്യ പ്രഭാസപൂരിതം
കവിത ഗീതയായ്,
കവിയോ വ്യാസനായ്
കവിഞ്ഞൊഴുകുന്ന സരസ്വതിയായി
പതഞ്ഞ് ഹൃത്തടം നനച്ചു നീളവേ
ഋഷിത്വമേ നിന്നില്‍ തുടിച്ചു നീന്തട്ടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: