ന്യൂദല്‍ഹി: ഹറുണ് ഇന്ത്യ പുറത്തുവിട്ട ഇന്ത്യയുടെ സമ്പന്നരുടെ ലിസ്റ്റില്‍ അംബാനിയ്ക്ക്പിന്നാലെ രണ്ടാം സ്ഥാനം തിരികെ പിടിച്ച് അദാനി. യുഎസിലെ ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട ആരോപണങ്ങളെ തുടര്‍ന്ന് മൂല്യം തകര്‍ന്ന അദാനി ഓഹരികള്‍ ഒരിടവേളയ്ക്ക് ശേഷം തുടര്‍ച്ചയായി തിരിച്ചു കയറുകയാണ്.
അദാനി ഗ്രീന്‍, അദാനി ഗ്യാസ്, അദാനി പോര്‍ട്ട്, അദാനി എന്റര്‍പ്രൈസസ്, അദാനി വില്‍മര്‍ എന്നീ ഓഹരികളെല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി കയറിയതോടെ അദാനിയുടെ ആകെ സ്വത്തിലും വര്‍ധവുണ്ടായി. ഇതാണ് ഇന്ത്യയില്‍ രണ്ടാമത്തെ സമ്പന്നനാകാന്‍ സാധിച്ചത്. അദാനിയുടെ ഇപ്പോഴത്തെ ആസ്തി 5300 കോടി ഡോളറായാണ് ഹറുണ് ഇന്ത്യ കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ 23ാം സ്ഥാനത്തേക്കുയര്‍ന്നിട്ടുണ്ട് അദാനി.ഒരു ഘട്ടത്തില്‍ ലോകത്തിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 35ാം സ്ഥാനത്തേക്ക് വരെ താഴ്ന്നിരുന്നു അദാനി. അതിന് ശേഷമുള്ള ഈ തിരിച്ചുവരവ് അവിശ്വസനീയമാണ്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനിയുടെ ഏകദേശം 35 ശതമാനത്തോളം ആസ്തി ആവിയായി.
ഒന്നാം സ്ഥാനത്തുള്ള അംബാനിയുടെ ആകെ സ്വത്ത് 8200 കോടി ഡോളറാണ്. വാക്സിന് നിര്‍മ്മാതാക്കളായ സിറം ഇന്ത്യയുടെ ഉടമസ്ഥന് സൈറസ് പൂനവാലയാണ് മൂന്നാം സ്ഥാനത്ത്- ആസ്തി 2800 കോടി ഡോളര്‍. എച്ച് സിഎല്‍ ഉടമ ശിവ് നാടാരാണ് 2700 കോടി ഡോളറോടെ നാലാം സ്ഥാനത്തുള്ളത്. സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ 2000 കോടി ഡോളറോടെ അഞ്ചാം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: