ന്യൂദൽഹി: ദല്‍ഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് ഏര്‍പ്പെടുത്തിയ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ നടപടി.
ദൽഹി ചാണക്യപുരിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ പോലീസ് ബാരിക്കേഡുകളും രാജാജി മാര്‍ഗിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്സ് എല്ലിസിന്റെ വസതിക്ക് മുന്നിലെ ബാരിക്കേഡുകളുമാണ് ബുധനാഴ്ച ഉച്ചയോടെ നീക്കംചെയ്തത്. ഇവിടങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥരെയും പിൻവലിച്ചതായാണ് റിപ്പോർട്ടുകൾ.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെയുണ്ടായ അതിക്രമത്തില്‍ സുരക്ഷ സംബന്ധിച്ച് ബ്രീട്ടീഷ് അധികൃതര്‍ക്ക് മുന്നില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഖലിസ്ഥാന്‍വാദികളുടെ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃതപാല്‍ സിങ്ങിനെതിരായ പൊലീസ് വേട്ടയ്ക്കെതിരെയാണ് ഖലിസ്ഥാൻ വാദികൾ പ്രതിഷേധിച്ചത്.
ലണ്ടനില്‍ ഇന്ത്യന്‍ ഹൈകമ്മീഷന് ഓഫീസിലെ പതാക താഴ്ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ഖലിസ്ഥാന്‍ വാദികള്‍ യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ ആക്രമണവും നടത്തിയിരുന്നു. യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിലെ ഗ്ലാസ് ഡോറും ജനവാതിലും ഖലിസ്ഥാന്‍ വാദികള്‍ അടിച്ചു തകർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: