തിരുവനന്തപുരം: ചെറുവാഹനങ്ങൾ കടന്ന് പോകുന്നതിനായി നെയ്യാറിനു കുറുകെ രാമേശ്വരം പാലക്കടവിൽ സ്ഥാപിച്ച കോസ് വേയിലൂടെ അമിത ഭാരം കയറ്റിയ ലോറികളുടെ അനിയന്ത്രിതമായ ഓട്ടം കാരണം പാലം ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. ഇതുമൂലം നാട്ടുകാരും കാൽനടയാത്രക്കാരും അപകടഭീഷണിയിലാണ്. വലിയ പാറക്കല്ലുകൾ കയറ്റിയുള്ള ലോറികളുടെ യാത്രകൾ കാരണം കോസ് വേയുടെ തൂണിന്റെ കോൺക്രീറ്റുകൾ ഇളകി കമ്പികൾ പുറത്തേക്ക് കാണുന്ന നിലയിലേക്ക് മാറി. കൂടാതെ ഓരോ വാഹനങ്ങൾ പോകുമ്പോഴും കോൺക്രീറ്റ് പാളികൾ ഇളകി വീഴുകയാണ്.
കോസ് വേ ഏത് നിമിഷവും തകർന്ന് വലിയ അപകടത്തിലേക്ക് പോകുമെന്നായപ്പോൾ 2006 ൽ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലും വിവിധ രാഷ്‌ട്രീയ സംഘടനകളുടെ നേതൃത്വത്തിലും സമരങ്ങൾ സംഘടിപ്പിക്കുകയും ലോകായുക്തയിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ 2007 മാർച്ചിൽ രാമേശ്വരം പാലക്കടവ് കോടതി റോഡ് വഴി ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചുകൊണ്ട് ലോകായുക്ത ഉത്തരവാകുകയും ഈ വിധി നടപ്പിലാക്കാൻ നെയ്യാറ്റിൻകര ഡിവൈഎസ്പിയെ ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ കോസ് വേയുടെ ഇരുഭാഗത്തും ക്രോസ് ബാർ സ്ഥാപിക്കാനും ഉത്തരവായി.
എന്നാൽ നീണ്ട പതിനാറു വർഷങ്ങൾ പിന്നിട്ടിട്ടും ലോകായുക്ത വിധി നടപ്പിലാക്കാനോ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിക്കാനോ ക്രോസ് ബാർ സ്ഥാപിക്കാനോ അധികൃതർ തയ്യാറായിട്ടില്ല. ഇതുമൂലം പാലം ഏത് നിമിഷവും തകർന്ന് വീഴുന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.
കോസ് വേയോട് ചേർന്ന് ഏതാണ്ട് അയ്യായിരത്തോളം കുട്ടികൾ പഠിക്കുന്ന സ്‌കൂളുമുണ്ട്, ഈ വിദ്യാർത്ഥികളും രക്ഷിതാക്കളും സ്‌കൂളിലേക്ക് പോകാനായി ആശ്രയിക്കുന്നത് ഈ വഴിയാണ്. ഇതുകൂടാതെ അമിത ഭാരം കയറ്റിയ ലോറികളുടെ ഓട്ടം കാരണം സ്ഥലത്തെ പൈപ്പ് ലൈനുകൾ പൊട്ടുന്നത് ദിവസങ്ങളോളം കുടിവെള്ളം തടസപ്പെടുകയും വൈദ്യുതി പോസ്റ്റുകൾ ഇടിച്ച് തകർക്കുക്കത് മൂലം വൈദ്യുതി ലഭിക്കാതിരിക്കുകയും ചെയ്യുന്നു.
ലോകായുക്ത ഉത്തരവ് നടപ്പിലാക്കുന്നതിനായി രാമേശ്വരം റസിഡന്റ്‌സ് അസോസോയിയേഷന്റെ നേതൃത്വത്തിൽ സ്ഥലം എംഎൽഎക്കും നെയ്യാറ്റിൻകര ഡിവൈഎസ്പിക്കും മറ്റ് അധികാരികൾക്കും നിരന്തരം അപേക്ഷകളും പരാതികളും നൽകിയിട്ടും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.തുടർന്നും വിധി നടപ്പിലാക്കാൻ അധികാരികൾ തയ്യാറായില്ലെങ്കിൽ ബഹുജനങ്ങളെ മുൻനിർത്തി ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: