കണ്ണൂര്‍: നീലേശ്വരം സ്വദേശിനിയായ 52 വയസ്സുകാരിക്ക് 2016 ല്‍ ശക്തമായ ചുമയും ശ്വാസം മുട്ടലും അനുഭവപ്പെടുകയായിരുന്നു. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിട്ടും അസുഖത്തിന്റെ കാരണം തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. കഫക്കെട്ടും ചുമയും വിട്ടുമാറാതെ പിന്‍തുടര്‍ന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ഇവര്‍ കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ഇന്റര്‍വെന്‍ഷണല്‍ പള്‍മണോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയത്.
വിശദമായ പരിശോധനയ്‌ക്കുശേഷം ഡോക്ടര്‍ സിടി സ്‌കാനെടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതില്‍ ശ്വാസകോശത്തിന്റെ വലത് വശത്ത് കട്ടിയുള്ള എല്ല്പോലുള്ള വസ്തു കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇതിന് താഴെയുള്ള ഭാഗത്തേക്ക് ശ്വാസമെത്താതിരുന്നതിനാല്‍ ആ ഭാഗം നശിച്ച് ബ്രോങ്കാടാസിസ് എന്ന അവസ്ഥയിലെത്തിയിരുന്നു.
തുടര്‍ന്ന് രോഗിയെ അടിയന്തരമായി ബ്രോങ്കോസ്‌കോപ്പിക്ക് വിധേയയാക്കുകയും വസ്തു പുറത്തെടുക്കുകയും ചെയ്തു. അപ്പോഴാണ് കുടുങ്ങിക്കിടക്കുന്നത് എല്ലിന്‍ കഷ്ണമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശ്വാസകോശത്തില്‍ അടിഞ്ഞ് കൂടിയ കഫവും മറ്റും നീക്കം ചെയ്യുകയും ചെയ്തു. മുതിര്‍ന്നവരിലും കുട്ടികളിലും എല്ലാം ഇത്തരം അവസ്ഥ സംഭവിക്കാനുള്ള സാധ്യതയുണ്ട്. അതിനാല്‍ ലക്ഷണങ്ങള്‍ കാണുകയോ സംശയം തോന്നുകയോ ചെയ്താല്‍ ഉടന്‍ വിദഗ്‌ദ്ധ ചികിത്സ ലഭ്യമാവുന്ന ആശുപത്രിയില്‍ ചെന്ന് വിദഗ്‌ദ്ധ പരിശോധന നടത്തുന്നതാണ് ഉചിതമെന്ന് ചികിത്സയ്‌ക്ക് നേതൃത്വം നല്‍കിയ ഡോ. വിഷ്ണു ജി കൃഷ്ണന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: