വിശാഖപട്ടണം: ലോകകപ്പിനുള്ള തയാറെടുപ്പായിരുന്നു മത്സരം. പക്ഷെ, അതിനുള്ള മനോഭാവമൊന്നും ഇന്ത്യന്‍ താരങ്ങളില്‍ ആരിലുമുണ്ടായില്ല. സ്വന്തം നാട്ടില്‍ ബാറ്റിങ്ങിനെ തുണച്ച പിച്ചില്‍ തോന്നിയ പോലെ ബാറ്റ് ചെയ്ത് 26 ഓവറില്‍ 117 റണ്‍സിനു പുറത്തായ ഇന്ത്യയെ 11 ഓവറില്‍ വിക്കറ്റ് കളയാതെ 121 റണ്‍സെടുത്ത് നാണംകെടുത്തി ഓസ്ട്രേലിയ. പത്ത് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ഇതോടെ, പരമ്പരയില്‍ ഒപ്പത്തിനൊപ്പം (1-1). മൂന്നാം മത്സരം 22ന് ചെന്നൈയില്‍.
പേസര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും സീന്‍ അബോട്ടും നഥാന്‍ എല്ലിസും ആദ്യം ഇന്ത്യന്‍ ബാറ്റിങ്ങിനെ കശാപ്പ് ചെയ്തപ്പോള്‍, മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡ്ഡും ചേര്‍ന്ന് ബൗളിങ്ങിനെയും തച്ചുടച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മിച്ചല്‍ സ്റ്റാര്‍ക്കാണ് തകര്‍ത്തത്. എട്ടോവറില്‍ 53 റണ്‍ വഴങ്ങി അഞ്ചു വിക്കറ്റ് പിഴുതു. കളിയിലെ താരവും സ്റ്റാര്‍ക്ക്. സീന്‍ അബോട്ട് മൂന്നും നഥാന്‍ എല്ലിസ് രണ്ടും വിക്കറ്റെടുത്തു. 31 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ടോപ് സ്കോറര്‍. അവസാനം അക്സര്‍ പട്ടേലിന്റെ (29) തകര്ത്തടികളാണ് സ്കോര്‍ നൂറ് കടത്തിയത്. രവീന്ദ്ര ജഡേജയും (16), രോഹിത് ശര്‍മയും (13) രണ്ടക്കം കണ്ടു. ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ 14 എക്സ്ട്രാ റണ്ണുകളും വഴങ്ങി. പത്താം ഓവറില്‍ ഹാര്‍ദിക്കിനെ പുറത്താക്കാന്‍ സ്റ്റീവ് സ്മിത്ത് സ്ലിപ്പില്‍ വലത്തോട്ടു ചാടിയെടുത്ത ക്യാച്ചും മത്സരഗതി നിര്‍ണയിച്ചു.
മറുപടി തുടങ്ങിയ ഓസീസ് ഓപ്പണര്‍മാര്‍ വേഗത്തില്‍ കാര്യം അവസാനിപ്പിച്ചു. മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ 66 റണ്‍സും ട്രാവിസ് ഹെഡ് 30 പന്തില്‍ 51 റണ്‍സുമെടുത്തു. മാര്‍ഷ് ആറ് വീതം ഫോറും സിക്സും പറത്തിയപ്പോള്‍, ഹെഡ് 10 ഫോറടിച്ചു.
നാട്ടില്‍ ഇന്ത്യയുടെ നാലാമത്തെ കുറഞ്ഞ സ്കോറാണിത്. ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാമത്തേതും. നാട്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള രണ്ടാമത്തെ കുറഞ്ഞ സ്കോര്‍ കൂടിയാണിത്. ഇന്ത്യ ബാറ്റ് ചെയ്യുന്ന രണ്ടാമത്തെ കുറഞ്ഞ ഓവറാണിത്. 1986ല്‍ ശ്രീലങ്കയ്ക്കെതിരെ 24.1 ഓവറില്‍ പുറത്തായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: