കഴിഞ്ഞ മൂന്നാഴ്ചകളില്‍ സംഘപഥത്തിലൂടെ സഞ്ചരിക്കാന്‍ വായനക്കാര്‍ക്ക് സാധിച്ചില്ല എന്നതില്‍ അവരുടെ ഉത്കണ്ഠ നന്നായി മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. അനിവാര്യമായ ചില സാഹചര്യങ്ങള്‍ വ്യക്തിപരമായി വന്നുചേര്‍ന്നതുമൂലം എന്തെങ്കിലും എഴുതാന്‍തക്ക മാനസികാവസ്ഥ ഇല്ലാതെ വന്നു. അതിനാല്‍ ഈ സഞ്ചാരം നിര്‍ത്തിവച്ചതായിരുന്നു. അറുപതില്‍പരം വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ ഗുരുവായൂര്‍ ഭാഗത്ത് പ്രചാരകനായിരുന്ന കാലത്തെ സംബന്ധിക്കുന്ന ചില പരാമര്‍ശങ്ങളാണ് മുമ്പ് എഴുതിയത്. അതില്‍ പരേതനായ വീട്ടിക്കിഴി കേശവന്‍നായര്‍ എന്ന, കേശു എന്നറിയപ്പെട്ടിരുന്ന സംഘപ്രവര്‍ത്തകനെക്കുറിച്ചു വന്ന പരാമര്‍ശത്തെ സംബന്ധിച്ച് തന്റേതായ ഭിന്നാഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് വന്ന സുദീര്‍ഘമായ കത്തിലെ വിവരങ്ങളാണ് ഇത്തവണ പരാമര്‍ശിക്കുന്നത്.
കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമക്കാരനായ പി.എ.കെ. നീലകണ്ഠന്‍ എന്ന, സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷണല്‍ സെക്രട്ടറിയായി ജോലി ചെയ്തിരുന്ന മുന്‍ ബിഎംഎസ് അനുകൂല സംഘടനയുടെ സ്ഥാപകാംഗങ്ങളില്‍ ഒരാളെന്നു പരിചയപ്പെടുത്തിക്കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. താന്‍ ബേപ്പൂര്‍ തുറമുഖത്തില്‍ ജോലി ചെയ്തിരുന്ന കാലത്ത് അരക്കിണറിനടുത്തു മംഗലശ്ശേരി ഇല്ലത്തെ രാജന്‍ മാസ്റ്റര്‍, കൃഷ്ണന്‍ എമ്പ്രാന്തിരി എന്നിവരുമൊരുമിച്ച്, ഗുരുവായൂര്‍ക്കു നടന്നുപോയിരുന്നു. ടെമ്പിള്‍ സൂപ്രണ്ടായിരുന്ന താമരക്കുളം നാരായണന്‍ നമ്പൂതിരിയോടൊപ്പമാണ് താമസിച്ചത്. തങ്ങള്‍ അവിടെയെത്തിയ നാല്‍ലാണ് അമ്പലത്തില്‍ തീപി
ടുത്തമുണ്ടായത്. അര്‍ധരാത്രിക്കുശേഷം അമ്പലത്തില്‍നിന്ന് കൂട്ടമണി കേട്ട് ചെന്നപ്പോള്‍ തിടപ്പള്ളി ആളിക്കത്തുകയായിരുന്നു. കീഴ്ശാന്തിമാര്‍, അടുപ്പിന്‍ മുകളില്‍ വെച്ച ഉണങ്ങിയ ചകിരിത്തൊണ്ടില്‍, കെടുത്തിവെച്ച വിറകില്‍നിന്ന് തീപിടിച്ചു പടരുകയായിരുന്നു.
കിഴക്കേ വാതില്‍ മാടം തുറക്കാന്‍ അപ്പോഴേക്കും ഓടിക്കൂടിയ ഭക്തന്മാര്‍ ആവശ്യപ്പെട്ടിട്ടും മേല്‍ശാന്തി വന്നാലെ തുറക്കൂ എന്നു ജീവനക്കാര്‍ നിലപാടെടുത്തു. അവിടെയുണ്ടായിരുന്ന അയ്യപ്പഭക്തര്‍ തിടപ്പള്ളിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചാണകത്തുകയറിയത്. അകത്തെ കിണറ്റില്‍നിന്ന് വെള്ളമെടുത്ത് തീ കെടുത്താമെന്ന ഭക്തരുടെ നിര്‍ദ്ദേശത്തെ ബ്രാഹ്മണര്‍ക്കു മാത്രമേ കിണര്‍ തൊടാനാവൂ എന്ന അടുത്ത ഷോക്കര്‍ കാട്ടി ജീവനക്കാര്‍ തടഞ്ഞു.
തങ്ങള്‍ ബ്രാഹ്മണരാണെന്നു പൂണൂല്‍ കാട്ടി തെളിയിച്ചശേഷമേ വെള്ളം കോരാനനുവദിച്ചുള്ളൂ. മൂന്നു മണിക്കൂര്‍ വെള്ളം കോരി തീ ശ്രീകോവിലിലേക്കു പടരാതെ നോക്കി. അന്നു ഫയര്‍ എഞ്ചിന്‍ എറണാകുളത്തും കോഴിക്കോടും മാത്രമേയുള്ളൂവെന്നും നീലകണ്ഠന്‍ എഴുതുന്നു.
പുന്നയൂര്‍ക്കുളത്തിനടുത്തുള്ള ഇല്ലത്തുനിന്നും തന്ത്രിയെ വിളിച്ചുകൊണ്ടുവന്നു കിഴക്കേ വാതില്‍ തുറന്നു ശ്രീകോവിലില്‍ കയറി കൊച്ചുകുട്ടിയെ എന്നതുപോലെ വിഗ്രഹം എടുത്തുകൊണ്ടുവരുന്ന രംഗം ഇന്നും മനോമുകുരത്തില്‍ തെളിയുന്നു എന്ന് നീലകണ്ഠന്‍ എഴുതുന്നു. (തന്ത്രിയല്ല, ഊരാളനായ മല്ലിശ്ശേരി നമ്പൂതിരിയായിരുന്നുവെന്ന് രാജന്‍ മാസ്റ്റര്‍ സൂചിപ്പിക്കുകയുണ്ടായി. ഒരുപക്ഷേ ശരിയാകാം എന്ന് അദ്ദേഹം കുറിക്കുന്നു.)
അയ്യപ്പന്മാര്‍ അവിടെയില്ലായിരുന്നുവെങ്കില്‍ ബ്രാഹ്മണരായ ഞങ്ങള്‍ മൂന്നുപേര്‍ യാദൃച്ഛികമായി അവിടെയെത്തിയില്ലായിരുന്നെങ്കില്‍, ഗുരുവായൂരമ്പലം ഒന്നടങ്കം ചാമ്പലാകുമായിരുന്നു. ക്ഷേത്രക്കിണര്‍ ബ്രാഹ്മണരേ തൊടാവൂ എന്ന നിലപാടെടുത്ത ജീവനക്കാര്‍ കേശവന്‍നായര്‍ചേട്ടനെ ശ്രീകോവിലില്‍ കയറാന്‍ അനുവദിച്ചു എന്ന കാര്യം ഞങ്ങളുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവിശ്വസനീയമായി തോന്നുന്നു. ക്ഷേത്രത്തില്‍ അഗ്നിഭയമുണ്ടായാല്‍ അശൂലമാണെങ്കിലും മേല്‍ശാന്തിക്കോ കീഴ്ശാന്തിമാര്‍ക്കോ തിടപ്പള്ളി കത്തിത്തുടങ്ങുന്ന സമയത്തുതന്നെ വിഗ്രഹം മാറ്റാമായിരുന്നു…
….തന്ത്രി കേശവന്‍ചേട്ടനെ ശ്രീകോവിലില്‍ കയറ്റിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ പണി പോയിരിക്കുമെന്നു തീര്‍ച്ചയാണ്.” നമ്പൂതിരി സമൂഹത്തില്‍ വന്നുചേര്‍ന്നിട്ടുള്ള അനാചാരങ്ങളെ അദ്ദേഹം ഉദാഹരണസഹിതം അപലപിക്കുന്നുണ്ട്.
അഗ്നിബാധാ രാത്രിയില്‍ കോട്ടയം കോഴിക്കോട് ഗുരുവായൂര്‍ കോഴിക്കോട് ഫാസ്റ്റ് പാസഞ്ചര്‍ ബസ്സില്‍ ഞാനും യാത്രക്കാരനായിരുന്നു. ഗുരുവായൂര്‍ പടിഞ്ഞാറെ ഭാഗത്തു ലഘുഭക്ഷണത്തിനും മറ്റുമായി 15 മിനിട്ട് നിര്‍ത്തിയിട്ടും വിവരം അറിഞ്ഞത് കോഴിക്കോട്ടെത്തിയശേഷമാണ്.
കേശവന്‍നായരുടെ ജീവിതത്തിലെ സാഹസികത നേരിട്ടനുഭവമുള്ളതിനാല്‍ ശ്രീകോവിലില്‍നിന്നും വിഗ്രഹമിളക്കിയെടുത്തു മേല്‍ശാന്തിയേയോ തന്ത്രിയേയോ ഏല്‍പ്പിച്ചുവെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. മണത്തല വിശ്വനാഥ ക്ഷേത്രത്തിലെ ഉത്സവ എഴുന്നള്ളിപ്പിന് കൂട്ടുങ്ങല്‍ മൂപ്പന്റെ പള്ളിക്കു മുന്നില്‍ മുസ്ലിങ്ങള്‍ തടസമുണ്ടാക്കിയതിനെതിരെ മമ്മിയൂരില്‍നിന്ന് ചന്ദ്രക്കല സമര്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് കേശവന്‍നായരായിരുന്നു. 1958 ലെ സംഘര്‍ഷം മുറ്റിനിന്ന സമയത്ത്, എഴുന്നള്ളിപ്പു പോകേണ്ട വഴി പൊതുനിരത്താണെന്ന് സ്ഥാപി
ച്ചുകിട്ടാന്‍ ഹൈക്കോടതിയില്‍ റിട്ടു നല്‍കിയതു വാഞ്ചീശ്വരയ്യര്‍ എന്ന ബ്രാഹ്മണനായിരുന്നു. കോടതിയില്‍ വാദിച്ചത് റോയ് ഷേണായിയെന്ന ബ്രാഹ്മണനായിരുന്നു. അവരെല്ലാം സംഘത്തിന്റെ സംസ്‌കാരം ലഭിച്ചവരായിരുന്നുതാനും.
മലയാള ബ്രാഹ്മണ സമൂഹത്തിന്റെയും അവരെ പിന്‍പറ്റി നില്‍ക്കുന്ന ഒരുകൂട്ടം ഇതര വിഭാഗക്കാരുടെയും ശാഠ്യങ്ങള്‍ മാറ്റാനായി സംഘം ചെയ്യുന്ന ഭാവാത്മകമായ നടപടികളാണ് ശുഭോദര്‍ക്കമായിട്ടുള്ളത്. അതിന്റെ ഭാഗമായി 1987 ലാണെന്നു ഓര്‍ക്കുന്ന ക്ഷേത്രവിമോചനയാത്ര മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരംവരെ സഞ്ചരിച്ചു. ഗുരുവായൂരില്‍ത്തന്നെ ബ്രാഹ്മണസദ്യക്കെതിരെ കല്ലറ സുകുമാരന്റെ നേതൃത്വത്തില്‍ ശ്രീപത്മനാഭസ്വാമി സന്നിധയില്‍നിന്ന് ഗുരുവായൂരിലേക്കു നടത്തിയ യാത്രക്കു സ്വീകരണത്തിനു മാത്രമല്ല, സജീവമായി പങ്കെടുക്കാനും ഒപ്പം സദ്യയില്‍ പങ്കെടുക്കാനും
യാഥാസ്ഥിത മനോഭാവക്കാരായിരുന്ന മലയാള ബ്രാഹ്മണരിലെ ആഢ്യന്മാരെയും അന്തര്‍ജനങ്ങളെയും പ്രചോദിപ്പിച്ചതും ഭാസ്‌കര്‍റാവു, മാധവജി, പരമേശ്വര്‍ജി, ഇരവി നമ്പൂതിരിപ്പാട്, ആര്യാദേവി അന്തര്‍ജനം മുതലായവരായിരുന്നു. അതുവരെ ഈ സംരംഭത്തോടു മുഖംതിരിച്ചുനിന്ന മുഖ്യമന്ത്രി കെ. കരുണാകരന്‍ ഗുരുവായൂരെത്തിയപ്പോള്‍ വൈകിപ്പോയതിനാല്‍ അദ്ദേഹത്തോടൊപ്പം ജാഥാനായകന് രണ്ടാമതും ഊട്ടിനിരിക്കേണ്ടിവന്നു.
യാഥാസ്ഥിതികതയും പഴയ മനസ്സും പരിഛേദം ഇല്ലായ്മയായി എന്നല്ല. വയലാര്‍ രവിയുടെ മകന്റെ ക്ഷേത്രപ്രവേശവും വിവാഹവും പ്രശ്നമായല്ലോ. സംഗീതജ്ഞന്‍ യേശുദാസിനെ ഗുരുവായൂരില്‍ പ്രവേശിക്കാന്‍ വിടാത്ത മനോഭാവം, യൂസഫലി കേച്ചേരിയുടെ കാര്യം ഇങ്ങനെ എത്ര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടാവും. ഇന്നും ദൈവമാകാനാഗ്രഹിക്കുന്ന രാഷ്‌ട്രീയ നേതാക്കളുമുണ്ടല്ലോ തെയ്യത്തെപ്പോലെ നടക്കുന്നു!
തൃശ്ശിവപേരൂരിലെ ചരിത്രവിഭാഗം ഡിഗ്രി വിദ്യാര്‍ത്ഥികളുടെ ഒരു യോഗത്തില്‍ സംബന്ധിക്കാന്‍ 1975 ലാണെന്നു ഓര്‍ക്കുന്നു അവിടത്തെ വിദ്യാര്‍ഥി പരിഷത് പ്രവര്‍ത്തകരുടെ ക്ഷണപ്രകാരം പോയിരുന്നു. അന്നവിടെ ഗോമാംസസദ്യയുടെ പ്രഭാതം തുടങ്ങിയിട്ടില്ല. എങ്കിലും ചോദ്യമുന്നയിക്കാനായി എസ്എഫ് വിദ്യാര്‍ഥികളുമുണ്ടായിരുന്നു. പൊതുവായി സാമൂഹ്യ, ചരിത്ര വിഷയങ്ങളെപ്പറ്റിയുള്ള ജനസംഘ നിലപാടുകള്‍ വിവരിച്ചു കഴിഞ്ഞു അവര്‍ക്കു വിശദീകരണം വേണമെങ്കില്‍ ആവാം എന്നു പറഞ്ഞു. യേശുദാസന്റെ ഗുരുവായൂര്‍ ക്ഷേത്രപ്രവേശ നിഷേധമായിരുന്നു ഒരു ചോദ്യം. അതിനദ്ദേഹത്തിനെ അനുവദിക്കേണ്ടതാണ്. ദേവസ്വത്തിന്റെ നിലപാടു മാറ്റണം; തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തിലെ ‘ജനനാലോ വിശ്വാസത്താലോ ഹിന്ദുവായ’ എന്ന താല്‍പര്യം അധികൃതര്‍ സ്വീകരിക്കണമെന്നു പറഞ്ഞപ്പോള്‍ അവര്‍ക്കു തൃപ്തിയായി.
വിശ്വഹിന്ദുപരിഷത്തിന് ദാനമായി ലഭിച്ച എറണാകുളം കലൂരിലെ മഹാദേവക്ഷേത്രം പഴയ കൊച്ചി രാജ്യത്ത് ആദ്യമായി എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനമനുവദിച്ച ഇടമായിരുന്നു. വളരെ വര്‍ഷങ്ങളായി അതനാഥമായി കിടന്നപ്പോള്‍ വിശ്വഹിന്ദു പരിഷത് സംസ്ഥാന ചുമതല വഹിച്ചിരുന്ന ഇരവി നമ്പൂതിരിപ്പാട്, ആ ക്ഷേത്ര ഉടമയായിരുന്ന വിദ്യാസാഗരന്‍ ഭട്ടതിരിപ്പാടിനോട് അതു പരിഷത്തിന് ദാനം ചെയ്യാന്‍ അഭ്യര്‍ഥിച്ചു. അദ്ദേഹമത് എം.കെ.കെ. നായരുടെ ചുമതലയിലേല്‍പ്പിക്കാന്‍ ആലോചിച്ചിരുന്നതാണ്. ഏതായാലും പരിഷത്തിനു ലഭിച്ചു. ക്രമേണ ക്ഷേത്രം അഭിവൃദ്ധിപ്പെട്ടു. മാധവജിയുടെയും പരമേശ്വര്‍ജിയുടെയും ഭാസ്‌കര്‍റാവുജിയുടെയും മറ്റും ശ്രമഫലമായി അവിടെ ക്ഷേത്രവിശ്വാസമുള്ള ആര്‍ക്കും ദര്‍ശനസ്വാതന്ത്ര്യം നല്‍കപ്പെട്ടു. ഷര്‍ട്ട് ധരിച്ചു നാലമ്പലത്തില്‍ കയറാനും വിലക്ക് ഏര്‍പ്പെടുത്തിയില്ല. ചില പ്രത്യേക ചടങ്ങുകളില്‍ അതിനു നിയന്ത്രണം വെച്ചുവെന്നു മറക്കുന്നില്ല. ഇന്ന് നഗരത്തിലെ ഏറ്റവും ഏറെ ആരാധകരെത്തുന്ന ദേവാലയമാണത്. ഹിന്ദുശ്രേയസ്സിനുവേണ്ടിയുള്ള എന്തെല്ലാം പരിപാടികള്‍ അവിടെ നടക്കുന്നു!
എ.പി.കെ. നീലകണ്ഠന്റെ ഇപ്പോഴത്തെ മേല്‍വിലാസം തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലാണ്. അദ്ദേഹം ജന്മഭൂമിയുടെ പതിവുവായനക്കാരനാകയാല്‍, വ്യക്തിപരമായി കത്തെഴുതുന്നില്ല. ഈ വിഷയത്തെ ഒന്നുകൂടി വിശദമാക്കാന്‍ അദ്ദേഹത്തിന്റെ എഴുത്ത് പ്രചോദനമായി എന്നതിന് നന്ദി അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: