ഗ്രീഷ്മ മധുസൂദ്
അമ്മുക്കുട്ടി അന്നൊന്നും കഴിച്ചില്ല. സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു രഘു പോയതിന്റെ വിഷമം. പോകാന്‍ ഇഷ്ടമില്ലാതിരുന്നിട്ടും അവളെ ഉപേക്ഷിച്ച് അവന് പോകേണ്ടി വന്നു. ഒരുപാട് വട്ടം തിരിഞ്ഞ് നോക്കി. അവളുടെ ഓരോ കരച്ചിലിലും അരികിലേക്ക് അവന് ഓടിയെത്തി. അവളെ കെട്ടിപ്പുണര്‍ന്നു. അവന്റെ സങ്കടം ഉള്ളിലൊതുക്കി അവളെ ആശ്വസിപ്പിച്ചു. മനസില്ലാമനസോടെ രഘുവിന് അമ്മുക്കുട്ടിയെ വിട്ടുപോകേണ്ടി വന്നു. ഓരോ ചുവട് വയ്ക്കുമ്പോഴും അവന് അവളെ തിരിഞ്ഞ് നോക്കി. രഘു അങ്ങകലെ മറയുന്നതും നോക്കി അവളും നിന്നു.
ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമില്‍ ഇത്തവണ ഓസ്കര് നേടിയ ‘ദി എലിഫന്റ് വിസ്പറേഴ്സി’ലെ ഏറ്റവും വൈകാരികമായ രംഗമാണിത്. തമിഴ്നാട്ടിലെ ധര്‍മപുരിയിലെ ഉള്‍ക്കാട്ടിനുള്ളില്‍ പരിക്കേറ്റ ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചിരിക്കുന്ന വനംവകുപ്പ് ജീവനക്കാരനും ആനപാപ്പാനുമായ ബൊമ്മന്റെയും ബെല്ലിയുടെയും കഥയാണ് ‘ദി എലിഫന്റ് വിസ്പറേഴ്സ് എന്ന 41 മിനിറ്റ് ഹ്രസ്വ ചിത്രം. മുതുമലക്കാട്ടില്‍ നിന്ന് കൂട്ടം തെറ്റി എത്തി ബൊമ്മന് രക്ഷിച്ച രഘുവെന്ന് പേരിട്ട ആ ആനക്കുട്ടിയും പിന്നീട് ബൊമ്മന്റെ ജീവിത്തിലേക്ക് എത്തിയ ബെല്ലിയുടെയും അമ്മുക്കുട്ടി എന്ന ആനക്കുട്ടിയുടെയും ആത്മബന്ധം പറയുന്ന സിനിമ.
ആനയുടെ കൊമ്പില്‍നിന്നു കുത്തേറ്റ് മാരകമായ പരിക്ക് പറ്റിയ ബൊമ്മന്, കടുവയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട ബെല്ലി. രഘു, അമ്മുക്കുട്ടി എന്നീ കുട്ടിയാനകളെ സംരക്ഷിക്കാനായി വനം വകുപ്പ് എത്തുന്നത് വന്യ ജീവികള്‍ മുഖേന ജീവിതത്തില്‍ നഷ്ടങ്ങളുണ്ടായ ഈ രണ്ട് മനുഷ്യരുടെ പക്കലേക്കാണ്.
ഈ ആനക്കുട്ടികളെ വളര്‍ത്താനായി തങ്ങളുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുകയും, ജീവിത ശൈലിയിലും ബന്ധങ്ങളിലും വരെ വ്യത്യസ്തതകള്‍ കൊണ്ടുവരികയുമാണ് ബൊമ്മനും ബെല്ലിയും.
‘ഞാന്‍ കാട്ടുനായ്ക്കര്‍’ എന്ന് ബൊമ്മന് പറയുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് ആ ഫ്രെയിമിലേക്ക് രഘുവും എത്തുന്നു. നേരം വെളുത്താല്‍ ബൊമ്മന്റെ ആദ്യ ജോലി രഘുവുമായി ഒന്നിച്ചൊരു കുളിയാണ്. ‘അച്ഛന്റെ’ കൈ പിടിച്ച് അനുസരണയുള്ള കുട്ടിയെ പോലെ അവന് ആ അരുവിയിലേക്ക് പോകുന്നതു കാണുക ചേതോഹരം. ഈ രംഗത്തുതന്നെ ഡോക്യുമെന്ററി കാഴ്ചക്കാരന്റെ മനസ്സില്‍ കൂടുകൂട്ടുന്നു.
2017 മെയ് 6നാണ് കൃഷ്ണഗിരി ഹൊസൂര്‍ കാട്ടില്‍നിന്ന് 11 മാസം പ്രായമുള്ള രഘുവിനെ ഫോറസ്റ്റ് ജോലിക്കാര്‍ക്ക് കിട്ടുന്നത്. ഓഫീസര്‍മാര്‍ വിളിച്ചതനുസരിച്ച് ബൊമ്മന് ചെന്ന് നോക്കുമ്പോള്‍ അവന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു. വേദനയില്‍ നീറുകയായിരുന്നു. കാട്ടുനായ്ക്കള്‍ വാലു കടിച്ച് മുറിച്ചിരുന്നു, മുറിവുകളില്‍ പുഴുക്കള്‍ വന്നു തുടങ്ങിയിരുന്നു. ഷോക്കേറ്റാണ് രഘുവിന്റെ അമ്മ ചരിയുന്നത്. മറ്റ് ആനകളെ കണ്ടെത്തി രഘുവിനെ അവരുടെ ഒപ്പം ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അവന് ഒട്ടും ഇണങ്ങിയില്ല.
രഘു വന്നതിന് ശേഷമാണ് താന്‍ കുട്ടിയാനകളുടെ സംരക്ഷകയായി ചുമതലയേല്‍ക്കുന്നത് ബെല്ലി ചിത്രത്തില്‍ പറയുന്നുണ്ട്. രഘുവിനെ ആദ്യം കാണുമ്പോള്‍ അവന് എന്റെ സാരിയില്‍ പിടിച്ചു വലിച്ചു. ആ നിമിഷം ഞാന്‍ അവനെ ഇഷ്ടപ്പെട്ടു തുടങ്ങി. അവന് ഇവിടെ വരുമ്പോള്‍ മോശമായ അവസ്ഥയിലായിരുന്നു. അവന് ജീവിക്കുമെന്ന് പോലും വിചാരിച്ചിരുന്നതല്ലെന്ന് ബെല്ലി പറഞ്ഞു. അവനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങളാല്‍ ചെയ്യാവുന്നത് എല്ലാം തന്നെ ചെയ്തു. സ്വന്തം മകനെ പോലെ അവനെ അവര്‍ പരിപാലിച്ചു. മുറിവുകളില്‍ മരുന്ന് പുരട്ടി സുഖപ്പെടുത്തി, അവനോടൊപ്പം കളിച്ചു. പാല് കൊടുത്തു. അവനെ അടുത്തുനിന്ന് പരിചരിക്കുന്നതിനായി ബൊമ്മനും ബെല്ലിയും ഒരു ടെന്റ് കെട്ടി ഒപ്പം താമസിച്ചു. കൂട്ടം തെറ്റി പോകാതിരിക്കാന്‍ അവന്റെ കഴുത്തില്‍ ഒരു മണി കെട്ടി നല്‍കുകയും ചെയ്തു. കുറുമ്പ് കാണിക്കുമ്പോള്‍ ശാസിച്ചും അല്ലാത്തപ്പോള്‍ അവനെ സ്വന്തം മോനെ പോ
ലെ സ്നേഹിച്ചും അങ്ങനെ ബൊമ്മനും ബെല്ലിയും രഘുവിന്റെ അച്ഛനും അമ്മയുമായി. ”ഞങ്ങള്‍ വായില്‍ വച്ചു കൊടുക്കാതെ അവന് ഒന്നും തന്നെ കഴിക്കില്ല. അത്രക്ക് കുറുമ്പനാണ്. പതിയെ പതിയെ ആണെങ്കിലും അവന് ജീവിതത്തിലേക്ക് തിരികെ എത്തി. ദൈവം തന്നെ വരമായിട്ടാണ് രഘുവിനെ ഞങ്ങള്‍ കാണുന്നത്.”
രഘുവിനെ കിട്ടി രണ്ട് വര്‍ഷത്തിനു ശേഷമാണ് അമ്മുക്കുട്ടിയെ കാട്ടില്‍നിന്നു കിട്ടുന്നത്. 2019 ഫെബ്രുവരി 12നാണ് അമ്മുക്കുട്ടിയെ തിംബംമലം പ്രദേശത്ത് അമ്മയെ പിരിഞ്ഞ് കാലില്‍ വ്രണങ്ങളോടെ വനപാലകര്‍ക്ക് ലഭിക്കുന്നത്. പിറ്റേന്ന് രാവിലെ 5ന് ബൊമ്മന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് ഫോണ്‍ വന്നു. ഉടനെ ക്യാമ്പില്‍ എത്തിച്ചേരാന്‍. അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് അമ്മുക്കുട്ടി ക്യാമ്പില്‍ എത്തുന്നത്. കുഞ്ഞിക്കൈയും നീട്ടി ബിസ്കറ്റ് കഴിക്കുന്ന രംഗം വളരെ കൗതുകം നിറഞ്ഞതാണ്. മഹാ കുസൃതിയായിരുന്നു അമ്മുക്കുട്ടി. തലയിലെ കുറ്റിമുടിയും കുഞ്ഞിച്ചെവികളും ആട്ടി ഓടി വരുന്നത് കാണാന്‍ നല്ല ചന്തമാണ്. രഘുവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചതുകൊണ്ട് അമ്മുക്കുട്ടിയെയും വനപാലകര്‍ ബൊമ്മനെയും ബെല്ലിയെയും ഏല്‍പ്പിച്ചു. അവളെ പരിപാലിക്കുക എന്നത് വളരെ ശ്രമകരമായിരുന്നു. കാരണം കുറുമ്പ് ആകാശത്തോളമായിരുന്നു അവള്‍ക്ക്.
അമ്മുക്കുട്ടി വന്നതിന് ശേഷം ഒരു ആഴ്ചയോളം രഘുവിന് അമ്മയോടും അച്ഛനോടും പിണക്കമായരുന്നു. അമ്മുക്കുട്ടിയുമായി എപ്പോഴും വഴക്കായിരുന്നു. അമ്മുക്കുട്ടി അവരുടെ അടുത്തു ചെന്നു നിന്നാല്‍ അവളെ തള്ളി മാറ്റി രഘു അടുത്ത് വന്നു നില്ക്കും. പോകെ പോകെ അവന് അവളെ ഇഷ്ടപ്പെട്ട് തുടങ്ങി. ബൊമ്മനും ബെല്ലിക്കും രണ്ട് മക്കള്‍. അവര്‍ ഒരു കുടുംബമായി ഒന്നിച്ച് കഴിഞ്ഞു.
രഘുവിനും അമ്മുവിനും വേണ്ടി അവര്‍ വിവാഹം കഴിക്കുന്നു. അങ്ങനെ അനാഥരും തമ്മില്‍ ബന്ധങ്ങള്‍ ഇല്ലാത്തവരുമായ രണ്ട് മനുഷ്യരും രണ്ട് ആനക്കുട്ടികളും നാല് പേര് ചേര്‍ന്ന ഒരു കുടുംബം എന്ന രീതിയിലേക്ക് മാറുന്നു.
തമിഴ്നാട്ടിലെ മുതുമലൈ വന്യജീവി സങ്കേതത്തിലെ ഗോത്രവര്‍ഗമായ കാട്ടുനായ്ക്കര്‍ വിഭാഗത്തിലെ അംഗങ്ങളാണ് ബൊമ്മനും ബെല്ലിയും. ആദ്യം വേട്ടയാടലും മറ്റുമായിരുന്നു തൊഴില്‍. പിന്നീട് ആന പാപ്പാന്മാരായി മാറുകയായിരുന്നു.
ഏഷ്യയിലെ തന്നെ ആദ്യത്തെ ആനവളര്‍ത്തല്‍ കേന്ദ്രമായ തേപ്പക്കാടാണ് ബൊമ്മന് ജോലി ചെയ്തിരുന്നത്. ഉപേക്ഷിക്കപ്പെടുന്നതും മുറിവേറ്റ് അവശനിലയില്‍ പെടുന്നതുമായ ആനകളുടെ പുനരധിവാസത്തിന് പ്രത്യേക ശ്രദ്ധ നല്കുന്നയിടമാണ് തേപ്പക്കാട്. ബൊമ്മന്റെ സഹായിയായി തേപ്പക്കാട് എത്തിയതാണ് ബെല്ലി.
‘ദി എലിഫന്റ് വിസ്പറേഴ്സ്’ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം ശ്രദ്ധേയമാണ്. രഘുവിനെ പോലുള്ള നിരവധി ആനക്കുട്ടന്മാരുടെ പരിപാലനവുമായി ബൊമ്മനും ബെല്ലിയും തങ്ങളുടെ കര്‍മം തുടരുകയാണ്. ചെയ്യുന്ന ജോലിയില്‍ അളവറ്റ അഭിമാനം മാത്രേമയുള്ളൂ ഇരുവര്‍ക്കും.
കാടിനെ പുണ്യഭൂമിയായി കണ്ട് ചെരുപ്പ് ധരിക്കാതെമാത്രം വനത്തിനുള്ളിലൂടെ നടക്കുന്ന ആ മനുഷ്യര്‍, വന ഭൂമിയിലേക്കുള്ള ആധുനിക മനുഷ്യന്റെ കൈകടത്തലുകളെക്കുറിച്ചും വന്യ ജീവികള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കാത്ത തരത്തില്‍ ജീവിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തങ്ങളുടെ പൂര്‍വികര്‍ മുതല്‍ക്കെ ആനകളോടുള്ള ബന്ധത്തെക്കുറിച്ചും ആവേശപൂര്‍വം സംസാരിക്കുന്നുണ്ട്. തങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ കൂടുതല്‍ ഒരു തരി പോലും ഒന്നും കാട്ടില്‍നിന്നെടുക്കില്ലെന്ന് ഉറപ്പോടെയും അഭിമാനത്തോടെയും പറയുന്നുണ്ട്.
അഞ്ച് വര്‍ഷത്തോളം ബൊമ്മനും ബെല്ലിക്കുമൊപ്പം രഘു കഴിഞ്ഞു. വളര്‍ന്നതോടെ അവനെ മറ്റൊരു സങ്കേതത്തിലേക്ക് മാറ്റാന്‍ വനംവകുപ്പ് നിര്‍ബന്ധിതരായി. ബൊമ്മനേയും ബെല്ലിയേയും സംബന്ധിച്ചിടത്തോളം ഹൃദയഭേദകമായിരുന്നു ആ തീരുമാനം. ഇന്ന് തേപ്പാക്കാട് ആനസങ്കേത്തിനോട് ചേര്‍ന്നുള്ള ഒരു മുറി ഷെല്‍ട്ടറിലാണ് ബൊമ്മനും ബെല്ലിയും കഴിയുന്നത്. കൂട്ടിന് അമ്മുവും ബെല്ലിയുടെ പേരമകളായ സഞ്ജനയുമുണ്ട്. രഘുവിന് ഇപ്പോള്‍ എട്ട് വയസാണ് പ്രായം. പിരിഞ്ഞെങ്കിലും അവന്റെ മനസില്‍ നിന്ന് തന്റെ വളര്‍ത്തമ്മയേയും വളര്‍ത്തച്ഛനെയും കുറിച്ചുള്ള ഓര്‍മകള്‍ മാഞ്ഞിട്ടില്ല. രഘൂ… എന്നുള്ള വിളിയില്‍ തുമ്പിക്കൈ ഉയര്‍ത്തി അവനോടി എത്തും.
ഡോക്യുമെന്ററിയുടെ പിന്നണിയില്‍ ഇവര്‍കൂടി
- എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ഡഗഌസ് ബഌഷ്, കാര്‍ത്തികി ഗോണ്‍സാല്‍വസ്
- എഡിറ്റര്‍: സഞ്ചാരി ദാസ് മോളിക്, ഡഗഌസ് ബഌഷ്
- കഥ: പ്രിസില്ല ഗോണ്‍സാല്‍വസ്
- ഛായാഗ്രഹണം: കരണ്‍ തപ്ലിഗല്, ക്രിഷ് മഖീജ, ആനന്ദ് ബന്‍സാല്‍,
- കാര്‍ത്തികി ഗോണ്‍സാല്‍വസ്
- മ്യൂസിക്: സ്വവന് ഫോള്കോണര്
- സൗണ്ട് ഡിസൈനര്‍: അന്തോണി ബിജെ റൂബന്‍
- സൂപ്പര്‍വൈസിങ് പ്രൊഡ്യൂസര്‍: മന്ദാകിനി കക്കാര്‍
- അസോസിയേറ്റ് പ്രൊഡ്യൂസര്‍: റൂണഖ് ബജാജ്
- പോസ്റ്റ് പ്രൊഡക്ഷന്‍: മലയാളിയായ അശ്വതി നടുതോണിയാണ് ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനില്‍ പ്രവര്‍ത്തിച്ചത്. സുരറൈ പോട്ര്, മിന്നല്‍ മുരളി, ഉയരെ തുടങ്ങിയ സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
- റീ റെക്കോര്‍ഡിങ് മിക്സര്‍: ലേറന്‍സ് വിഷ്ണു
- സൗണ്ട് ഡിസൈനര്‍: തൃപ്പൂണിത്തുറക്കാരനായ നിഖില്‍ വര്‍മ.
- മലയാളത്തില്‍ സോളമന്റെ തേനീച്ചകള്‍, കുഞ്ഞെല്‍ദോ, തൂഫാന്
- മെയ്ല് എന്നീ ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
- കളറിസ്റ്റ്: മൈക്കിള്‍ റിക്കോസ
- ലൈവ് സൗണ്ട്: ബസ്സില്ലോ കോട്ട്, പ്രദ്യുമ്നാ ചൗരേ, ശ്രേയങ്ക് മഞ്ഞപ്പാ,
- എളങ്കോവന് രഞ്ജപ്പന്, വിധിത് രാമന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: