ന്യൂദല്‍ഹി : കശ്മീരില്‍ സ്ത്രീകള്‍ ലൈംഗിക പീഡനങ്ങള്ക്കിരയാകുന്നുവെന്ന പരാമര്‍ശത്തില്‍ വിശദീകരണം തേടിയെത്തിയ പോലീസിന് മുഖം കൊടുക്കാതെ രാഹുല്‍ ഗാന്ധി. സ്ത്രീകളുടെ വിശദാംശങ്ങള്‍ അറിയിച്ചാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചാണ് പോലീസ് രാഹുലിന്റെ ദല്‍ഹിയിലെ വസതിയില്‍ എത്തിയത്. അവരെ രണ്ട് മണിക്കൂറോളം വീടിന് മുന്നില്‍ നിര്‍ത്തിയെങ്കിലും അവരെ കാണാന്‍ രാഹുല്‍ കൂട്ടാക്കിയില്ല. ശേഷം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
ഭാരത് ജോഡോ യാത്രയ്ക്കിടെ ശ്രീനഗറിലെ പ്രസംഗത്തില്‍ പരാമര്‍ശിച്ച ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 16ന് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികരിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ദല്‍ഹിയിലെ വസതിയില്‍ പോലീസ് നേരിട്ടെത്തിയത്. എന്നാല്‍ കമ്മിഷണര്‍ ഉള്‍പ്പടെയുള്ളവര്‍ രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പോലീസിനെ കാണാന്‍ തയ്യാറായില്ല. തിരക്കാണെന്നും പിന്നീട് മറുപടി നല്‍കാമെന്നും രാഹുല്‍ അറിയിച്ചതിനെ തുടര്‍ന്ന് നോട്ടീസ് കൈമാറി പോലീസ് മടങ്ങി.
രാഹുല്‍ ഗാന്ധിയോട് സംസാരിക്കാനാണ് ഇവിടെ വന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ താന്‍ നിരവധി സ്ത്രീകളെ കണ്ടെന്നും, അവര്‍ ബലാത്സംഗത്തിന് ഇരകളായെന്ന് വെളിപ്പെടുത്തിയെന്നും ജനുവരി 30ന് ശ്രീനഗറില്‍വച്ച് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഇരകള്‍ക്ക് നീതി ഉറപ്പാക്കാനാണ് തങ്ങള്‍ എത്തിയതെന്നും സ്പെഷല്‍ പോലീസ് കമ്മിഷണര്‍ സാഗര്‍ പ്രീത് ഹൂഡ അറിയിച്ചു.
എന്നാല്‍ വിശദാംശങ്ങള്‍ ചോദിച്ചറിയാനായി എത്തിയതാണെന്ന് അറിയിച്ചിട്ടും രാഹുലിന്റെ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പ്രതിഷേധം പ്രകടവം നടത്തി. രാഹുലിനെ ദ്രോഹിക്കാനുള്ള ദല്‍ഹി പോലീസിന്റെ മറ്റൊരു നീക്കമാണ് ഇതെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷമാണ് പോലീസിന് തിരിച്ചു പോകാന്‍ പറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: