ഇരിട്ടി: ആറളം പുനരധിവാസമേഖലയില്‍ ഗൃഹനാഥനെ കാട്ടാന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആറളം പഞ്ചായത്തില്‍ ബിജെപി ഹർത്താൽ ആചരിക്കുന്നു. ബിജെപി ആറളം പഞ്ചായത്ത് കമ്മറ്റിയാണ് ഹർത്താലിന് ആഹ്വനം ചെയ്തത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹർത്താൽ വൈകീട്ട് മൂന്നിന് സമാപിക്കും. വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതോടനുബന്ധിച്ച് പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപി ഇന്ന് കരിദിനമാചരിക്കുകയാണ്.
എന്നും ആദിവാസിപ്രേമം നടിച്ചും പറഞ്ഞും നടക്കുന്ന ഇടതുപക്ഷം ആറളം ഫാമില്‍ കാട്ടാനകള്‍ക്കു മുന്നില്‍ ആദിവാസികള്‍ പിടഞ്ഞു മരിക്കുമ്പോള്‍ സ്ഥിരം വാഗ്ദാനങ്ങളുടെ തിരക്കഥകള്‍ രചിച്ച് ചവിട്ടു നാടകം കളിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.ആര്‍. സുരേഷ് പ്രസ്താവനയില്‍ പറഞ്ഞു. ആറളം ഫാമില്‍ ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ചതിന് ശേഷം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനുള്ളില്‍ കാട്ടാനകളുടെ അക്രമത്തില്‍ ഇവിടെ പൊലിഞ്ഞത് 12 ജീവനുകളാണ്. ഇതില്‍ ഒന്‍പത് പേരും ആദിവാസികളാണ്. ഓരോ മരണം നടക്കുമ്പോഴും പ്രതിഷേധങ്ങള്‍ തണുപ്പിക്കാന്‍ സ്ഥിരം വാഗ്ദാനങ്ങള്‍ നല്‍കി ഇവരെ കബളിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.
കഴിഞ്ഞ സെപ്തംബറില്‍ കാട്ടാന ആക്രമണത്തില്‍ പതിനൊന്നാമനായി വാസു കാളികയം മരിച്ചതിനെത്തുടര്‍ന്ന് ബിജെപി ആറളം ഫാമില്‍ നടത്തിയ രാപ്പകല്‍ സമരം ഇടതുപക്ഷത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുന്നില്‍ സമര പ്രഹസനം നടത്തുകയും ഉടന്‍ ഫാമില്‍ ആനമതില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപനം നടത്തുകയും കീഴ്പ്പള്ളിയില്‍ ആഹഌദപ്രകടനം നടത്തുകയും ചെയ്തിരുന്നു. കേരളത്തിലും ജില്ലാ പഞ്ചായത്തിലും ആറളം ഗ്രാമപഞ്ചായത്തിലും അധികാരത്തില്‍ ഇരിക്കുന്നത് ഇടതുപക്ഷമാണ്. ഇവര്‍ സംസ്ഥാനം ഭരിക്കുന്ന കാലത്താണ് ഫാമില്‍ ഏറ്റവും കൂടുതല്‍ കാട്ടാന അക്രമങ്ങളും മരണവും നടന്നത്. എന്ത് നടപടികള്‍ സ്വീകരിക്കുവാനുമുള്ള അധികാരം കയ്യിലുണ്ടായിട്ടും ജനങ്ങളെയും പാവപ്പെട്ട ആദിവാസികളെയും കബളിപ്പിക്കാനുള്ള ശ്രമമാണ് ഇവര്‍ ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമാമായിരുന്ന എം.വി. ഗോവിന്ദന്‍ മുന്‍പ് മന്ത്രിയായിരുന്നപ്പോള്‍ ആറളം ഫാമിലെത്തി ആനമതിലിനായി വാഗ്ദാനം ചെയ്ത 22 കോടി രൂപ നാല് വര്‍ഷം കഴിഞ്ഞിട്ടും എങ്ങോട്ട് പോയെന്നും എന്ത് ചെയ്തു എന്നും സിപിഎം വ്യക്തമാക്കണമെന്നും എം.ആര്‍. സുരേഷ് ആവശ്യപ്പെട്ടു.
കാട്ടാന അക്രമത്തില്‍ ആറളം ഫാമില്‍ മരണമടഞ്ഞ രഘുവിന്റെ വീടും അക്രമം നടന്ന സ്ഥലവും ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ സജീവന്‍ ആറളം, ബിജെപി സംസ്ഥാന സമിതി അംഗം വി.വി. ചന്ദ്രന്‍, എസ് ടി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി വിനി ഷൈജു, ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി പ്രിജേഷ് അളോറ, മണ്ഡലം സെക്രട്ടറി പ്രശാന്തന്‍ കുമ്പത്തി എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: