Categories: Kerala

കൈക്ക് പൊട്ടലേറ്റെന്നത് കളവെന്ന് എം.വി. ഗോവിന്ദന്‍; പരിക്കില്ലാതെയാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രമ

സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്തയാളെ ചികിത്സയ്ക്കു വിധേയമാക്കിയെങ്കില്‍ അത് ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ്.

Published by

തിരുവനന്തപുരം : നിയമസഭയില്‍വെച്ച് എംഎല്‍എ കെ.കെ. രമയുടെ കൈക്ക് പൊട്ടലേറ്റെന്ന് പറയുന്നത് കളവ്. കൈക്ക് പരിക്കുള്ളതും ഇല്ലാത്തതും ജനങ്ങളെ പ്രകോപിപ്പിക്കാന്‍ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ പാടില്ല. സിപിഎം പ്രതിരോധജാഥ സമാപനവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

കെ.കെ. രമ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടിട്ടുള്ളത്. ഇക്കാര്യം പുറത്തുവന്നിട്ടുള്ള കാര്യമാണ്. ഇത് രാഷ്‌ട്രീയമായി ഉപയോഗിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. 

എന്നാല്‍ പൊട്ടലില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെങ്കില്‍ മറുപടി പറയേണ്ടത് ആരോഗ്യ വകുപ്പാണെന്ന് എംഎല്‍എ കെ.കെ. രമ പറഞ്ഞു. പരിക്കില്ലാതെ പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കണം. സ്വകാര്യവിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രിക്ക് അധികാരമില്ല. അസുഖമില്ലാത്തയാളെ ചികിത്സയ്‌ക്കു വിധേയമാക്കിയെങ്കില്‍ അത് ആശുപത്രി സംവിധാനങ്ങളുടെ വീഴ്ചയാണ്.  

നിയമസഭ പ്രതിഷേധത്തിനിടെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അതില്‍ ഗൂഢാലോചയുള്ളതായി സംശയം ഉണ്ട്. പരിക്കേറ്റ തന്നോട് പ്ലാസ്റ്റര്‍ ഇടാന്‍ നിര്‍ദ്ദേശിച്ചത് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരാണ്. അതേസമയം രമയുടെ കൈക്ക് പരിക്കില്ലെന്നും അവരുടേതെന്ന പേരില്‍ എക്‌സറേ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്നത് തന്റെ എക്‌സറേ ദൃശ്യങ്ങള്‍ ആണെങ്കില്‍ പരിക്കില്ലാത്ത കൈക്ക് പ്ലാസ്റ്റര്‍ ഇട്ടതിന് ഡോക്ടര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കെ.കെ. രമ കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക