ന്യൂദല്‍ഹി : ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കൊച്ചി കോര്പ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍. സര്‍ക്കാരിനെതിരെ 500 കോടി പിഴ ചുമത്തുമെന്ന നിര്‍ദ്ദേശങ്ങള്‍ക്ക് പിന്നാലെയാണിത്. തീപിടിത്തത്തിനെ തുടര്‍ന്ന് കൊച്ചി നഗരത്തിന്റെ അന്തരീക്ഷത്തില്‍ മാകരമായ വിഷ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഈ നടപടി.
ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുമ്പാകെ പിഴത്തുക കെട്ടിവെയ്ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണം. തീ അണയ്ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും പൂര്‍ണപരാജയമാണ്. മാലിന്യ നിര്‍മാര്‍ജനച്ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിച്ചു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
അതേസമയം, ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും കൊച്ചി മേയര്‍ അനില്‍ കുമാര്‍ അറിയിച്ചു. 100 കോടി രൂപ പിഴയടക്കാനുള്ള സാമ്പത്തികശേഷി കൊച്ചി കോര്‍പറേഷനില്ല. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതടക്കമുള്ള എന്‍ജിടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്നാണ് മേയര്‍ പ്രതികരിച്ചത്.
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്നും മോശം ഭരണമാണ് ഈ സ്ഥിതിക്കു കാരണമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. വേണ്ടിവന്നാല്‍ 500 കോടി രൂപ പിഴ വിധിക്കുമെന്ന മുന്നറിയിപ്പും നല്കി. തീപിടിത്ത വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുത്ത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.
കഴിഞ്ഞദിവസത്തെ രണ്ടംഗ ബെഞ്ചിനു പകരം വെള്ളിയാഴ്ച ട്രൈബ്യൂണല്‍ പ്രിന്‍സിപ്പല്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് ആദര്‍ശ് കുമാര്‍ ഗോയല്‍ തന്നെ നേരിട്ടു വിഷയം പരിഗണിച്ചു. വിശദീകരണം എന്തായാലും ഉത്തരവു പാസാക്കുമെന്നും വ്യക്തമാക്കി. കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തെന്നും ഇതനുസരിച്ചുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും കേരളത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന് ജയന്ത് മുത്തുരാജ് വാദിച്ചെങ്കിലും ട്രൈബ്യൂണല്‍ വഴങ്ങിയില്ല. ഹൈക്കോടതി നടപടികളില്‍ ഇടപെടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ഈമാസം 13നു വൈകിട്ടോടെ തീയണച്ചെന്നും നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി വി.വേണു സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
പ്ലാന്റിലെ സ്ഥിതിയും തുടര്‍നടപടികളും വിശദീകരിച്ചിട്ടുണ്ട്. പ്ലാന്റിലേക്ക് എത്തുന്ന ജൈവമാലിന്യത്തിന്റെ തോതു കുറയ്ക്കുക, പ്ലാസ്റ്റിക് മാലിന്യം ബ്രഹ്മപുരത്തേക്ക് അയയ്ക്കാതെ ക്ലീന്‍ കേരള കമ്പനി വഴി ശേഖരിക്കുക, അജൈവ മാലിന്യം വീടുകള്‍ തോറും ശേഖരിക്കുക, കനാലുകളിലെയും ജലാശയങ്ങളിലെയും മാലിന്യം നീക്കുക, അനധികൃതമായി മാലിന്യം തള്ളുന്നത് തടയുക, ഡിജിറ്റല്‍ നിരീക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതായി സത്യവാങ്മൂലത്തിലുണ്ട്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന് ശങ്കറും ഹാജരായിരുന്നു. അതേസമയം ഉത്തരവിനെ കോര്പ്പറേഷന് നിയമപരമായി ചോദ്യം ചെയ്യാന്‍ സാധിക്കും. ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ അപ്പീല്‍ നല്‍കാം. ട്രിബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് നേതൃത്വം നല്കുന്ന ചെയര്‍പേഴ്സണ്‍ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: