ഡോ. സംഗീത റെഡ്ഡി, അന്ന റോയ്
(അപ്പോളോ ആശുപത്രി ജോയിന്റ് എംഡി, ഫിക്കി മുന്‍ പ്രസിഡന്റ്, എംപവര്‍ 20 അധ്യക്ഷ, ഡബ്ല്യുഇപി സ്റ്റിയറിങ് കമ്മിറ്റി സഹ അധ്യക്ഷ എന്നീ നിലകളില്‍ പ്രശസ്തയാണ് സംഗീത റെഡ്ഡി. നിതി ആയോഗിന്റെ മുതിര്‍ന്ന ഉപദേഷ്ടാവും ഡബ്ല്യുഇപി മിഷന് ഡയറക്ടറുമാണ് അന്ന റോയ്.)
വളര്‍ച്ചയിലും സമത്വത്തിലും ഇന്ത്യ ഏറെ പ്രാധാന്യം നല്‍കുന്നത് വനിതാ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കലിനാണ്. 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ഇന്ത്യയുടെ യാത്രയ്ക്കു കുതിപ്പേകാന്‍ കഴിയുന്ന ഉപാധിയാണിത്. ഗാര്‍ഹിക വരുമാനം ഉയര്‍ത്തുന്നതിലും ദാരിദ്ര്യം ഇല്ലാതാക്കുന്നതിലും നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുന്ന ഒന്നാണ് വനിതാ സംരംഭകത്വം. ഒപ്പം 2030ഓടെ ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നേടാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകവുമാണിത്.
സ്ത്രീശക്തിയെ പിന്തുണയ്ക്കുകയെന്ന രാജ്യത്തിന്റെ നയം പല പദ്ധതികളിലും വ്യക്തമാണ്. ദേശീയഗ്രാമീണ ഉപജീവന ദൗത്യം ഗ്രാമീണ മേഖലയിലെ വനിതാ സംരംഭകത്വത്തെ വലിയ രീതിയില്‍ പിന്തുണയ്ക്കുന്നു. 7.5 ദശലക്ഷം സ്വയം സഹായസംഘങ്ങളിലായി 80 ദശലക്ഷം വനിതകളാണ് ഇത്തരം പദ്ധതികളുടെ ഭാഗമായുള്ളത്. മുദ്രാ പദ്ധതി ഇത്തരത്തില്‍ വനിതാ സംരംഭകത്വത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒന്നാണ്. ജിഇഎം പോര്‍ട്ടല്‍ എല്ലാ ഗവണ്മെന്റ് സംഭരണത്തിന്റെയും 3% വനിതാസംരംഭകര്‍ക്കായി നീക്കിവച്ചിരിക്കുന്നു. സ്ത്രീകളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വനിതാ സംരംഭകത്വത്തെ പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്നു നിതി ആയോഗ് നിരീക്ഷിക്കുന്നു. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സഹായകമാകുന്ന ഇത്തരം സംരംഭങ്ങള്‍ സമൂഹത്തിനും ഒപ്പം സാമ്പത്തിക മേഖലയ്ക്കും സഹായകമാകുകയും ചെയ്യുന്നു.
ജി20 അധ്യക്ഷതയില്‍ എട്ട് മുന്‍ഗണനാ മേഖലകള്‍ ഇന്ത്യ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ത്രീകള്‍ നേതൃത്വം നല്കുന്ന വികസന മുന്നേറ്റങ്ങള്‍, പൊതു ഡിജിറ്റല്‍ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പുറമേ, വനിത- ശിശുവികസന മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ജി20 എംപവറിന്റെ (വനിതാശാക്തീകരണത്തിനും സാമ്പത്തിക മേഖലയിലെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുമായുള്ള ജി20 കൂട്ടായ്മ) ഭാഗമായി വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കും. സ്ത്രീകളുടെ വികസനം എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നതിലേക്കാണ് ഈ കൂട്ടായ്മ ലക്ഷ്യമിടുന്നത്. നാം വെല്ലുവിളികള്‍ അവസരങ്ങളാക്കി മാറ്റണം. ഇതിലൂടെ കൂടുതല്‍ വനിതാ ജീവനക്കാര്‍, വനിതാ സംരംഭകത്വം എന്ന ലക്ഷ്യത്തിലേക്ക് എത്താനുള്ള വേഗത വര്‍ധിപ്പിക്കണം. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ വ്യക്തമാക്കുന്നതു പോലെ സ്ത്രീകള്‍ക്കും വനിതാ സംരംഭകത്വത്തിനും ഊന്നല്‍ നല്കുവാനും അവരുടെ മുന്നേറ്റത്തിന് പിന്തുണ നല്‍കാനും രാജ്യത്തിനുള്ളില്‍ നിന്നും ഒപ്പം ആഗോളതലത്തിലും ശ്രമങ്ങളുണ്ടാകണം.
ഡിജിറ്റല്‍ മേഖലയില്‍ പര്യാപ്തത കൈവരിക്കുന്നത് സ്ത്രീകളുടെ സാമ്പത്തിക മേഖലയിലെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് ശക്തമായ സഹായം നല്കുന്ന ഒന്നാണ്. മാത്രമല്ല, പ്രധാന ഓഫീസില്‍ നിന്നു മാറി മറ്റൊരിടത്തുനിന്നു ജോലിചെയ്യുന്നത് പതിവായി മാറുകയും സ്ത്രീതൊഴിലാളികളെ നിയമിക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്ന നിരവധി മേഖലകളുമുണ്ട്. പ്രഖ്യാപനങ്ങള്‍ വാക്കില്‍ നിന്ന് പ്രവൃത്തിയിലേക്ക് എത്തിക്കുന്നതിന് മൂന്ന് മേഖലകള്‍ക്കാണ് ജി20 എംപവര്‍ പ്രാധാന്യം നല്‍കുന്നത്.
വനിതാ സംരംഭകത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുക എന്നതാണ് ഒന്നാമത്തേത്. ഇതിലൂടെ നൈപുണ്യ വികസന മേഖല, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തികം എന്നിവ മെച്ചപ്പെടുത്തി വനിതകള്‍ നേതൃത്വം നല്കുന്ന കൂടുതല്‍ വ്യവസായങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനാകും. പരസ്പര സഹകരണത്തോടെയും ധാരണയോടെയും സ്ത്രീകളെ നേതൃനിരയിലേക്ക് വളര്‍ത്തിക്കൊണ്ടു വരികയെന്നതാണ് രണ്ടാമത്തേത്. സ്ത്രീകളുടെ പൊതുപ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. പൊതുസൗകര്യങ്ങളില്‍ ഇടപെടാനുള്ള അവസരം സ്ത്രീകള്‍ക്ക് കൈവരുന്നതിലൂടെ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്താനാകും. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിലൂടെ സ്ത്രീകളെ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉന്നത സ്ഥാനങ്ങളില്‍ എത്തിക്കുകയെന്നതാണ് മൂന്നാമത്തേത്.
അറിവിലുള്ള അന്തരം കുറയ്ക്കുന്നതിനുള്ള പ്രധാന മാര്‍ഗമാണ് വനിതാ സംഭരംഭകത്വ വേദി (ഡബ്ല്യുഇപി). വിദ്യാഭ്യാസ യോഗ്യത നേടുന്നതിലും അവിടെ നിന്ന് തൊഴില്‍ മേഖലയിലേക്ക് കടക്കുന്നതിലും വലിയ മുന്നേറ്റമാണ് ഇന്ത്യയിലെ സ്ത്രീകളും പെണ്‍കുട്ടികളും നടത്തുന്നത്. സംരംഭകത്വത്തിന് വലിയ പ്രാധാന്യം നല്കി 2030ഓടെ 55 ദശലക്ഷം വനിതകള്‍ കൂടി തൊഴില്‍ മേഖലയിലേക്ക് കടന്നുവരുന്നതിനുവേണ്ട സംവിധാനങ്ങളാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
2017ല്‍ നടന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ പ്രഖ്യാപിച്ച ഡബ്ല്യുഇപി എന്ന ആശയം നിതി ആയോഗിലൂടെയാണ് ഉടലെടുത്തത്. വനിതാ സംരംഭകര്‍ക്ക് പിന്തുണയേകുന്ന പൊതു സ്വകാര്യ കൂട്ടായ്മയുടെ തിളങ്ങുന്ന ഉദഹരണമായി ഡബ്ല്യുഇപി മാറിക്കഴിഞ്ഞു. വനിതാ സംരംഭകര്‍ക്ക് ബോധവല്‍ക്കരണം, പരിശീലന പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കുകയാണ് ഈ വേദി പ്രധാനമായും ചെയ്യുന്നത്. വനിതാ സംരംഭകര്‍ക്ക് അവരുടെ വിപണന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനും ഒപ്പം സാങ്കേതിക മേഖലയില്‍ അറിവ് നേടി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പിന്തുണയും നല്കി വരുന്നു. ഇന്ത്യ ജി20 അധ്യക്ഷതവഹിക്കുന്ന ഈ വര്‍ഷം രാജ്യങ്ങള്‍, ജനം, സംരംഭങ്ങള്‍ എന്നിവയുടെ മികച്ച സഹകരണത്തിന് ലോകം സാക്ഷ്യം വഹിക്കും. സമൃദ്ധമായ സമൂഹങ്ങളുടെയും സമ്പദ്വ്യവസ്ഥകളുടെയും വഴികാട്ടിയായി ഉയര്‍ന്നുവരുന്ന ഇന്ത്യയുടെ സ്ത്രീശക്തിയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരമായും ഇത് മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: