ആസ്ട്രേലിയയിലെ സിഡ്നി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഏജന്‍സിയായ ഐഇഎഫ് ലോകത്തെ കൊടുംഭീകരസംഘടനകളുടെ കണക്കെടുത്തപ്പോള്‍ അതില്‍ ഇന്ത്യയിലെ ഒരു മാവോയിസ്റ്റ് സംഘടന ഉള്‍പ്പെട്ടത് പല നിലയ്ക്കും അതീവ ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. ഛത്തീസ്ഗഢിലും ഝാര്‍ഖണ്ഡിലും ബീഹാറിലുമൊക്കെ വന്‍ ആക്രമണങ്ങള്‍ നടത്തുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റ് എന്ന സംഘടനയാണിത്. ലോകത്ത് ഏറ്റവും മാരകമായ ആക്രമണങ്ങള്‍ നടത്തുന്നവയുടെ പട്ടികയില്‍ ഇടംപിടിച്ച ഈ സംഘടന 2022 ല്‍ മാത്രം 61 ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഐഇഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസ്, അല്‍ ഷബാബ്, ബൊക്കോഹറാം, പാക്കിസ്ഥാനിലെ തെഹ്രിക്-ഇ-താലിബാന് തുടങ്ങിയ 20 കൊടും ഭീകര സംഘടനകളുടെ നിരയിലാണ് ഈ മാവോയിസ്റ്റ് സംഘടനയെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ആദ്യമായല്ല അന്താരാഷ്ട്രതലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റിനെ ഭീകരസംഘടനയായി പരിഗണിക്കുന്നത്. 2019 ല്‍ അമേരിക്കയുടെ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ലോകത്തെ മാരകമായ ഭീകരസംഘടനകളില്‍ ആറാമത്തേതാണ് ഈ സംഘടനയെന്ന് കുറ്റപ്പെടുത്തിയിരുന്നു. തൊട്ടുതലേവര്‍ഷം അമേരിക്കന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ വലിപ്പംകൊണ്ട് ലോകത്തെ നാലാമത്തെ ഭീകരസംഘടനയാണിതെന്ന് പറഞ്ഞിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് 20 കൊടുംഭീകരസംഘടനകളുടെ ഐഇഎഫ് പട്ടികയില്‍ പന്ത്രണ്ടാമതായി ഈ മാവോയിസ്റ്റ് സംഘടന വന്നിരിക്കുന്നത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് ഭീകരസംഘടനകളില്‍ ഒന്നു മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റ്. സമാനരീതിയില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വേറെയും മാവോയിസ്റ്റ് സംഘടനകളുണ്ട്.
ഐഇഎഫിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഒരു വിവാദത്തിനും ഇടയാക്കി. പട്ടികയില്‍ മാവോയിസ്റ്റ് സംഘടനയുടെ പേര് പറഞ്ഞത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ്. മാവോയിസ്റ്റ് എന്നത് വിട്ടുപോയി. ഏത് സംഘടനയെയാണ് ഉദ്ദേശിക്കുന്നതെന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന് പൊതുവെ അറിയപ്പെടുന്നത് രാഷ്ട്രീയപാര്‍ട്ടിയായ സിപിഐ ആണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടര്‍ച്ച. സിപിഎമ്മും കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയാണ്. പേരിനൊപ്പം മാര്‍ക്സിസ്റ്റ് എന്നുകൂടി ഉണ്ടെന്നുമാത്രം. അന്താരാഷ്ട്ര ഏജന്‍സി ലോകത്തെ ഭീകരസംഘടനകളില്‍ ഉള്‍പ്പെടുത്തിയത് മാര്‍ക്സിസ്റ്റ് പാര്ട്ടിയെയാണെന്ന മട്ടില്‍ സമൂഹമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണം നടന്നു. ചില ചാനലുകളിലും കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നു വന്നത് ആശയക്കുഴപ്പമുണ്ടാക്കി. സിപിഐയെയും സിപിഎമ്മിനെയുമൊക്കെ ഭീകരസംഘടനകളില്പ്പെടുത്താമോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഇതിന്റെ തുടര്‍ച്ചയായി നടന്നു. ഇക്കാര്യത്തില്‍ വ്യക്തത തേടി ചിലര്‍ ഐഇഎഫിനെ ബന്ധപ്പെട്ടതിനെത്തുടര്‍ന്ന് ഉദ്ദേശിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ-മാവോയിസ്റ്റാണെന്ന് അന്താരാഷ്ട്ര ഏജന്‍സി വ്യക്തത വരുത്തി. റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഉദ്ദേശിച്ചത് മാവോയിസ്റ്റ് സംഘടനയെയാണെന്നും അത് സംബന്ധിച്ച വിവരശേഖരണത്തില്‍ വന്ന അശ്രദ്ധയാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും ഏജന്‍സി വിശദമാക്കുകയും ചെയ്തു. എന്നാല്‍ രസകരമായ ഒരു കാര്യം തങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും അതിനെക്കുറിച്ച് സിപിഐയും സിപിഎമ്മും നിശ്ശബ്ദത പാലിച്ചതാണ്.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നതെങ്കിലും പ്രതിക്കൂട്ടില്‍ കയറിയത് സിപിഎമ്മാണ്. സിപിഎം ഭീകരസംഘടനയാണെന്ന മട്ടിലാണ് കേരളത്തിലെ സമൂഹമാധ്യമചര്ച്ച പുരോഗമിച്ചത്. ഇത് സ്വാഭാവികമാണ്. രാഷ്ട്രീയപാര്‍ട്ടിയാണെങ്കിലും ഭീകരസംഘടനയെപ്പോലെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. അവര്‍ അടിക്കടി നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും ലഹരിക്കടത്തുമൊക്കെ ഇങ്ങനെയൊരു ധാരണ ജനങ്ങളില്‍ സൃഷ്ടിച്ചിട്ടുണ്ട്. കെ.ടി. ജയകൃഷ്ണന് മാസ്റ്ററുടെയും ടി.പി. ചന്ദ്രശേഖരന്റെയുമൊക്കെ കൊലപാതകങ്ങള്‍ സിപിഎം നടത്തിയ ഭീകരാക്രമണങ്ങള്തന്നെയായിരുന്നു. ഇതിന്റെ ഭയം ഇപ്പോഴും ജനങ്ങളുടെ മനസ്സില്‍ തങ്ങിനില്ക്കുകയാണ്. അടുത്തിടെയാണല്ലോ ജയകൃഷ്ണന് മാസ്റ്ററുടെ അരുംകൊല നേരില്‍ കണ്ടതിന്റെ ഫലമായി മാനസികനില തെറ്റിയ ഒരു യുവതി ആത്മഹത്യയില്‍ അഭയം തേടിയത്. ഇസ്ലാമിക ഭീകരസംഘടനകള്‍ ജനങ്ങളെ കൂട്ടക്കൊല ചെയ്യുന്ന തങ്ങളുടെ ചാവേറുകളെ വാഴ്ത്തുന്നതുപോലെയായിരുന്നു ജയകൃഷ്ണന് മാസ്റ്ററുടെ കൊലപാതകികളെ സിപിഎം മഹത്വവല്‍ക്കരിച്ചത്. അതുകൊണ്ട് ഭീകരരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ അന്താരാഷ്ട്ര ഏജന്‍സി തെറ്റിദ്ധരിച്ചുവെങ്കിലും സിപിഎം ഭീകരസ്വഭാവമുള്ള സംഘടനയാണെന്ന ശരിയായ ധാരണ ജനങ്ങള്‍ക്കുണ്ടെന്നാണ് മനസ്സിലാക്കേണ്ടത്. തന്നെയുമല്ല ഇപ്പോള്‍ ഭീകരസംഘടനകളായി പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുമായി സിപിഎമ്മും സിപിഐയുമൊക്കെ കൂട്ടുചേരില്ലെന്ന് പറയാനുമാവില്ല. ബീഹാറില്‍ ഒരു മാവോയിസ്റ്റ് സംഘടനയുമായി സഖ്യമുണ്ടാക്കുകയും മത്സരിക്കുകയും ചെയ്തതാണല്ലോ. എന്തായിരുന്നാലും സിപിഎമ്മിനെക്കുറിച്ച് ജനങ്ങളില്‍ ഒരു ജാഗ്രതയുണ്ടാക്കാന്‍ ഐഇഎഫ് റിപ്പോര്‍ട്ടിന് കഴിഞ്ഞത് സ്വാഗതാര്‍ഹമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: