കൊച്ചി : മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പരാതി നല്കി സിപിഎം. സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും എം വി ഗോവിന്ദനും എതിരായ അപവാദ പ്രചരണങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാണ് ഇതില്‍ ആവശ്യപ്പെടുന്നത്. ആരോപണങ്ങളില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പരാതി നല്‍കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് കഴിഞ്ഞ ദിവസം ചോദിച്ചതിന് പിന്നാലെയാണ് സിപിഎം ഏരിയ സെക്രട്ടറി പരാതി നല്‍കിയിരിക്കുന്നത്.
സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഢാലോചന നടത്തിയാണ് വീഡിയോ തയ്യാറാക്കിയത്. വീഡിയോയിലെ സംഭാഷണം പുറത്ത് വിടാതിരിക്കുന്നത് ദുരൂഹമാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയേയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഢാലോചന നടന്നുവെന്നും വ്യാജ രേഖ ചമ്മച്ചതാണെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. അതേസമയം സ്വപ്ന ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
എന്നാല്‍ പരാതില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. എഫ്ഐആര്‍ എടുക്കുന്നത് സംബന്ധിച്ച് ചില നിയമോപദേശം ലഭിക്കേണ്ടതുണ്ടെന്നാണ് പോലീസിന്റെ പ്രതികരണം. പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള വഴി എം.വി. ഗോവിന്ദന് 30 കോടി വാഗ്ദാനം ചെയ്തെന്ന സ്വപ്നയുടെ ആരോപണത്തിന് പിറകില്‍ ഗൂഢാലോചനയുണ്ട്. എഫ്ഐആര്‍ എടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സ്വപ്നയ്ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സ്വപ്നയുടെ പരാമര്‍ശം അപകീര്‍ത്തി ഉണ്ടാക്കിയെന്നും ആരോപണം പിന്‍വലിച്ച് സ്വപ്ന മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നുമാണ് എം.വി. ഗോവിന്ദന് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: