തൃശൂര്‍: വേനല്‍ കടുത്തതോടെ നഗരത്തില്‍ കുടിവെള്ളക്ഷാമം രൂക്ഷം. വിയ്യൂര്‍, വടൂക്കര, കൂര്‍ക്കഞ്ചേരി, നെല്ലങ്കര, മണ്ണുത്തി തുടങ്ങി നഗരത്തിലെ പല ഭാഗത്തും കുടിവെള്ളം കിട്ടാക്കനിയായി. ടാങ്കര്‍ ലോറികളില്‍ ജലവിതരണം തുടങ്ങാന്‍ വൈകുന്നത് മൂലം പ്രദേശവാസികള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
കോര്‍പറേഷന്‍ അധികൃതരുടെ അലംഭാവം മൂലം ഇത്തവണ കുടിവെള്ളക്ഷാമം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തുകയാണ് പതിവ്.
എന്നാല്‍ കുടിവെള്ളമെടുക്കുന്ന ജലസ്രോതസ്സുകള്‍ പലതും മലിനമായിക്കിടക്കുന്നു. കുടിവെള്ളമെടുക്കുന്നതിന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന തൃശൂര്‍ ശക്തന്‍ ഫയര്‍ സ്റ്റേഷനു സമീപത്തെ കിണറിലെ വെള്ളം മലിനമാണ്. വാട്ടര്‍ അതോറ്റി നടത്തിയ പരിശോധനത്തിലാണ് ശക്തനിലെ വെള്ളത്തില്‍ കോളിഫോമിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്.
കുടിവെള്ളത്തിനുള്ള പ്രധാന ജലസ്രോതസ്സായ പെരിങ്ങാവ് വാട്ടര്‍ വര്‍ക്സിലെ വലിയ കുളവും വൃത്തിഹീനമായിക്കിടക്കുന്നു. 2018-ലെ പ്രളയത്തിന് ശേഷം കുളത്തില്‍ മാലിന്യം അടിഞ്ഞുകൂടിക്കിടക്കുന്നു. ജലക്ഷാമം മുന്‍കൂട്ടി കണ്ട് പ്രധാന ജലസ്രോതസ്സുകള്‍ യഥാസമയം ശുചീകരിക്കാന്‍ കോര്‍പറേഷന്‍ വൈകിയത് വലിയ വീഴ്ചയായി. വില്ലടത്തുനിന്നും, ഒല്ലൂക്കരയില്‍ നിന്നും കുടിവെള്ളമെത്തിക്കാനാണിപ്പോള്‍ ശ്രമം. നെല്ലങ്കര വൈലോപ്പിള്ളി നഗറിലും കൂര്‍ക്കഞ്ചേരി കാഞ്ഞരങ്ങാടിയിലും, വടൂക്കര മങ്ങാട് ലെയിനിലും മറ്റും കിണറുകള്‍ വറ്റി. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം വൈകുന്നതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: