ഹരിയാനയിലെ പാനിപ്പത്തില്‍ സമാപിച്ച ആര്‍എസ്എസ് അഖിലഭാരതീയ പ്രതിനിധിസഭ പതിവുപോലെ അതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ പ്രാധാന്യംകൊണ്ടും സംഘടനാപരമായ പ്രഖ്യാപനങ്ങള്‍കൊണ്ടും ആശയപരമായ കാര്യങ്ങളിലെ സുതാര്യതകൊണ്ടും നയനിലപാടുകളിലെ കൃത്യതകൊണ്ടും ശ്രദ്ധേയമായി. സംഘടനയുടെ ശതാബ്ദി വാര്‍ഷികത്തിന് മുന്‍പായി പ്രവര്‍ത്തനത്തില്‍ വലിയൊരു മുന്നേറ്റം സൃഷ്ടിച്ച് രണ്ട് വര്‍ഷത്തിനകം രാജ്യത്ത് ശാഖകളുടെ എണ്ണം ഒരുലക്ഷമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന പ്രഖ്യാപനം വളരെ പ്രാധാന്യമര്‍ഹിക്കുന്നു. ഇപ്പോള്‍ ആര്‍എസ്എസിന്റെ വിവിധ രൂപത്തിലുള്ള ശാഖാപ്രവര്‍ത്തനമുള്ളത് 71000 ലേറെ പ്രദേശങ്ങളിലാണ്. വെബ്സൈറ്റിലെ ജോയിന്‍ ആര്‍എസ്എസ് ക്യാമ്പെയിന് വഴി ആറുവര്‍ഷത്തിനിടെ സംഘടനയില്‍ ചേരാന്‍ ഏഴ് ലക്ഷത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. മുപ്പത് വയസ്സില്‍ താഴെയുള്ള യുവാക്കളാണിവര്‍. ഈ പശ്ചാത്തലത്തില്‍ 2025 ആകുമ്പോള്‍ ശാഖകളുടെ എണ്ണം ഒരുലക്ഷമാക്കുകയെന്ന ലക്ഷ്യം ശക്തമായ പ്രവര്‍ത്തനത്തിലൂടെ സ്വാഭാവികമായി കൈവരിക്കാനാവും. ശാഖകളില്‍ 60 ശതമാനവും വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതാണ്. പത്ത് ശതമാനത്തില്‍ മുതിര്‍ന്ന പൗരന്മാരും പങ്കെടുക്കുന്നു. മുപ്പത് ശതമാനം ശാഖകളില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ് പങ്കെടുക്കുന്നത്. ഇതില്‍നിന്ന് സംഘടനയുടെ അടിത്തറയുടെ ശക്തിയും വളര്‍ച്ചയുടെ ഗ്രാഫും വ്യക്തമാവുന്നുണ്ട്. രാജ്യമാകെ പ്രവര്‍ത്തന സൗകര്യത്തിനായി വേര്‍തിരിച്ചിട്ടുള്ള 900 ലേറെ ജില്ലകളില്‍ എല്ലാറ്റിലും പ്രവര്‍ത്തനമുണ്ട് എന്നത് ആര്‍എസ്എസിന്റെ സംഘടനാപരമായ വ്യാപ്തിക്ക് തെളിവാണ്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം പല മേഖലകളിലും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച നമ്മുടെ രാഷ്ട്രം ഇന്ന് ലോകത്തെ മുന്‍നിര സമ്പദ്വ്യവസ്ഥകളിലൊന്നായി ഉയര്‍ന്നുവരികയാണെന്ന് അഖിലഭാരതീയ പ്രതിനിധി സഭ അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ ജനവിഭാഗങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളുടെ പൂര്‍ത്തീകരണം, സമഗ്ര വികസനത്തിനുള്ള അവസരങ്ങള്‍, സാങ്കേതിക വിദ്യയുടെ വിവേകപൂര്‍ണമായ ഉപയോഗം, പരിസ്ഥിതി സൗഹൃദ വികസനവും ആധുനികവല്‍ക്കരണവും എന്നീ വെല്ലുവിളികളെ ഭാരതീയ സങ്കല്‍പ്പത്തില്‍ അധിഷ്ഠിതമായ പുത്തന്‍ മാതൃകകള്‍ സൃഷ്ടിച്ച് അതിജീവിക്കേണ്ടതുണ്ടെന്ന് പ്രതിനിധി സഭ അഭിപ്രായപ്പെടുന്നു. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് വൈദേശിക ഭരണത്തില്‍ നിന്നുള്ള മോചനത്തിന് സ്വാതന്ത്ര്യസമരകാലത്തെ സമര്‍പ്പണഭാവം അത്യന്താപേക്ഷിതമാണെന്ന് ജനങ്ങളെ ഓര്‍മപ്പെടുത്തുന്നു. ഈ കാഴ്ചപ്പാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തില്‍ നല്കിയ പഞ്ചപ്രാണന്‍ അഥവാ അഞ്ച് ദൃഢനിശ്ചയങ്ങള്‍ മഹത്വപൂര്‍ണമാണെന്നു പറഞ്ഞുകൊണ്ടുതന്നെ, തനിമയിലൂന്നിയ ഭാരതത്തിന്റെ പുനരുത്ഥാനം ലോകത്തെ ചില ശക്തികള്‍ അംഗീകരിക്കാത്ത കാര്യവും എടുത്തുകാട്ടുന്നു. ഹിന്ദുവിരുദ്ധശക്തികള്‍ സമൂഹത്തില്‍ അവിശ്വാസവും അരാജകത്തവും രാജ്യത്തെ സംവിധാനങ്ങളോട് അവമതിപ്പും സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളില്‍ ഏര്‍പ്പെടുന്നതിനെ ജാഗ്രതയോടെ കാണണമെന്നും, അവയെ പരാജയപ്പെടുത്തണമെന്നും പ്രമേയം ആഹ്വാനം ചെയ്യുന്നു.
സമീപകാലത്ത് മാധ്യമചര്‍ച്ചകളില്‍ ഇടംപിടിച്ച ചില പ്രശ്നങ്ങളില്‍ ആര്‍എസ്എസിന്റെ നിലപാട് എന്താണെന്ന് പ്രതിനിധിസഭ സുവ്യക്തമായി പറയുകയുണ്ടായി. ജാതിയുടെയും ഭാഷയുടെയും പേരില്‍ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്നു പറഞ്ഞ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, ജാതി ഉണ്ടാക്കിയത് ദൈവമല്ല, മനുഷ്യരാണെന്നും, തൊട്ടുകൂടായ്മ രാജ്യത്തുനിന്ന് പൂര്‍ണമായി തുടച്ചുനീക്കണമെന്നും ആവശ്യപ്പെട്ടത് മുന്‍വിധികള്‍ പ്രചരിപ്പിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. സ്വവര്‍ഗവിവാഹം അനുവദനീയമല്ലെന്നും ഹിന്ദു ജീവിത ദര്‍ശനമനുസരിച്ച് വിവാഹമെന്നത് ഒരു കരാറല്ല, സ്ത്രീയും പുരുഷനും കുടുംബത്തിനായും സമൂഹത്തിനായും ഒത്തുചേരുന്നതാണെന്നുമുള്ള കാഴ്ച്ചപ്പാടാണ് ആര്‍എസ്എസിനുള്ളതെന്ന് വ്യക്തമാക്കുകയുമുണ്ടായി. ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങളുമായി സംഘം നടത്തുന്ന കൂടിക്കാഴ്ചകള്‍ പുതിയ കാര്യമല്ലെന്നും, ആരുമായും ഇത്തരം ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും സര്‍കാര്യവാഹ് പറഞ്ഞത് വിവാദം കുത്തിപ്പൊക്കുന്നവര്‍ക്കുള്ള മറുപടിയാണ്. വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയെ അപമാനിക്കുന്നത് ചിലരുടെ രാഷ്ട്രീയ അജണ്ടയാണെന്നും, പൗരന്റെ മൗലികാവകാശങ്ങള്‍ മുഴുവന്‍ നിരോധിച്ച് അടിയന്തരാവസ്ഥകൊണ്ടുവന്ന കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയുകയാണ് വേണ്ടതെന്നും സര്‍കാര്യവാഹ് മാധ്യമങ്ങളോട് പ്രതികരിച്ചുകൊണ്ടു പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്നും, നൂറ്റാണ്ടുകളായി അത് അങ്ങനെയാണെന്നുള്ള സംഘത്തിന്റെ എക്കാലത്തെയും നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു. ചുരുക്കത്തില്‍ ജനങ്ങളെ ഒന്നായി കാണുകയും രാജ്യത്തിന്റെ പുരോഗതിക്ക് അവര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നുമുള്ള ആര്‍എസ്എസിന്റെ വിചാരധാരയെ പിന്‍പറ്റുന്ന നിലപാടുകളും തീരുമാനങ്ങളും പ്രഖ്യാപനങ്ങളുമാണ് പാനിപ്പത്തിലെ അഖിലഭാരതീയ പ്രതിനിധിസഭയില്‍നിന്ന് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: